നിരോധന നിഴലിലാണ് മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍

മൂന്ന് കോടി വരുന്ന ഇന്ത്യന്‍ ജനത മുഴുവന്‍ വ്യാജ റേഷന്‍ ഉപയോഗിക്കുന്നുവെന്ന വാദത്തിന്റെ നിരര്‍ഥകത പോലും സര്‍ക്കാര്‍ ആലോചിച്ചില്ലെന്നത് വലിയാരു തമാശയാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക ക്രയവിക്രയങ്ങളില്‍ ആധാര്‍ കാര്‍ഡ് ഔദ്യോഗിക രേഖയാക്കി പരിഗണിക്കരുതെന്ന സുപ്രീം കോടതി തീരുമാനം നിലനില്‍ക്കെയാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ മൂന്ന് കോടിയോളം ഇന്ത്യക്കാരുടെ റേഷന്‍ കാര്‍ഡുകള്‍ നിരോധിക്കാനുള്ള തുഗ്ലക്കിയന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
Posted on: March 20, 2021 5:01 pm | Last updated: March 20, 2021 at 5:01 pm

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരവധിയിടങ്ങളില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി. പോലീസിന്റെയും ഹിന്ദുത്വ ശക്തികളുടെയും നേതൃത്വത്തില്‍ ഇതിനെതിരെ നടന്ന ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
2016 നവംബര്‍ എട്ട് ചൊവ്വ ഇന്ത്യക്കാര്‍ മറക്കാന്‍ സമയമായിട്ടില്ല. വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിക്കും ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ എട്ടിന് രാത്രി 8.15നാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി മാത്രം നൂറോളം മരണങ്ങള്‍ സംഭവിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍. മരണനിരക്ക് മുന്നൂറിലെത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ച് മില്യണ്‍ കടന്നു. രാജ്യം കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്‍ ഡി എ ഭരണകാലത്ത് നരേന്ദ്ര മോദി സര്‍ക്കാറെടുത്ത വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളില്‍ ചിലത് സൂചിപ്പിച്ചുവെന്ന് മാത്രം.

പൗരത്വ ഭേദഗതി നിയമത്തിനും നോട്ട് നിരോധനത്തിനും ശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായേക്കാവുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്ത് വരാനൊരുങ്ങുകയാണ്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിക്കാനിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര ഭരണകൂടം.
അതേസമയം, ഗോത്രവര്‍ഗക്കാരും ദരിദ്രരുമായ മൂന്ന് കോടി ജനങ്ങളുടെ റേഷന്‍ കാര്‍ഡ് പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താലാണ് കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ഇരുട്ടടിയൊരുക്കുന്നത്. ഝാര്‍ഖണ്ഡ് സ്വദേശി കൊയ്‌ലി ദേവി നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ഇത്തരമൊരു വിമര്‍ശനം സുപ്രീം കോടതി അറിയിച്ചത്. യു പി, ഒഡീഷ, കര്‍ണാടക, ബിഹാര്‍, ഛത്തീസ്ഗഢ്, വെസ്റ്റ് ബംഗാള്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്നവരുടെ എണ്ണം മില്യണ്‍ കണക്കാണെന്നും ഇവിടങ്ങളില്‍ പട്ടിണി മരണങ്ങള്‍ സാധാരണമാണെന്നും മേല്‍ക്കോടതിയെ അറിയിച്ച അഭിഭാഷകന്‍, റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിക്കുന്നതിലൂടെ പട്ടിണി മരണങ്ങള്‍ ഗണ്യമായി വര്‍ധിക്കുമെന്നും സൂചിപ്പിച്ചു. ഹരജിയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാറിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി വാദിച്ചുവെങ്കിലും സുപ്രീം കോടതി ചെവി കൊണ്ടിട്ടില്ല.

