Connect with us

Kerala

സിറാജ് മാനേജ്മെന്റ് നിയമ നടപടിക്ക്; ശ്രീറാം വെങ്കിട്ടരാമന്‍ എഗ്മൂറില്‍ തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയേറ്റു

Published

|

Last Updated

തിരുവനന്തപുരം |  തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ ലംഘിച്ച് നിരീക്ഷണ ചുമതല നല്‍കിയ ക്രമിനല്‍ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് തമിഴ്നാട്ടിലെ എഗ്മൂറില്‍ തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതല ഏറ്റെടുത്ത സാഹചര്യത്തില്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിറാജ് മാനേജ്മെന്റ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിറാജ് പ്രതിനിധി എ സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി പി ജോയി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ഇന്നാണ് ശ്രീറാം എഗ്മൂറില്‍ ചുമതലയേറ്റത്. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സര രംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇത്തരം ചുമതലകളിലേക്ക് നിയോഗിക്കാന്‍ പാടില്ലെന്ന കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം മറികടന്നാണ് ശ്രീറാമിന്റെ നിയമനം. ഓരോ സംസ്ഥാന കേഡറിലുള്ള കളങ്കരഹിതരായ ഉദ്യോഗസ്ഥരെ അതത് സംസ്ഥാന ചീഫ് സെക്രട്ടറിമാരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്യേണ്ടതെന്നതിനാല്‍ ഇക്കാര്യത്തില്‍ ചീഫ്സെക്രട്ടറിക്ക് വീഴ്ചപറ്റിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.

സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പൊതമുതല്‍ നശിപ്പിക്കള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കഴിഞ്ഞയാഴ്ച സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്ത കേസില്‍ ഒന്നം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.