Connect with us

Cover Story

മനുഷ്യത്വത്തിന്റെ വിളക്കുമാടം ജ്വലിച്ചു തന്നെ

Published

|

Last Updated

കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തത്തിനു സാക്ഷ്യം വഹിച്ച കവളപ്പാറ പതിയെപ്പതിയെ ജീവ താളം വീണ്ടെടുക്കുകയാണ്. മണ്ണ് വിഴുങ്ങിക്കളഞ്ഞവരുടെ ഓര്‍മകള്‍ ഇപ്പോഴും അവരുടെ കണ്ണിനെ ഈറനാക്കുന്നു. കൈവിട്ടുപോയ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ക്കാന്‍ മാതാപിതാക്കൾ ഇപ്പോഴും അശക്തരാകുന്നു. സര്‍ക്കാറും വിവിധ ഏജന്‍സികളും ചേര്‍ന്നൊരുക്കിയ പുനരധിവാസത്തില്‍ പുതു ജീവിതം കരുപ്പിടിപ്പിക്കുകയാണവര്‍. ചില കുടുംബങ്ങള്‍ പണി തീര്‍ന്ന പുതിയ വീടുകളിലേക്കു മാറിയിരിക്കുന്നു. കുറേ പുതിയ വീടുകള്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്നു.
2019 ആഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കി മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത കവളപ്പാറയിലെ മുത്തപ്പന്‍കുന്നില്‍ ഉരുൾപൊട്ടിയത്. 59 ജീവനുകളെയും 42 വീടുകളെയും ഒറ്റനിമിഷം കൊണ്ടു മൂടിക്കളഞ്ഞു പ്രകൃതിയുടെ താണ്ഡവം.

തോരാതെ പെയ്ത മഴ. ഇടക്കൊരു ഇടിമുഴക്കം. വൈകീട്ട് ഏഴ് മണി കഴിഞ്ഞുള്ള ഇരുള്‍. ഭൂമി പിളരുന്ന അത്യന്തം ഭീതിദമായ ഒരു ശബ്ദം ഇരുളിനെ മുറിച്ചെത്തി. നിമിഷാർദം കൊണ്ടു മണ്ണും പാറയും മരങ്ങളും അശക്തമായ മനുഷ്യ ജീവനുമേല്‍ പതിച്ചുകഴിഞ്ഞു. ഉറ്റവരും വാസസ്ഥലവും തൊഴിലും നഷ്ടപ്പെട്ട് ഒരു ജനത വിറങ്ങലിച്ചുനിന്നു. ആ നടുക്കത്തില്‍ നിന്നാണ് ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക് അവര്‍ ചേക്കേറുന്നത്. പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ അവർക്ക് കരുത്താകുന്നു.

അതിജീവിച്ചവര്‍ക്ക് ആ രാത്രിയെ മറക്കാനാകില്ല. വെറും രണ്ട് മിനുട്ടിനുള്ളില്‍ മുത്തപ്പന്‍കുന്ന് മൂന്ന് ഭാഗത്തേക്കായി പിളര്‍ന്നു. ദുരന്തത്തിന്റെ ആഴം അറിയാന്‍ നേരം പുലരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. 50 ഏക്കര്‍ ഭൂമി ഒന്നടങ്കം ഒലിച്ചിറങ്ങിപ്പോയിരിക്കുന്നു. 19 കുടുംബത്തിലുള്ള 59 പേര്‍ മരിച്ചു. 18 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. 11 മൃതദേഹങ്ങള്‍ ഇന്നും മണ്ണിനടിയില്‍ത്തന്നെ.

പുനരധിവാസത്തിനായി സര്‍ക്കാറും വിവിധ സംഘടനകളും വ്യക്തികളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി സര്‍ക്കാര്‍ നാല് ലക്ഷം രൂപവീതം നല്‍കി. ആലിന്‍ചുവട് വായനശാലപ്പടിയില്‍ 59 വീട് അതിവേഗം ഉയരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപ നല്‍കി. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്ന് ഒരുലക്ഷവും.

