Connect with us

National

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കൊല; പ്രതി അരിസ് ഖാന് വധശിക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി | ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പ്രതി അരിസ് ഖാന് സാകേത് കോടതി വധശിക്ഷ വിധിച്ചു. 2008ല്‍ ബട്‌ല ഹൗസിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് ഓഫീസറായ മോഹന്‍ ചന്ദ് ശര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കിയാണ് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയത്. വധശിക്ഷക്ക് പുറമെ 11 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതില്‍ പത്ത് ലക്ഷം രൂപ ഉടന്‍ ഷര്‍മയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

2013 ല്‍ ബട്‌ല ഹൗസ് കേസിലെ കൂട്ടുപ്രതിയും ഇന്ത്യന്‍ മുജാഹിദീന്‍ ഭീകര സംഘടനയില്‍ അംഗവുമായ ഷഹസാദ് അഹമ്മദിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുരുന്നു. ശിക്ഷാവിധിക്ക് എതിരായ ഷഹ്‌സാദിന്റെ അപ്പീല്‍ ഹൈക്കൊടതിയുടെ പരിഗണനയിലാണ്.

ബട്‌ല ഹൗസ് ഏറ്റുമുട്ടലിനിടെ അരിസ് ഖാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ രണ്ട് കൂട്ടാളികളായ അതിഫ് ആമേന്‍, മുഹമ്മദ് സാജിദ് എന്നിവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

2008 ല്‍ ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, യുപി എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലെ മുഖ്യ സൂത്രധാരനായിരുന്നു അരിസ് ഖാന്‍ എന്ന് അന്വേഷണ സംഘം പറയുന്നു. അക്കാലത്ത് അരിസ് ഖാന്റെ തലക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

2018 ഫെബ്രുവരിയിലാണ് യുപിയിലെ അസംഗഡ് സ്വദേശിയായ അരിസ് ഖാന്‍ എന്ന ജുനൈദിനെ സ്‌പെഷ്യല്‍ സെല്‍ ടീം അറസ്റ്റ് ചെയ്തത്.

Latest