Editorial
കെജ്‌രിവാളിന്റെ മാത്രം പ്രശ്‌നമല്ല ആ ബില്‍

ഇന്ത്യ ഒരു ജനാധിപത്യ, ഫെഡറല്‍ രാജ്യമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നിരാശയിലാഴ്ത്തുന്ന ബില്ലാണ് കഴിഞ്ഞ ദിവസം ലോക്‌സഭ പാസ്സാക്കിയത്. അത് ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന് വന്‍ തിരിച്ചടിയാണെന്നും എ എ പി- ബി ജെ പി പോരിന്റെ ഉത്പന്നമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡല്‍ഹിക്കുമേല്‍ കേന്ദ്ര സര്‍ക്കാറിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ (ദി ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (അമന്‍ഡ്‌മെന്റ്) ബില്‍ ആണ് ലോക്‌സഭ പാസ്സാക്കിയത്. തീര്‍ച്ചയായും ഇതില്‍ കക്ഷി രാഷ്ട്രീയ വടംവലിയുടെയും പകപോക്കലിന്റെയും തലമുണ്ട്. ആം ആദ്മി അധികാരമേറ്റത് മുതല്‍ ബി ജെ പി അലോസരം സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയാണ്. സമ്പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയിലെ ക്രമസമാധാനമടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രം നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരത്തിലാണ്. ഇങ്ങനെ നിയമപരമായി ലഫ്. ഗവര്‍ണര്‍ക്ക് കൈവന്ന അധികാരങ്ങള്‍ പ്രയോഗിക്കുന്നതിന് പകരം കൂടുതല്‍ മേഖലകളിലേക്ക് കടന്നു കയറാനും എ എ പി സര്‍ക്കാറിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും കേന്ദ്രം തുനിഞ്ഞിറങ്ങുകയായിരുന്നു. തര്‍ക്കം പലപ്പോഴും കോടതി കയറുകയും ചെയ്തു.
മിക്ക ഘട്ടങ്ങളിലും ലഫ്. ഗവര്‍ണര്‍ക്കായിരുന്നു തോല്‍വി. ഈ തോല്‍വികള്‍ക്ക് പകരം ചോദിക്കാന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ആ കാത്തിരിപ്പാണ് ലോക്‌സഭ പാസ്സാക്കിയ നിയമത്തിലൂടെ അവസാനിച്ചിരിക്കുന്നത്. കെജ്‌രിവാള്‍ സര്‍ക്കാറിന് മേല്‍ ലഫ്. ഗവര്‍ണറുടെ അധികാരം ഊട്ടിയുറപ്പിക്കുന്നതാണ് ഭേദഗതി നിയമം. ആ അര്‍ഥത്തില്‍ ബില്ല് എ എ പി- ബി ജെ പി തര്‍ക്കത്തിന്റെ ഫലം തന്നെയാണ്. എന്നാല്‍ അത്ര ചെറിയ വൃത്തത്തില്‍ ഒതുക്കാവുന്ന ഒന്നല്ല ഈ നിയമ നിര്‍മാണം. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ ഈ ബില്ല് പഴുതൊരുക്കും. അതുകൊണ്ട്, കെജ്‌രിവാളിന്റെ മാത്രം പ്രശ്‌നമല്ലിത്.
ബില്‍ രാജ്യസഭ കൂടി കടക്കുന്നതോടെ നിയമമായി മാറും. രാജ്യസഭയില്‍ പ്രതിപക്ഷം ശിഥിലമായതിനാല്‍ ഏത് ബില്ലും പാസ്സാകുന്ന സ്ഥിതിയാണല്ലോ. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്. ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ബില്‍. കഴിഞ്ഞയാഴ്ചയാണ് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാറും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി ഇടപെട്ട് മൂന്ന് വര്‍ഷത്തിനകമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്. ഡല്‍ഹി സര്‍ക്കാറിന്റെയും ലഫ്. ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്ന ബില്ലാണ് ഇതെന്ന് കെജ്‌രിവാള്‍ ആരോപിക്കുന്നു. ജനങ്ങള്‍ വോട്ട്‌ചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ക്ക് നല്‍കുന്നതാണ് ലോക്‌സഭ പാസ്സാക്കിയ ബില്‍. ബി ജെ പി ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ഡല്‍ഹി സര്‍ക്കാര്‍ ഏത് നടപടി സ്വീകരിക്കുമ്പോഴും ലഫ്. ഗവര്‍ണറുടെ അഭിപ്രായം ആരായണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഡല്‍ഹി മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണറെ അറിയിക്കണമെന്നത് നേരത്തേയുള്ള കീഴ് വഴക്കമാണ്. എന്നാല്‍ പോലീസ്, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് 2018ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചിരുന്നു. ലഫ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനാകില്ലെന്നും മന്ത്രിസഭയുടെ ഉപദേശങ്ങള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും സര്‍ക്കാറും ലഫ്. ഗവര്‍ണറും തമ്മിലുള്ള ഭിന്നതകള്‍ രാഷ്ട്രപതിക്ക് വിടണമെന്നും സുപ്രീം കോടതി ആ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ഒരു അധികാരവും ലഫ്. ഗവര്‍ണര്‍ക്കില്ല. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് മാത്രമേ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാകുകയുള്ളൂ. രാഷ്ട്രപതിയുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ മന്ത്രിസഭയോട് നിര്‍ദേശിക്കുകയുമാകാം. പരമോന്നത കോടതിയുടെ വിധി എത്ര കൃത്യമാണെന്ന് നോക്കൂ. 2018ലെ ഈ വിധിക്ക് മുമ്പ് നജീബ് ജംഗുമായും പിന്നീട് വന്ന ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലുമായും രൂക്ഷമായ ഏറ്റുമുട്ടലാണ് കെജ്‌രിവാള്‍ സര്‍ക്കാറിന് നടത്തേണ്ടിവന്നത്. ഏത് തീരുമാനത്തിനും ബൈജാല്‍ ഉടക്ക് വെക്കുന്ന സ്ഥിതിയായപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് സമരം ചെയ്യേണ്ടി വന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ തീര്‍പ്പോടെ പുതുച്ചേരിയിലടക്കം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍മാര്‍ അവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ക്ക് വിധേയപ്പെട്ടിരിക്കണമെന്ന് വ്യക്തമാകുകയായിരുന്നു.
ഫെഡറലിസം പടിപടിയായി ദുര്‍ബലപ്പെടുത്തി ഒരു കേന്ദ്രീകൃത ഭരണ സംവിധാനം കൊണ്ടുവരണമെന്നതാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ ഇംഗിതം. അതിന് ഭരണഘടനയും കോടതി വിധികളും തടസ്സമാണെങ്കില്‍ തങ്ങള്‍ക്ക് കരഗതമായ ഭൂരിപക്ഷം ഉപയോഗിച്ച് നിയമനിര്‍മാണങ്ങള്‍ നടത്തി അത് മറികടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഇതിന്റെ നിദര്‍ശനമാണല്ലോ. ഒരു രാജ്യം ഒരു നികുതി മാതൃകയിലുള്ള എല്ലാ പരിഷ്‌കാരങ്ങളും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നവയാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവും വന്നു കഴിഞ്ഞു. ധന ഉത്തരവാദിത്വ നിയമം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം കവര്‍ന്നെടുത്തിരിക്കുന്നു. എന്തും മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ്. ഈ നയത്തിന്റെ ഭാഗമായി വേണം ജി എന്‍ സി ടി ഡി ഭേദഗതി നിയമത്തെ കാണാന്‍. ഏതായാലും ഈ നിയമനിര്‍മാണത്തെ രൂക്ഷമായി വിമര്‍ശിച്ച് കെജ്‌രിവാളിന് രംഗത്ത് വരേണ്ടി വന്നത് ചരിത്രത്തിന്റെ വല്ലാത്ത പകരം വീട്ടലായിപ്പോയി. കശ്മീര്‍ വിഭജിച്ചപ്പോള്‍ അത് ശരിയായ തീരുമാനമെന്ന് വാഴ്ത്താന്‍ മുമ്പില്‍ നിന്നത് ഇതേ കെജ്‌രിവാളായിരുന്നു.