ഭൂമിയും വീടും നഷ്ടമായ എല്ലാ കുടുംബങ്ങള്‍ക്കുമായി 7.78 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 67 പേര്‍ക്ക് ഭൂമി വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 4.02 കോടി രൂപ അനുവദിച്ചു. ഒരു ഗുണഭോക്താവിന് ആറ് ലക്ഷം രൂപ. ആകെയുള്ള 94 ഗുണഭോക്താക്കള്‍ക്കും വീട് നിര്‍മാണത്തിന് 3.76 കോടി രൂപയും അനുവദിച്ചു. ഓരോരുത്തര്‍ക്കും നാല് ലക്ഷം രൂപ. ഇവര്‍ക്ക് ഇഷ്ടമുള്ള പ്രദേശത്ത് ഭൂമി വാങ്ങി വീട് നിര്‍മിക്കാം.
ഇതിനൊപ്പമാണ് ജീവകാരുണ്യത്തിന്റെ കരുത്തുമായി കേരള മുസ്്ലിം ജമാഅത്തും കൈകോര്‍ത്തത്. ദുരന്ത സമയത്ത് സ്ഥലം സന്ദര്‍ശിക്കാനെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ദുരിതം സഹിക്കുന്ന മനുഷ്യരെ സാക്ഷിയാക്കി പ്രഖ്യാപിച്ചിരുന്നു, കേരള മുസ്്ലിം ജമാഅത്ത് സാധ്യമായത്രയും വീടുകള്‍ നിര്‍മിച്ചു നൽകുമെന്ന്. ആ പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ എല്ലാ യൂനിറ്റുകളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു ധനം സമാഹരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ഐ സി എഫ് കമ്മിറ്റികളും പ്രധാന പങ്കുവഹിച്ചു. കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും പ്രകൃതി ദുരന്തത്തിന് ഇരകളായ 2,500 റോളം പേര്‍ക്ക് 10,000 രൂപ വീതം സാമ്പത്തിക സഹായം അപ്പോള്‍ തന്നെ കാന്തപുരം നേരിട്ടു നല്‍കുകയുണ്ടായി.

ദുരന്ത ഭൂമിയില്‍ നിന്ന് അല്‍പ്പം അകലെ ഭൂദാനം പ്രദേശത്ത് 76 സെന്റ് ഭൂമി വിലക്കു വാങ്ങി കേരള മുസ്്‌ലിം ജമാഅത്ത് അവിടെ നിര്‍മിച്ച 13 വീടുകള്‍ മാര്‍ച്ചില്‍ കൈമാറാന്‍ കഴിയും വിധം പൂര്‍ത്തിയായി വരികയാണ്. ഓരോ ഗുണഭോക്താവിനും ആറ് സെന്റ് വീതം ഭൂമിയിലാണ് ഉറപ്പുള്ള ഭവനം ഒരുങ്ങുന്നത്. രണ്ട് കിടപ്പു മുറികള്‍, ഒരു ഹാള്‍, അടുക്കള, വരാന്ത, ബാത്ത്റൂം എല്ലാമുള്ള സമ്പൂര്‍ണ ഗൃഹം. ഈ വീടുകളിലെ താമസക്കാര്‍ക്കായി ഇരു നിലയില്‍ ഒരു സാംസ്‌കാരിക കേന്ദ്രവും സജ്ജമാകുന്നുണ്ട്. എല്ലാ വീടുകള്‍ക്കും വെള്ളം എത്തിക്കാന്‍ ഉതകുന്ന വിധം കിണറും ജലസംഭരണിയും ഒരുങ്ങുന്നു. വീടുകളിലേക്കുള്ള സഞ്ചാരം സാധ്യമാക്കുന്ന റോഡുകളും ഓരോ വീടിനും ശാസ്ത്രീയമായ വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും അതിരുകളില്‍ കരിങ്കല്‍ കെട്ടുകളുമുണ്ട്. വൈദ്യുതീകരണവും വാതില്‍, ജനല്‍ പാളികളുടെ പ്രവൃത്തിയും മാത്രമേ ഇനി ബാക്കിയുള്ളൂ. പി വി അന്‍വര്‍ എം എല്‍ എയുടെ മുന്‍കൈയില്‍ ആണ് ഇവിടെ ഭൂമി വാങ്ങിയത്. പ്രകൃതി താണ്ഡവമാടിയ കരിഞ്ചോലമലയില്‍ എട്ട് വീടുകളും വയനാട്ടിലെ പുത്തുമലയില്‍ 14 വീടുകളും ഇതേ സമയം മുസ്്ലിം ജമാഅത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജീവകാരുണ്യത്തിന്റെ നിലയ്ക്കാത്ത പ്രവാഹമായി മാനവ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ അധ്യായങ്ങള്‍ തീര്‍ത്തു കേരള മുസ്്‌ലിം ജമാഅത്ത് മുന്നേറുകയാണ്. സമൂഹത്തിന്റെ വിളിക്കു കാതോര്‍ത്ത് വിദ്യാഭ്യാസം, തൊഴില്‍, ജീവകാരുണ്യം, ആരോഗ്യം, മതസൗഹാർദം, പ്രവാസി ക്ഷേമം തുടങ്ങി നിരവധി മണ്ഡലങ്ങളില്‍ അതിന്റെ പ്രവര്‍ത്തനം പ്രശംസാര്‍ഹമായി അടയാളപ്പെട്ടിരിക്കുന്നു. നേതൃത്വത്തിന്റെ ആഹ്വാനത്തിനു കാതോര്‍ക്കുന്ന 6000 യൂനിറ്റുകള്‍, 1100 സര്‍ക്കിളുകള്‍, 114 സോണുകള്‍, നീലഗിരി അടക്കം 15 ജില്ലാ കമ്മിറ്റികള്‍ അങ്ങനെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഊർജസ്വലമായ ഒരു പ്രസ്ഥാനം മാനവ സമൂഹത്തിനു മുന്നില്‍ പ്രതീക്ഷയുടെ കാവലാളായി നിലക്കൊള്ളുന്നു.

ദുരന്തമുഖത്ത് മനുഷ്യത്വത്തിന്റെ അനവധി നിമിഷങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റതാണ് നാട്ടുകാര്‍ക്ക് ഇന്നും ആത്മബലം നല്‍കുന്നത്. എല്ലാം നഷ്ടപ്പെട്ടവരെ കൈവിടാതെ കാക്കാന്‍ അനേകര്‍ ഓടിയെത്തുന്ന നാടാണിതെന്ന യാഥാര്‍ഥ്യം ആ അപകട ഘട്ടം വ്യക്തമാക്കി.

തന്റെ വീടിന്റെ മുമ്പില്‍ വരെ മണ്ണിടിഞ്ഞു വന്നതിനു സാക്ഷിയായ നീലേങ്ങാടന്‍ മൊയ്തീന്‍ കോയ എന്ന 75 കാരന്‍ ഇപ്പോഴും ആ ഭീതിയില്‍ നിന്നു മുക്തനല്ല. ജീവിതകാലത്തിനിടെ ഇത്രയും പേടിപ്പെടുത്തിയ ഒരു കാഴ്ച കണ്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

കനത്ത മഴയെത്തുടര്‍ന്ന് കവളപ്പാറയിലൂടെ ഒഴുകുന്ന തോട് കവിഞ്ഞൊഴുകി വെള്ളം ഉയര്‍ന്നതിനാല്‍ പലരും മാറിത്താമസിച്ചതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

40 അടിയോളം മൂടിയ മണ്ണിനടിയില്‍ ഇപ്പോഴും 11 പേര്‍ കിടപ്പുണ്ടെന്നത് നാടിന്റെ വേദനയായി തുടരുകയാണെന്ന് അദ്ദേഹം പറയുന്നു. കണ്ടെത്താനുള്ളവരില്‍ ഒമ്പതുപേരും ആദിവാസികളായിരുന്നു. കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടര്‍ന്ന് പോത്തുകല്ല് മഹല്ല് കമ്മിറ്റി പള്ളി ഇതിനായി തുറന്നുകൊടുക്കുകയായിരുന്നു. നിസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവുമായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്താനായി സൗകര്യപ്പെടുത്തിയത്.
മദ്്റസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യിത്ത് കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് മഹല്ല് കമ്മിറ്റിയിൽ നിന്നുണ്ടായത്. പോത്തുകല്ല് മഹല്ല് കമ്മിറ്റി അന്ന് മനുഷ്യത്വത്തിന്റെ മറ്റൊരു ചരിത്രമെഴുതി.

അനേകം പ്രതിസന്ധിയിലൂടെയാണ് മാനവ സമൂഹം കടന്നുപോകുന്നതെങ്കിലും അവിടെയെല്ലാം മനുഷ്യത്വത്തിന്റെ വിളക്കുമാടം ജ്വലിച്ചു തന്നെ നില്‍ക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങള്‍ക്കായി സാന്ത്വനത്തിന്റെ കരസ്പര്‍ശവുമായി ഓടിയെത്താന്‍ ഒന്നും തടസ്സമാകില്ലെന്ന പ്രഖ്യാപനമാണ് കവളപ്പാറയിലെ പുനരധിവാസത്തിനു പറയാനുള്ളത്.
.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest