Connect with us

Gulf

സഊദിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി റഷ്യയുടെ റോക്കറ്റ് വിക്ഷേപണം ഞായറാഴ്ച

Published

|

Last Updated

മോസ്‌കോ | സഊദി അറേബ്യ തദ്ദേശീയമായി നിർമിച്ച രണ്ട് ഉപഗ്രഹങ്ങളടക്കം 38 ഉപഗ്രഹങ്ങളുമായി റഷ്യയുടെ സോയസ് -2.1 എ റോക്കറ്റ് വിക്ഷേപണം കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ  ഞായറാഴ്ച. ശനിയാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം വോൾട്ടേജ് സ്പൈക്ക് കാരണം മാറ്റുകയായിരുന്നു. സഊദി അറേബ്യയടക്കം 18 രാജ്യങ്ങളിൽ നിന്നുള്ള 38 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

അവസാന ഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് വോൾട്ടേജിൽ വ്യതിയാനം കണ്ടെത്തിയത്. ഇതേ തുടർന്ന് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നുവെന്ന് റഷ്യൻ  ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിൻ പറഞ്ഞു. 1961 ഏപ്രിൽ 12ന് ബഹിരാകാശത്തേക്കുള്ള ആദ്യത്തെ മനുഷ്യയാത്രയിൽ ബഹിരാകാശയാത്രികനായ യൂറി ഗഗാരിനെ ഭ്രമണപഥത്തിലെത്തിച്ച വോസ്റ്റോക്ക് റോക്കറ്റിന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീലയും വെള്ളയും വർണ്ണ നിറത്തിലുള്ള കളറുകൾ സോയൂസ് -2.1 എ റോക്കറ്റിന്  നൽകിയതെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് പറഞ്ഞു.

കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നിർമിച്ച ഫോട്ടോഗ്രഫി, മാരിടൈം ട്രാക്കിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന  ഷഹീൻ സാറ്റ് ഉപഗ്രഹം സഊദിയുടെ പതിനേഴാമത്തെതാണ്. വിദ്യാഭ്യാസ ഉപയോഗത്തിനായി കിംഗ് സഊദ് സർവകലാശാല ക്യൂബ് സാറ്റ് രൂപകൽപ്പന ചെയ്ത ഉപഗ്രഹവുമാണ് വിക്ഷേപണത്തിലുള്ളത്.