Kerala
ബാലശങ്കറിന് സീറ്റ് ലഭിക്കാത്തതിലുള്ള നിരാശ: വി മുരളീധരന്‍

ന്യൂഡല്‍ഹി | കേരളത്തില്‍ സി പി എമ്മുമായി ബി ജെ പിക്ക് രഹസ്യധാരണയുണ്ടെന്ന ആര്‍ എസ് എസ് നേതാവ് ബാലശങ്കറിന്റെ അഭിപ്രായം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയില്‍ നിന്നുണ്ടായതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ സീറ്റുകള്‍ തീരുമാനിച്ചത് കേന്ദ്ര നേതൃത്വമാണ്. ബാലശങ്കറും സീറ്റുകള്‍ ലഭിക്കേണ്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന് സീറ്റ് ലഭിക്കാത്തതില്‍ നിരാശയുണ്ട്. ഇതിന്റെ വൈകാരിക പ്രകടനമാണ് ഇന്നലെ അദ്ദേഹം നടത്തിയത്. ഇത് കരുതികൂട്ടി പറഞ്ഞതാണെന്ന് കരുതുന്നില്ല. ബി ജെ പിക്കോ, ആര്‍ എസ് എസിനോ എതിരായിട്ടുള്ള ആളല്ല അദ്ദേഹമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ച തടയുന്നതിനായി സി പി എമ്മും കോണ്‍ഗ്രസും വളരെ കാലമായി ശ്രമിക്കുന്നുണ്ട്. അതിനായി അവര്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നു. മാധ്യമപ്രവര്‍ത്തകരേയും അവര്‍ ഇതിനായി കരുവാക്കുന്നു. ബാലശങ്കറിന്റേത് വൈകാരിക പ്രകടനമാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസിന്റേയും സി പി എമ്മിന്റേയും ഭാഗത്ത് നിന്ന് വരുമ്പോള്‍ അത് വിശ്വസിച്ച് സ്വയംപ്രകോപിതരാകരുതെന്നാണ് ബി ജെ പി നേതാക്കളോട് പറയാനുള്ളതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.