Connect with us

Articles

സംവരണവിരുദ്ധര്‍ അറിയേണ്ട കണക്കുകള്‍

Published

|

Last Updated

രാജ്യനിവാസികളെ മാനേജ്‌മെന്റിംഗ് പഠിപ്പിക്കുന്ന 20 ഐ ഐ എം ഭരണ സമിതികളിലെ സവര്‍ണത്തമ്പുരാക്കള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെഴുതിയ കത്ത് പിന്നാക്കക്കാരുടെ വേദികളില്‍ പ്രകമ്പനമുണ്ടാക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടരയേക്കര്‍ ഭൂമിയുള്ള “പാവങ്ങള്‍ക്ക്” ജനസംഖ്യാനുപാതം പോലും നോക്കാതെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോള്‍ ഒന്ന് മുരളുക പോലും ചെയ്യാത്തവരില്‍ നിന്ന് ആരുമത് പ്രതീക്ഷിക്കുന്നില്ല. ഇന്ത്യാ മഹാരാജ്യത്തെ 41 ശതമാനം വരുന്ന ഒ ബി സിക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും ഒമ്പത് ശതമാനം ഗോത്ര ജനവിഭാഗങ്ങള്‍ക്കും നിയമപരമായി കിട്ടേണ്ട 27 ശതമാനം, 15 ശതമാനം, 7.5 ശതമാനം നിരക്കിലുള്ള സംവരണം അനുവദിക്കുന്നതില്‍ നിന്ന് ഐ ഐ എമ്മുകളിലെ അധ്യാപക നിയമനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആ കത്ത്. ഐ ഐ എമ്മുകള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്നും (Center of Excellence) അതിനാലവര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ നേരത്തേയുള്ള നിര്‍ദേശത്തെ മറയാക്കിയാണ് ഇത്തരമൊരു കത്തെഴുതാന്‍ അവര്‍ ധിക്കാരം കാണിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ലോക്‌സഭയില്‍ മൂന്ന് കോണ്‍ഗ്രസ് എം പിമാരുടെ ചോദ്യങ്ങള്‍ക്കുത്തരമായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിഷാന്ത് നല്‍കിയ മറുപടി ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍. ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളായ 42 സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍, 23 ഐ ഐ ടികള്‍, 20 ഐ ഐ എമ്മുകള്‍, ഏഴ് ഐസറുകള്‍ ( Indian Institute of Science Education and Research ), ഇന്ത്യന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ബംഗളൂരു, മൂന്ന് സംസ്‌കൃത കേന്ദ്ര സര്‍വകലാശാലകള്‍, ഇഗ്‌നോ എന്നിവിടങ്ങളിലെ അധ്യാപക നിയമനത്തിന് ഒ ബി സിക്കാര്‍ക്കായി സംവരണം ചെയ്ത 52 ശതമാനവും പട്ടിക ജാതിക്കാരുടെ 38 ശതമാനവും പട്ടികവര്‍ഗക്കാരുടെ 43 ശതമാനവും തസ്തികകള്‍ നികത്താതെ കിടക്കുന്നുവെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. എല്ലാ സ്ഥാപനങ്ങളിലുമായി ഒ ബി സിക്കാര്‍ക്ക് ലഭിക്കേണ്ട 9,960 പോസ്റ്റുകളില്‍ 5,142ഉം ഒഴിഞ്ഞുകിടക്കുന്നു. എസ് സിക്കാര്‍ക്കായി നീക്കിവെച്ച 7,409 തസ്തികകളില്‍ 2,847 എണ്ണം നികത്താനുണ്ട്. കേന്ദ്ര സര്‍വകലാശാലകളില്‍ പട്ടിക വര്‍ഗക്കാരായ 709 അസി. പ്രൊഫസര്‍മാര്‍ വേണ്ടിടത്ത് 209 പേരേയുള്ളൂ. 137 പ്രൊഫസര്‍മാര്‍ വേണ്ടിടത്ത് ഒമ്പതും.

മുഖം രക്ഷിക്കാനായി മന്ത്രി പറഞ്ഞത് 2019ലെ സെന്‍ട്രല്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (അധ്യാപക കേഡര്‍ നിയമന) നിയമം ആ വര്‍ഷം ജൂലൈ 12ന് തന്നെ വിജ്ഞാപനമാക്കിയിട്ടുണ്ടെന്നും ആറ് മാസത്തിനകം ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ യു ജി സി ഗ്രാന്‍ഡ് തടയുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ്. ഇത്രയധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനല്ല, മറിച്ച് അതാത് യൂനിവേഴ്‌സിറ്റികള്‍ക്കാണെന്നും പറഞ്ഞ മന്ത്രി മറ്റൊരു കാര്യം അടിവരയിടുകയുണ്ടായി. ഏഴ് തരം സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളാണെന്നും ദൈനംദിന കാര്യങ്ങളില്‍ അവര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും!

രസകരമായിട്ടുള്ളത്, മന്ത്രി ലോക്‌സഭയില്‍ നല്‍കിയ കണക്കില്‍ നിന്ന് വ്യത്യസ്തമായ കണക്കാണ് ഐ ഐ എം ബെംഗളൂരുവിലെ ഒരു ഗവേഷണ വിദ്യാര്‍ഥിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. രാജ്യത്തെ 16 ഐ ഐ എമ്മുകളെക്കുറിച്ചുള്ള വിവരപ്പട്ടിക ഇന്നലെ (മാര്‍ച്ച് 17) ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നമ്മുടെ മുറ്റത്തുള്ള കോഴിക്കോട് ഐ ഐ എമ്മില്‍ 90 ശതമാനം അധ്യാപകരും മുന്നാക്കക്കാരാണ്. ഒ ബി സിക്കാര്‍ ആറ് ശതമാനവും പട്ടികജാതിക്കാര്‍ നാല് ശതമാനവുമുള്ളപ്പോള്‍ പട്ടിക വര്‍ഗക്കാരില്‍ നിന്ന് ഒരാള്‍ പോലുമില്ല. ആര്‍ എസ് എസ് കേന്ദ്രമുള്ള നാഗ്പൂര്‍ ഐ ഐ എമ്മില്‍ എല്ലാ അധ്യാപകരും സവര്‍ണരാണെന്നത് യാദൃച്ഛികമാകാനിടയില്ല. മറ്റ് ഐ ഐ എമ്മുകളിലെ സവര്‍ണാധ്യാപക ശതമാനമിങ്ങനെ: കൊല്‍ക്കത്ത 97 ശതമാനം, ലഖ്‌നൗ 95 ശതമാനം, അമൃത്‌സര്‍ 95 ശതമാനം, ഉദയ്പൂര്‍ 95 ശതമാനം, ബെംഗളൂരു 94 ശതമാനം, സാമ്പല്‍പൂര്‍ 93 ശതമാനം, വിസാഗ് 91 ശതമാനം, കാശിപൂര്‍ 88 ശതമാനം, റാഞ്ചി 87 ശതമാനം, തിരുച്ചി 84 ശതമാനം, സിര്‍മാര്‍ 80 ശതമാനം, റായ്പൂര്‍ 75 ശതമാനം, ജമ്മു 77 ശതമാനം, ഷില്ലോംഗ് 69 ശതമാനം. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ ഇത്ര ദയനീയമായി കുറവായിട്ടും നിയമനത്തില്‍ സംവരണം പാലിക്കാതിരിക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് കത്തെഴുതിയത് കാണിക്കുന്നത് ഒരു “മ്ലേച്ചന്റെ” സാന്നിധ്യം പോലും ആഗ്രഹിക്കാത്ത വിധം ഇവരില്‍ വംശീയവെറി ആഴത്തില്‍ വേരൂന്നിയെന്നാണ്.

സംവരണ വിരുദ്ധരുടെ പതിവ് ന്യായങ്ങളിലൊന്നാണ് പിന്നാക്കക്കാരില്‍ നിന്ന് യോഗ്യരായ അപേക്ഷകരില്ലെന്നത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങളില്‍ നിന്ന് എത്ര അപേക്ഷകരുണ്ടായിരുന്നുവെന്നതിന് കണക്കുകളൊന്നും ലഭ്യമല്ല. എന്നാല്‍ പിന്നാക്കക്കാരെ പി എച്ച് ഡി പ്രോഗ്രാമുകളിലേക്ക് അടുപ്പിക്കാതിരിക്കാന്‍ വ്യക്തമായ സവര്‍ണ ഗൂഢാലോചന നടക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു ലേഖകന്‍ പൊന്‍ വസന്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ 2021 ഫെബ്രുവരി 13 മുതല്‍ മൂന്ന് ദിവസം വിശദമായ പട്ടികകളോടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 23 ഐ ഐ ടികളില്‍ 60 ശതമാനം പി എച്ച് ഡി ഗവേഷണങ്ങളും നടക്കുന്ന ഡല്‍ഹി, മുംബൈ, മദ്രാസ്, കാണ്‍പൂര്‍, ഖരക്പൂര്‍ ഐ ഐ ടികളില്‍ 2015-19 കാലത്തെ പ്രവേശനത്തെ കുറിച്ചാണ് അദ്ദേഹം വിവരം ശേഖരിച്ചത്. ഈ കാലയളവില്‍ 23,549 ഒ ബി സിക്കാരും 11,019 എസ് സിക്കാരും 1,809 എസ് ടിക്കാരും പി എച്ച് ഡിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും 638 ഒ ബി സിക്കാര്‍ക്കും (23.2 ശതമാനം) 238 എസ് സിക്കാര്‍ക്കും (9.1 ശതമാനം) 40 എസ് ടിക്കാര്‍ക്കും മാത്രമാണ് പ്രവേശനം നല്‍കിയത്. ചട്ടപ്രകാരമുള്ള സംവരണ ശതമാന പ്രകാരം ഇവര്‍ക്ക് യഥാക്രമം 885ഉം (27 ശതമാനം), 492ഉം (15 ശതമാനം) 246ഉം (7.5 ശതമാനം) പേര്‍ക്ക് പ്രവേശനം ലഭിക്കേണ്ടിയിരുന്നു. പ്രവേശനം നേടിയവരില്‍ തന്നെ ചിലര്‍ ഓപണ്‍ ക്വാട്ടയിലും പ്രവേശനം ലഭിക്കേണ്ടവരുണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ ഐ ഐ ടികളിലെ പി എച്ച് ഡി പ്രവേശനത്തിന് വന്‍ സംവരണക്കൊള്ള നടക്കുന്നതായി ബോധ്യമാകും.

