National
കൊവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തണം; വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മഹാമാരിയെ ഇപ്പോള്‍ പിടിച്ചുകെട്ടിയില്ലെങ്കില്‍ രാജ്യവ്യാപകമായി പടര്‍ന്നു പിടിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ആര്‍ജിച്ച ആത്മവിശ്വാസം അമിത ആത്മവിശ്വാസമായി മാറരുത്. നമ്മള്‍ നേടിയ വിജയം അശ്രദ്ധക്ക് കാരണമാകരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ അവലോകന യോഗത്തില്‍ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല. അതേ സമയം 24 മണിക്കൂറിനിടെ 28,000ത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . രാജ്യത്ത് കൊവിഡിന്റെ രണ്ടാംവരവെന്ന ആശങ്ക ശക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്.