Connect with us

Articles

ജനാധിപത്യത്തിന് വേണ്ടിയുള്ള ബഹളങ്ങള്‍

Published

|

Last Updated

കേരളത്തിലെ പതിനഞ്ചാം നിയമസഭയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പിലേക്ക് ഇടത് – ഐക്യ മുന്നണികളും എന്‍ ഡി എയും സ്ഥാനാര്‍ഥികളെ ഏതാണ്ട് നിശ്ചയിച്ച് കഴിഞ്ഞിരിക്കുന്നു. അഞ്ച് മന്ത്രിമാരടക്കം മൂപ്പത്തിമൂന്ന് സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കാന്‍ എല്‍ ഡി എഫിലെ മുഖ്യകക്ഷിയായ സി പി എം തീരുമാനിച്ചു. മൂന്ന് തവണ എം എല്‍ എയായവരെ മുഴുവന്‍ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ മന്ത്രിസഭയില്‍ സി പി ഐയുടെ പ്രതിനിധികളായ മൂന്ന് പേര്‍ക്ക് മാറിനില്‍ക്കേണ്ടിവന്നു. ഈ തീരുമാനങ്ങളുടെ അനുരണനങ്ങള്‍ യു ഡി എഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സ്ഥാനാര്‍ഥി നിര്‍ണയത്തിലും കാണാം. സിറ്റിംഗ് എം എല്‍ എമാരില്‍ കെ സി ജോസഫിന് മാത്രമാണ് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പിലെ സ്ഥിരം മുഖങ്ങളെ വലിയൊരളവില്‍ മാറ്റിനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ലീഗാകട്ടെ, മൂന്ന് തവണ എം എല്‍ എയായവരെ ഒഴിവാക്കി. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, കെ പി എ മജീദ് എന്നിവര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ്. ബി ജെ പിയെ സംബന്ധിച്ച് അത്തരത്തിലുള്ള നിബന്ധനകള്‍ വെക്കാനുള്ള പ്രായം ഇനിയുമായിട്ടില്ല, കേരളത്തില്‍. അതുകൊണ്ട് പതിവ് മുഖങ്ങളൊക്കെ അവിടെയുണ്ട്. ഇ ശ്രീധരനെയും ജേക്കബ് തോമസിനെയും പോലെ ചിലരെത്തിയത് സംസ്ഥാനത്താകെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിലാക്കാന്‍ ഏജന്റുമാരെ വിട്ട് കാത്തിരിക്കുകയും ചെയ്തു അവര്‍. അല്ലെങ്കിലും 115 സീറ്റിലൊക്കെ സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നത് കേരളത്തിലെ ബി ജെ പിയെ സംബന്ധിച്ച് ഇപ്പോഴും വെല്ലുവിളി തന്നെയാണ്. സഖ്യകക്ഷിയായ ബി ഡി ജെ എസ്സിനാകട്ടെ, സി പി എമ്മില്‍ നിന്ന് എത്തിയ ഒരാളെ സ്ഥാനാര്‍ഥിയാക്കാനായി.