സംവരണ വിരുദ്ധര്‍ നിരത്തുന്ന മറ്റൊരു കൗതുകകരമായ ന്യായവാദം റിസര്‍വേഷനിലൂടെ വരുന്നവര്‍ ബുദ്ധി കുറഞ്ഞവരായിരിക്കുമെന്നും രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക വാണിജ്യ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളില്‍ അതിബുദ്ധിമാന്‍മാരെ മാത്രമേ ഉള്‍ക്കൊള്ളേണ്ടതുള്ളൂ എന്നുമാണ്. ഏത് കോഴ്‌സിനും ജോലിക്കും അടിസ്ഥാന യോഗ്യത നേടേണ്ടതുണ്ട്. എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, പി ജി തുടങ്ങിയ പരീക്ഷകളൊന്നും പാസ്സാകാന്‍ സംവരണമില്ല. സാമൂഹിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് അവസര സമത്വം നല്‍കുന്ന പ്രക്രിയയാണ് അഫിര്‍മേറ്റീവ് ആക്ഷന്‍. ലോകത്തെ എല്ലാ ജനാധിപത്യ സമൂഹങ്ങളിലും ഈ പരിഗണന നല്‍കുന്നുണ്ട്.
ഈ “അതിബുദ്ധിമാന്‍മാര്‍” മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ 74 വര്‍ഷമായി നിങ്ങളാണല്ലോ ഈ രാജ്യത്തെ നിഖില മേഖലകളും അടക്കിവാഴുന്നത്. എന്നിട്ട് ലോകത്തെ വികസന ഇന്‍ഡക്‌സുകളായ ശാസ്ത്ര സാങ്കേതിക വളര്‍ച്ച, പട്ടിണി, ആരോഗ്യം, ശുചിത്വം, ആയുര്‍ദൈര്‍ഘ്യം, കായിക ക്ഷമത, സാക്ഷരത തുടങ്ങിയ എത്ര രംഗങ്ങളില്‍ നിങ്ങള്‍ ഇന്ത്യയെ ലോകത്തിന്റെ മുന്നിലെത്തിച്ചു. അതൊക്കെ പോകട്ടെ, നിങ്ങള്‍ ബുദ്ധിവിനിമയം നടത്തുന്ന രാജ്യത്തെ എത്ര സര്‍വകലാശാലകള്‍ വേള്‍ഡ് റാങ്കിംഗില്‍ ആദ്യ നൂറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (THE) ആണ് ലോകത്തെ ഏറ്റവുമധികം ആശ്രയിക്കുന്ന യൂനിവേഴ്‌സിറ്റി റാങ്കിംഗ് ഏജന്‍സി. 2020ലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റാങ്കിംഗില്‍ ആദ്യ 500ല്‍ ഇന്ത്യയില്‍ നിന്ന് ആറ് സര്‍വകലാശാലകളുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവാണ് രാജ്യത്തെ ആദ്യ സ്ഥാപനം. പക്ഷേ, റാങ്ക് 301 ആണ്. ഇതേ ഏജന്‍സിയുടെ 2021ലെ റാങ്കിംഗില്‍ ആദ്യ 500ല്‍ രാജ്യത്ത് നിന്ന് മൂന്നെണ്ണമേയുള്ളൂ. 301ല്‍ തന്നെ തുടക്കം. അതേ സ്ഥാപനം തന്നെ. അര്‍ഹതയുള്ളവരെ ജാതിഭ്രാന്ത് കാരണം തിരസ്‌കരിച്ച് ഇവര്‍ യൂനിവേഴ്‌സിറ്റികളുടെ നിലവാരം താഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന് സാരം. ഏതെങ്കിലും ജനവിഭാഗത്തില്‍ പെടുന്നവര്‍ ജന്മനാ തന്നെ ഉയര്‍ന്ന ബൗദ്ധികക്ഷമത പുലര്‍ത്തുന്നവരല്ലെന്ന നരവംശ ശാസ്ത്ര യാഥാര്‍ഥ്യത്തിന്റെ നിഷേധമാണ് ജന്മനാ ബുദ്ധിപരമായി ഉയര്‍ന്നവരാണെന്ന ഈ ഫാസിസ്റ്റ്, റാസിസ്റ്റ് മനോഭാവം. പക്ഷേ അധിക നാളില്ല. അടിച്ചമര്‍ത്തപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ അതിവേഗം ജാഗരൂകരാകുകയാണ്. അതിവേഗം തന്നെ.