Kerala
കോണ്‍ഗ്രസിന്റെ തര്‍ക്ക മണ്ഡലങ്ങളില്‍ ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം

തിരുവനന്തപുരം | പത്രികാ സമര്‍പ്പണത്തിന് ഇനി നാല് ദിവസം മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസില്‍ തര്‍ക്കമുള്ള മണ്ഡലങ്ങളില്‍ ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. പി സി വിഷണുനാഥ് കുണ്ടറയിലും വട്ടിയൂര്‍കാവില്‍ ജ്യോതി വിജയകുമാര്‍ വട്ടിയൂര്‍കാവില്‍ മത്സരിച്ചേക്കും. ലതികാ സുഭാഷിന്റെ പ്രതിഷേധത്തിന് പിന്നാലെ, ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളില്‍ ഒന്നിലെങ്കിലും വനിതക്ക് അവസരം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഈ സാഹചര്യത്തിലാണ് വട്ടിയൂര്‍കാവില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷ ചെയ്ത് ശ്രദ്ധേയമായ ജ്യോതി വിജയകുമാറിനാണ് അവസരം ലഭിക്കുന്നത്. വീണ എസ് നായരെയും ഇവിടെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വീണക്കുള്ള സാധ്യത മങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതിനിടെ വട്ടിയൂര്‍ക്കാവില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രി പ്രകടനം നടത്തി. ശാസ്തം മംഗലം മുതല്‍ വെളളയമ്പലം വരെയായിരുന്നു പ്രകടനം. തദ്ദേശ തിരെഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സജീവമായിരുന്ന ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കി മണ്ഡലം തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
പാലക്കാട് ഇടഞ്ഞ് നില്‍ക്കുന്ന ഗോപിനാഥുമായി ഇന്ന് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. ഇന്നലെ എ കെ ആന്റണി ഗോപിനാഥുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുന്നത്. ഇരിക്കൂറില്‍ ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാന്‍ എം എം ഹസനും, കെ സി ജോസഫും ഇന്ന് മണ്ഡലത്തിലെത്തും. ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് മണ്ഡലം കണ്‍വന്‍ഷന്‍ നടക്കാനിരിക്കെയാണ് പെട്ടന്ന് നേതൃത്വത്തിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.