തുടര്‍ ഭരണമെന്ന എല്‍ ഡി എഫിന്റെ പ്രതീക്ഷയെ, അഞ്ചാണ്ട് കൂടുമ്പോള്‍ ഭരണം മാറുക എന്ന കേരളത്തിന്റെ പതിവ് രീതി കരിച്ചുകളയുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. സര്‍ക്കാറിന്റെ അവസാനകാലത്ത് എടുത്ത തീരുമാനങ്ങളിലുയര്‍ന്ന പ്രതിഷേധം അതിന് വേണ്ട മരുന്നാകുമെന്നും. എന്തായാലും ജനാധിപത്യത്തിലെ ഉത്സവങ്ങളെന്ന നിലയ്ക്ക് വേണ്ട കലാരൂപങ്ങളൊക്കെ അരങ്ങിലെത്തുന്നുണ്ട്. ബാക്കി വേഷങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ അരങ്ങിലെത്തും. ഇതുവരെ അരങ്ങിലെത്തിയതില്‍ ഏറ്റം പ്രധാനം സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റ് വിഭജനത്തിലുമുയര്‍ന്ന പ്രതിഷേധങ്ങളാണ്. അതില്‍ തന്നെ സി പി എമ്മിലും സി പി ഐയിലുമുയര്‍ന്നവയാണ് സവിശേഷം.
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍, സീറ്റ് മോഹിച്ചിരുന്നവരില്‍ പലരും നിരാശരാകുന്നതും അത് പരസ്യമായി പ്രകടിപ്പിക്കുന്നതും കോണ്‍ഗ്രസില്‍ പുതുമയുള്ള കാര്യമല്ല. നിരാശരായവര്‍, സ്വന്തം ഗ്രൂപ്പിലുള്ളവരെ വിളിച്ച് യോഗം ചേരുന്നതോ പ്രകടനം നടത്തുന്നതോ ഒന്നും അവിടെ നിഷിദ്ധവുമല്ല. വികാരങ്ങളെ ഈ വിധത്തില്‍ ഒഴുക്കിക്കളഞ്ഞവരില്‍ വലിയൊരളവ് പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി പിന്നീട് രംഗത്തിറങ്ങുകയും ചെയ്യും. അതിന് വേണ്ട ഉപചാരമര്യാദകള്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചവര്‍ വിട്ടുവീഴ്ചയില്ലാതെ അനുഷ്ഠിക്കുകയും ചെയ്യും. അഞ്ചാണ്ട് കൂടുമ്പോള്‍ ഭരണം മാറുമെന്ന പതിവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ നിരാശരുടെ പ്രകടനങ്ങള്‍ കോണ്‍ഗ്രസില്‍ ഇക്കുറി ഇത്തിരി കൂടുമെന്ന് മാത്രം. “വിശാലമായ ജനാധിപത്യ”മെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിശേഷിപ്പിക്കുന്ന ഇത്തരം പ്രകടന സ്വാതന്ത്ര്യങ്ങളാണ് ഒരു പരിധിവരെ അതില്‍ തുടരാന്‍ അവരില്‍ വലിയൊരു വിഭാഗത്തെ പ്രേരിപ്പിക്കുന്നതും. സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ പേരുണ്ടാകുകയും ഘടക കക്ഷിക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ പുറത്താക്കപ്പെടുകയും ചെയ്ത കെ പി സി സിയുടെ ജനറല്‍ സെക്രട്ടറിയോട് അടുത്തിടെ സംസാരിച്ചിരുന്നു. ഇത് അവസാനത്തെ ചാന്‍സായിരുന്നു, അതും നഷ്ടമായെന്ന നിരാശ അദ്ദേഹം മറച്ചുവെച്ചില്ല. നഷ്ടമായ സീറ്റില്‍ യു ഡി എഫിനായി പ്രചാരണത്തിനിറങ്ങേണ്ടി വരുമല്ലോ എന്ന് ചോദിച്ചപ്പോള്‍, അത് പിന്നെ ഒഴിവാക്കാനാകില്ലല്ലോ എന്നായിരുന്നു മറുപടി. മറ്റൊരു മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ ചേരിപ്പോര് തീര്‍ത്ത് മടങ്ങുകയായിരുന്നു അപ്പോഴദ്ദേഹം!

ഇങ്ങനെയുള്ളവര്‍ കൂടി ഉള്ളപ്പോഴാണ്, ചിലരെയൊക്കെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ അപഹാസ്യമാകുന്നത്. ഉദാഹരണത്തിന് മുന്‍ മന്ത്രി കെ ബാബു. അഞ്ച് തവണ തൃപ്പൂണിത്തുറയില്‍ നിന്ന് വിജയിക്കുകയും ആറാം തവണ പരാജയപ്പെടുകയും ചെയ്ത ബാബുവിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തുമ്പോള്‍ ലജ്ജ തോന്നേണ്ടതാണ്. അതില്ലാതിരിക്കുമ്പോള്‍ പ്രകടനങ്ങള്‍ ബാബുവിന്റെ സംഘാടനമാണെന്ന ആരോപണത്തിന് സാധുതയേറും. അതുപോലെ തന്നെയാണ് പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി പോകരുതെന്ന് ആവശ്യപ്പെട്ടുള്ള വികാര പ്രകടനവും. അമ്പതാണ്ടായി പുതുപ്പള്ളിയുടെ പ്രതിനിധിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം ഇക്കുറിയും അവിടെ നിന്ന് ജയിക്കും. മറ്റൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ടെന്നും അത് ഏറ്റെടുക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണെന്നും മേനി നടിക്കാന്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചില്ല എന്നത് അദ്ദേഹത്തിന്റെ വലിപ്പം തന്നെയാണ് കുറക്കുന്നത്. തൃക്കരിപ്പൂര്‍, മട്ടന്നൂര്‍, മലമ്പുഴ തുടങ്ങി സി പി എം ജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളില്‍പ്പോലും ശക്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്നാവശ്യപ്പെടുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീര്യം പോലും ഇല്ലാതെ പോയി സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിക്ക്.

സി പി എം, സി പി ഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികള്‍, പക്ഷേ പതിവില്ലാത്ത വിധം പ്രതിഷേധത്തെ നേരിടേണ്ടിവന്നു. ജി സുധാകരന്‍, തോമസ് ഐസക്ക്, എ പ്രദീപ് കുമാര്‍, കെ വി അബ്ദുല്‍ ഖാദര്‍ തുടങ്ങി വിജയം ഉറപ്പുള്ളവരെ മാറ്റിനിര്‍ത്തിയപ്പോഴുണ്ടായ അമ്പരപ്പാണ് സി പി എമ്മില്‍ ആദ്യം പ്രതിഷേധമായി ഉയര്‍ന്നത്. സ്വാഭാവികമായ ഞെട്ടലിന്റെ പ്രതിഫലനമെന്നതിനപ്പുറത്തേക്ക് അത് വളര്‍ന്നില്ല. പക്ഷേ, പൊന്നാനിയില്‍ സി പി എം മുതിര്‍ന്ന നേതാവ് പി നന്ദകുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍, നാട്ടുകാരനും ജനപ്രിയനുമായ സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനം ആ പാര്‍ട്ടിയുടെ നേതൃത്വത്തെയാണ് ഞെട്ടിച്ചത്. സി പി എമ്മിന് നല്ല സ്വാധീനമുള്ള കുറ്റിയാടി, കേരള കോണ്‍ഗ്രസി (എം)ന് നല്‍കാന്‍ തീരുമാനിച്ചതിലുയര്‍ന്ന പ്രതിഷേധവും. കേന്ദ്രീകൃത ജനാധിപത്യമെന്ന തത്വമനുസരിച്ച്, പാര്‍ട്ടി തീരുമാനം അംഗങ്ങളും അനുഭാവികളും അംഗീകരിക്കുക എന്ന രീതി ഇനിയധികം തുടരാനാകില്ലെന്നാണ് ഈ പ്രതിഷേധങ്ങള്‍ പറയുന്നത്. ഏതാണ്ട് സമാനമാണ് സി പി ഐയിലെയും സ്ഥിതി. അവര്‍ പ്രഖ്യാപിച്ച പല സ്ഥാനാര്‍ഥികളോടും വിയോജിച്ച്, പ്രവര്‍ത്തകരും അനുഭാവികളും തെരുവിലിറങ്ങി. പ്രാദേശിക വികാരം കണക്കിലെടുത്തില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് അവര്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെന്ന് ഇപ്പോഴും അവകാശപ്പെടുന്നതിനാല്‍ രണ്ട് പാര്‍ട്ടികള്‍ക്കും ഈ പ്രതിഷേധങ്ങളെയും വെല്ലുവിളികളെയും അംഗീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന് പാര്‍ട്ടിയാണ് വലുതെന്ന സിദ്ധാന്തം അരക്കിട്ടുറപ്പിക്കാനായിരിക്കും ശ്രമിക്കുക. പക്ഷേ, എത്രകാലമിങ്ങനെ എന്ന ചോദ്യം അഭിമുഖീകരിക്കാതിരിക്കാന്‍ അവര്‍ക്ക് സാധിക്കുകയുമില്ല. മുകളില്‍ നിന്ന് താഴേക്ക് എന്നതില്‍ നിന്ന് താഴെ നിന്ന് മുകളിലേക്ക് എന്ന സ്വാഭാവികവും ജനാധിപത്യപരവുമായ രീതിയിലേക്ക് അധികം വൈകാതെ അവര്‍ക്ക് മാറേണ്ടിവരും. കാലം മാറിയത് തിരിച്ചറിയാനുള്ള ചില സൂചനകള്‍ കൂടിയാണ് സി പി എമ്മിനും സി പി ഐയ്ക്കും അത്ര പരിചിതമല്ലാത്ത ഈ അനുഭവങ്ങള്‍. വി എസ് അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോളുയര്‍ന്ന വികാരത്തേക്കാള്‍ ശക്തിയുള്ളതും വേറിട്ടതുമാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍.