ദരിദ്ര ഇന്ത്യയില്‍ റേഷന്‍ കാര്‍ഡിന്റെ ഇടം

2018 ഡിസംബറില്‍ ഝാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയില്‍ തന്റെ 11 വയസ്സുകാരിയായ മകള്‍ സന്തോഷി കുമാരി പട്ടിണി മൂലം മരിച്ചെന്നു ചൂണ്ടിക്കാട്ടി കൊയ്‌ലി ദേവി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചതോടെയാണ് റേഷന്‍ കാര്‍ഡ് നിരോധനം സജീവ ചര്‍ച്ചയാകുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ അധികൃതര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതോടെ 2017 മാര്‍ച്ച് മുതല്‍ റേഷന്‍ ലഭിച്ചില്ലെന്നും പട്ടിണി കിടന്ന് തന്റെ മകള്‍ മരിക്കുകയായിരുന്നുവെന്നും കൊയ്‌ലി ദേവിയുടെ ഹരജിയില്‍ പറയുന്നു. മരണ ദിവസം പോലും ഉപ്പിട്ട ചായ മാത്രമാണ് മകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതെന്നും അത് മാത്രമാണ് അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടുന്നു. മകള്‍ രാത്രിയോടെ പട്ടിണി മൂലം മരിച്ചുവെന്നാണ് കൊയ്‌ലി ദേവി ആരോപിക്കുന്നത്. സാങ്കേതികത്വങ്ങള്‍ പറഞ്ഞ് റേഷന്‍ നിരോധിക്കാനുള്ള ഭരണകര്‍ത്താക്കളുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു കൊയ്‌ലി ദേവിയുടെ വെളിപ്പെടുത്തല്‍. നാഷനല്‍ ഫുഡ് സെക്യൂരിറ്റി പോര്‍ട്ടല്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയില്‍ 23.58 കോടി റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. 80 കോടിയോളം വരുന്ന ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. വിതരണം ചെയ്യപ്പെട്ട റേഷന്‍ കാര്‍ഡില്‍ 89 ശതമാനം മാത്രമാണ് ആധാറുമായി ബന്ധിപ്പിക്കപ്പെട്ടത്. മൂന്ന് കോടി ജനങ്ങള്‍ ഇതിന് പുറത്താണെന്നര്‍ഥം. ഇന്ത്യയിലെ 21 ശതമാനം റേഷന്‍ കാര്‍ഡുകളുടെ ഉടമത്വം വ്യാജമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇന്റര്‍നെറ്റിന്റെ ലഭ്യതയില്ലായ്മ, ആധാര്‍ കാര്‍ഡ് കൈവശമില്ലായ്മ, ഗ്രാമീണ മേഖലയില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍, കൃത്യമായ വിവരങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളെക്കൊണ്ടാണ് ഈ വിഭാഗത്തിന് തങ്ങളുടെ റേഷന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയാതിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. മൂന്ന് കോടി വരുന്ന ഇന്ത്യന്‍ ജനത മുഴുവന്‍ വ്യാജ റേഷന്‍ ഉപയോഗിക്കുന്നുവെന്ന വാദത്തിന്റെ നിരര്‍ഥകത പോലും സര്‍ക്കാര്‍ ആലോചിച്ചില്ലെന്നത് വലിയാരു തമാശയാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക ക്രയവിക്രയങ്ങളില്‍ ആധാര്‍ കാര്‍ഡ് ഔദ്യോഗിക രേഖയാക്കി പരിഗണിക്കരുതെന്ന സുപ്രീം കോടതി തീരുമാനം നിലനില്‍ക്കെയാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ മൂന്ന് കോടിയോളം ഇന്ത്യക്കാരുടെ റേഷന്‍ കാര്‍ഡുകള്‍ നിരോധിക്കാനുള്ള തുഗ്ലക്കിയന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ 2020ലെ കണക്കനുസരിച്ച് ഇന്ത്യയിലെ 364 മില്യണ്‍ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തെ നേരിടുന്നവരാണ്. കഴിഞ്ഞ വര്‍ഷം റൈറ്റ് ഫുഡ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഹംഗര്‍ വാച്ച് സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ വിശപ്പിന്റെ തോത് വര്‍ധിച്ചുവരികയാണെന്നാണ് കണക്ക്. ആഗോള വിഷപ്പ് സൂചിക (Global Hunger index) അനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ “നല്ലൊരു സ്ഥാനം’ അലങ്കരിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടന (FAO)യുടെ കണക്കനുസരിച്ച് ഇന്ത്യയിലെ 182.2 ലക്ഷം ജനങ്ങള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. 15 വയസ്സിനും 49 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 51.4 ശതമാനം പേരും വിളര്‍ച്ച അനുഭവിക്കുന്നുണ്ട്. കുട്ടികളില്‍ 34.7 ശതമാനം ഗുരുതരമായ വളര്‍ച്ചാ മുരടിപ്പ് നേരിടുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ 410 ദശലക്ഷം ആളുകളാണ് ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്നത്. അതായത്, യു എന്‍ മാനദണ്ഡപ്രകാരം 1.25 ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവര്‍. ഒരു നേരമെങ്കിലും പോഷക സമ്പുഷ്ടമായ ആഹാരത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരെ കണ്ടെത്തുകയാണ് ഇന്ത്യയില്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്നവരെ കണ്ടെത്തുന്നതിന് സ്വീകരിക്കുന്ന നടപടി. മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരില്‍ മൂന്നിലൊന്നോളം ഇന്ത്യയിലാണ് കഴിയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ഥിരം തൊഴിലില്ലാത്തതും വരുമാനമില്ലാത്തതും കുടുംബനാഥന്മാരില്ലാത്തതുമായ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് റേഷന്‍ സംവിധാനം നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. പട്ടിണിയില്ലാതെ ജീവിച്ചുപോകാന്‍ റേഷന്‍ സംവിധാനം അവരെ സഹായിക്കുന്നു. കൃത്യമായ പരിശോധനയോ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങി കാര്യക്ഷമമായ അന്വേഷണമോ ഇല്ലാതെ കേവലം ആധാറിന്റെ പേരില്‍ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ അപകടകരമാണ്. മൂന്ന് കോടിയിലേറെ വരുന്ന റേഷന്‍ കാര്‍ഡുകള്‍ വെട്ടിച്ചുരുക്കാനാണ് കേന്ദ്ര നീക്കമെങ്കില്‍ പട്ടിണി മരണങ്ങളുടെ വാര്‍ത്തകളായിരിക്കും ഭാവിയില്‍ ഇന്ത്യ കേള്‍ക്കേണ്ടി വരിക.