Connect with us

Editorial

കള്ളവോട്ടിനെതിരെ കര്‍ശന നടപടി വേണം

Published

|

Last Updated

ഗുരുതരമായ വിഷയമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഉന്നയിച്ച കള്ളവോട്ട് പ്രശ്‌നം. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍ ലിസ്റ്റുകളില്‍ ആയിരക്കണക്കിന് വ്യാജന്മാരെ തിരുകി കയറ്റിയിട്ടുണ്ടെന്നും ഇക്കാര്യം തെളിവ് സഹിതം ചീഫ് ഇലക്ടറല്‍ ഓഫീസറെ അറിയിച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ സമ്മേളനത്തില്‍ പറയുകയുണ്ടായി. കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ച് തവണ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് അഞ്ച് ഇലക്ടറല്‍ ഐ ഡി കാര്‍ഡുകള്‍ ഒപ്പിച്ചെടുത്തതായും വോട്ടര്‍ പട്ടികയുടെ ഫോട്ടോസ്റ്റാറ്റ് പ്രദര്‍ശിപ്പിച്ചു കൊണ്ട് അദ്ദേഹം സമര്‍ഥിച്ചു. യു ഡി എഫ് പ്രവര്‍ത്തകര്‍ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഈ തട്ടിപ്പ് കണ്ടു പിടിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസുകാരാണ് തങ്ങളെന്നും ഉദുമയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് വോട്ടുണ്ടാക്കിയതെന്നും വെളിപ്പെടുത്തി കുമാരിയും കുടുംബവും രംഗത്തുവന്നതോടെ ഉദുമയിലെ കള്ളക്കളി ഇടതുപക്ഷത്തിന്റെ പേരില്‍ ചാര്‍ത്താനുള്ള ചെന്നിത്തലയുടെ ശ്രമം പാളിയെങ്കിലും ഒരു വോട്ടറുടെ പേര് അഞ്ച് തവണ ചേര്‍ക്കപ്പെട്ടതും ഒരേ വ്യക്തിക്ക് അഞ്ച് ഇലക്ടറല്‍ ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്യാനിടയായതും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്.

വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയെന്നു പറയപ്പെടുന്ന ചില മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ എണ്ണം പ്രതിപക്ഷ നേതാവ് പുറത്തുവിടുകയുണ്ടായി. കഴക്കൂട്ടം മണ്ഡലത്തില്‍ 4,506, കൊല്ലത്ത് 2,534, തൃക്കരിപ്പൂരില്‍ 1,436, നാദാപുരത്ത് 6,171, കൊയിലാണ്ടിയില്‍ 4,611, കൂത്തുപറമ്പില്‍ 3,525, അമ്പലപ്പുഴയില്‍ 4,750 എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണം. ചെന്നിത്തലയുടെ പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുസംബന്ധമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോ എന്ന് പരിശോധിച്ച് മാര്‍ച്ച് 20നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും ഉത്തരവുണ്ട്.

ചെന്നിത്തലയുടെ ആരോപണം വസ്തുതാപരമായാലും അല്ലെങ്കിലും സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ വ്യാജന്മാര്‍ കയറിപ്പറ്റുന്നതും തിരഞ്ഞെടുപ്പുകളില്‍ കള്ളവോട്ടുകള്‍ രേഖപ്പെടുത്തുന്നതും പതിവു സംഭവമാണ്. “പരേതര്‍” വരെ ബൂത്തിലെത്താറുണ്ടത്രെ. പലപ്പോഴും അത് പിടിക്കപ്പെടാറുമുണ്ട്. സി പി എം, കോണ്‍ഗ്രസ്, സി പി ഐ, മുസ്‌ലിം ലീഗ്, ബി ജെ പി തുടങ്ങി ഒരു പാര്‍ട്ടിയും ഒഴിവല്ല ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒട്ടേറെ ബൂത്തുകളില്‍ കള്ളവോട്ട് രേഖപ്പെടുത്തുകയും അത് തടയാന്‍ ശ്രമിച്ചവര്‍ക്കു നേരേ അക്രമം അരങ്ങേറുകയുമുണ്ടായി. കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ രണ്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റിരുന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഒരു ലീഗ് പ്രവര്‍ത്തകന്റെ ഭാര്യ തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് പ്രിസൈഡിംഗ് ഓഫീസര്‍ പിടികൂടുകയും പോലീസ് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതേ തിരഞ്ഞെടുപ്പില്‍ നാട്ടിലില്ലാത്ത 20 പേരുടെയെങ്കിലും വോട്ടുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയതാണ്. ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ 26 പ്രവാസികളുടെ രേഖകള്‍ പരിശോധിച്ചതില്‍ ആറ് പേര്‍ മാത്രമാണ് വോട്ടെടുപ്പ് ദിവസം സ്ഥലത്തുണ്ടായിരുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോക്ക് ബോധ്യപ്പെടുകയായിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് കള്ളവോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതാണ്. ഉദുമ മണ്ഡലത്തില്‍ വിദേശത്തുള്ളവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. പള്ളിക്കരയിലെ 126ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തെ ചോദ്യം ചെയ്ത പ്രിസൈഡിംഗ് ഓഫീസറെയും പോളിംഗ് ഉദ്യോഗസ്ഥരെയും ലീഗ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത് വീഡിയോ അടക്കം പുറത്തുവന്നതാണ്. കണ്ണൂര്‍ പരിയാരം സ്‌കൂളിലെ 19ാം ബൂത്തില്‍ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ ഒരു പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ കള്ളവോട്ടിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തേ തുടങ്ങും. വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് പല തവണ വരുന്നതും, ഒരു വോട്ടര്‍ക്ക് ഒന്നിലേറെ ഇലക്ടറല്‍ ഐ ഡി കാര്‍ഡുകള്‍ ലഭ്യമാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന ചില പ്രദേശങ്ങളുണ്ട് സംസ്ഥാനത്ത്. മുഖ്യ പാര്‍ട്ടികള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഈ പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകള്‍ പ്രസ്തുത പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് ദിനങ്ങളില്‍. ഇത്തരം കേന്ദ്രങ്ങളിലാണ് കൂടുതലായി കള്ളവോട്ടുകള്‍ രേഖപ്പെടുത്തുന്നത്. ജീവനില്‍ കൊതിയുള്ളതിനാലും ശരീരത്തിന് പരുക്കേല്‍ക്കാതെ വീടണയാന്‍ ആഗ്രഹമുള്ളതു കൊണ്ടും പ്രിസൈഡിംഗ് ഓഫീസര്‍മാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഒന്നും കണ്ടില്ലെന്നു നടിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ജനപ്രാതിനിധ്യ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും പ്രകാരം കുറ്റകരമാണ് മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ചുവെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും. ഐ പി സി 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. ആരുടെയെങ്കിലും പ്രേരണക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയാണെങ്കില്‍ വ്യാജ രേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യാം. ഈ നിയമങ്ങളെല്ലാം പക്ഷേ മിക്കപ്പോഴും ഏട്ടിലെ പശുവാണ്. ഇവ കണിശമായി നടപ്പാക്കാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും തന്റേടം കാണിച്ചെങ്കിലേ കള്ളവോട്ടുകള്‍ തടയാനാകൂ.