മുസ്‌ലിം ലീഗിനെ സംബന്ധിച്ച്, നേതൃത്വത്തിലെ ശാക്തിക ചേരിയുടെ തീരുമാനം പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുകയും അത് അംഗീകരിക്കപ്പെടുകയുമായിരുന്നു പതിവ്. വിയോജിപ്പുകളിത്രത്തോളം ശക്തമായി പ്രകടിപ്പിക്കപ്പെട്ടത് ഓര്‍മയിലില്ല. അവസരം കിട്ടാത്തവര്‍, കിട്ടിയവരെ തോല്‍പ്പിച്ചതിന്റെ കഥകളുണ്ടെങ്കിലും. ഇപ്പോള്‍ പ്രതിഷേധം പാണക്കാട് തങ്ങളുടെ വീട്ടിലേക്ക് എത്തുന്നു. അഴിമതിക്കേസില്‍ ആരോപണവിധേയനായ നേതാവിനെ മാറ്റുമ്പോള്‍ മകന് സീറ്റ് നല്‍കുന്നത് ചോദ്യംചെയ്യപ്പെടുന്നു. സി എച്ചിന്റെ മകനെന്ന പരിഗണന ഇപ്പോഴുമുള്ള എം കെ മുനീറിനെ കെട്ടിയിറക്കേണ്ടെന്ന് കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകരില്‍ കുറച്ചുപേരെങ്കിലും പരസ്യമായി പറയുന്നു.

എല്ലായിടത്തും പൊതുവിലുള്ളത്, അധികാരം ചോദ്യം ചെയ്യപ്പെടുക എന്നതാണ്. നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ പഞ്ചപുച്ഛമടക്കി അനുസരിക്കുന്ന കാലം അവസാനിച്ചുവെന്ന തുറന്നു പറച്ചിലാണത്. ആ നിലക്ക് സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള ബഹളങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് തന്നെ കരുതണം. അഞ്ചാണ്ടിലൊരിക്കലെത്തുന്ന ഉത്സവത്തിലെ ആഘോഷ ഇനങ്ങളാണെന്നും. അസംതൃപ്തരെ ചേരി മാറ്റാന്‍ വാഗ്ദാനങ്ങളുമായി രംഗത്തുള്ളവര്‍, അവരുടെ പരിമിതമായ ശക്തിയുപയോഗിച്ച് നടത്താന്‍ ശ്രമിക്കുന്ന കുതിരക്കച്ചവടമാണ് അപവാദം. 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് അഹങ്കരിക്കാനോ അതിനുള്ള പണവും സ്വാധീനവുമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ച് ജനത്തെ പുച്ഛിക്കാനോ അവര്‍ മടിക്കുന്നുമില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest