Connect with us

Career Education

ഒഴിഞ്ഞുകിടക്കുന്നത് 50 ശതമാനം സംവരണ തസ്തികകൾ; ഏറ്റവും കൂടുതൽ റെയിൽവേ, ആഭ്യന്തരം മന്ത്രാലയങ്ങളിൽ

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര സർക്കാറിന്റെ പത്ത് മന്ത്രാലയങ്ങളിലെ 50 ശതമാനത്തോളം സംവരണ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പാർലിമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി, എസ് സി , എസ് ടി വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി സംവരണം ചെയ്യപ്പെട്ട സംവരണ തസ്തികകൾ കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളിൽ നികത്താതെ ഒഴിഞ്ഞു കിടക്കുന്നു. പേഴ്‌സനൽ ആൻഡ് ലോ സ്റ്റാൻഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം പാർലിമെന്റിൽ വെച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റെയിൽവേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളിലാണ് ഏറ്റവും കൂടുതൽ സംവരണ ഒഴിവുകൾ നികത്താതെ കിടക്കുന്നത്. രണ്ട് മന്ത്രാലയങ്ങളിൽ മാത്രം 50 ശതമാനത്തിലധികം സംവരണ തസ്തികകൾ നികത്താതെ കിടക്കുന്നുണ്ട്. റെയിൽവേയിൽ ഒ ബി സി, എസ് സി, എസ് ടി സംവരണ തസ്തികകൾ 29,541 ആണ് . ഇതിൽ 17,769 തസ്തികകൾ നികത്തിയിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മേഖലകളിലെ സംവരണ തസ്തികകൾ 30,943 ആണ്. ഇതിൽ 17,493 എണ്ണം ഇപ്പോഴും നികത്താതെ കിടക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിൽ ഒ ബി സി, എസ് സി വിഭാഗങ്ങളുടെ തസ്തികയേക്കാൾ കൂടുതൽ ഒഴിഞ്ഞ് കിടക്കുന്ന പട്ടിക വർഗ വിഭാഗങ്ങളുടെ പോസ്റ്റുകളാണ്. ധനമന്ത്രാലയത്തിന് കീഴിയിലുള്ള റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ 70 ശതമാനത്തോളം സംവരണ തസ്തികകൾ നികത്തിയിട്ടില്ല. ഇവിടെ ആകെയുള്ള 10,921 പോസ്റ്റുകളിൽ 7,040 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.

ഹൗസിംഗ് അർബൻ മന്ത്രാലയത്തിൽ ആകെയുള്ള 1,251സംവരണ പോസ്റ്റുകളിൽ 555 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. അതേസമയം, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് പ്രൊഡക്‌ഷൻ ഡിപാർട്ട്മെന്റിലാണ് ഏറ്റവും കൂടുതൽ സംവരണ ഒഴിവുകൾ നികത്തപ്പെട്ടിട്ടുള്ളത്. ആകെയുള്ള 20,648 സംവരണ ഒഴിവുകളിൽ 16,621 എണ്ണം ഇവിടെ നികത്തിയിട്ടുണ്ട്.

രാജ്യത്തെ 90 ശതമാനം സർക്കാർ ജീവനക്കാരും 16 മന്ത്രാലയങ്ങൾക്ക് കീഴിയിലായാണ് ജോലി ചെയ്യുന്നത്. ഇതിൽ 10 മന്ത്രാലയങ്ങൾ മാത്രമാണ് സംവരണ തസ്തികകൾ സംബന്ധിച്ച റിപ്പോർട്ട് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളത്. ആറ് മന്ത്രാലയങ്ങൾ റിപ്പോർട്ട് നൽകിയിട്ടില്ല. ഇതിൽ കമ്മിറ്റിക്ക് ശക്തമായ അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഓരോ വർഷവും സംവരണ തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ടെന്നും ഇവ വേഗത്തിൽ നികത്തണമെന്നും കമ്മിറ്റി പേഴ്‌സനൽ ആൻഡ് ട്രെയിനിംഗ് വകുപ്പിനോട് ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പ്രത്യേക റിക്രൂട്ട്‌മെന്റുകൾ വഴി ഒഴിവുകൾ നികത്താൻ എല്ലാ മന്ത്രാലയങ്ങൾക്കും പേഴ്‌സനൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചതായി പാർലിമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്തുകൊണ്ടാണ് കൃത്യസമയങ്ങളിൽ ഒഴിവുകൾ നികത്തപ്പെടാതെ പോകുന്നതെന്നു കണ്ടെത്താൻ പേഴ്‌സനൽ ആൻഡ് ട്രെയിനിംഗ് വകുപ്പിനോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest