Kerala
കളമശ്ശേരി സീറ്റിനെ ചൊല്ലി ലീഗില്‍ തര്‍ക്കം; സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് അഹമ്മദ് കബീര്‍

കൊച്ചി | കളമേശ്വരത്തെ സ്ഥാനാര്‍ഥിയെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം മുറുകുന്നു. മുന്‍ മന്ത്രിയും നിലവില്‍ കളമശ്ശേരിയില്‍ എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെ പ്രാദേശിക വികാരം ശക്തമാണ്. ഇക്കാര്യത്തില്‍ പ്രവര്‍തതകരുടെ വികാരം മാനിക്കണമെന്ന് തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ടി എ അഹമ്മദ് കബീറും രംഗത്ത് വന്നു.
തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വേണ്ടിയുള്ള മത്സരമാണ്. അപ്പോള്‍ ജയസാധ്യതക്കാണ് പ്രാധാന്യം. അതിന്റെ അടിസ്ഥാനം ജനാഭിപ്രായമാണ്. അതാണ് ഇന്നലെ പ്രകടമായത്. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാന്‍ ഏത് പാര്‍ട്ടിയും ബാധ്യതസ്തരാണ്. പ്രാദേശികമായ പ്രശ്‌നങ്ങള്‍ എല്ലാം അതേ രീതിയില്‍ മുകളില്‍ അറിയണമെന്നില്ല. അത് മനസ്സിലാക്കി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ് – അഹമ്മദ് കബീര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മങ്കടയില്‍ നിന്ന് തന്നെ മാറ്റേണ്ടുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് അഹമ്മദ് കബീര്‍ പറഞ്ഞു. കളമശ്ശേരിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്. അതിന് ശേഷം മറ്റു കാര്യങ്ങള്‍ പറയാമെന്നും അഹമ്മദ് കബീര്‍ വ്യക്തമാക്കി.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കുറ്റാരോപിതനായ സാഹചര്യത്തിലാണ് വി കെ ഇബ്രാഹീം കുഞ്ഞിന് ലീഗ് ടിക്കറ്റ് നിഷേധിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന് പകരം സീറ്റ് നല്‍കുകയായിരുന്നു.