Connect with us

National

മോദിയെ വിട്ട് ദീദിക്കൊപ്പം; മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

Published

|

Last Updated

കൊൽക്കത്ത | മുന്‍ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന  യശ്വന്ത് സിൻഹ തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നു. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഡറിക് ഒബ്രിയാനിൽ നിന്ന് യശ്വന്ത് സിൻഹ പാർട്ടി അംഗത്വം സ്വീകരിച്ചു.

പശ്​ചിമബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന്​ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​. ഡെറിക് ഒ ബ്രയൻ, സുദീപ് ബന്ദോപാധ്യയ, സുബ്രത മുഖർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യശ്വന്തിനെ പോലെയൊരാൾ പാർട്ടിയുടെ ഭാഗമാകുന്നിൽ അഭിമാനമുണ്ടെന്ന് സുബ്രത മുഖർജി പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയുള്ള യുദ്ധമാണെന്ന് അംഗത്വമെടുത്തശേഷം സിൻഹ പ്രതികരിച്ചു. അംഗത്വമെടുക്കുന്നതിന് മുമ്പ് യശ്വന്ത് സിൻഹ മമത ബാനർജിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

1960 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന യശ്വന്ത് സിൻഹ 24 വ‌‌ർഷത്തെ സർ‍വ്വീസിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 1984ൽ ജനതാപാർട്ടി അംഗത്വമെടുത്തു. 1986ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായ അതേ വർഷം രാജ്യസഭയിലെത്തി.  ജനതാദള്‍ രൂപീകരിച്ചപ്പോള്‍ 1989ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1990ല്‍ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരില്‍ ധനകാര്യമന്ത്രിയായി. 1996ലാണ് യശ്വന്ത് സിൻഹ ജനതാദള്‍ വിട്ട് ബിജെപിയിലെത്തിയത്. ചന്ദ്രശേഖർ മന്ത്രിസഭയിലും (1990–1991) ആദ്യ വാജ്‌പേയി മന്ത്രിസഭയിലും (1998 മുതൽ 2002 വരെ) യശ്വന്ത് സിൻഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്‌പേയി സർക്കാരിന്‍റെ കാലത്ത് വിദേശകാര്യമന്ത്രിയുമായിരുന്നു.  2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് മുതലാണ് സിൻഹയും ബി ജെ പിയുമുള്ള  പ്രശ്നങ്ങൾക്ക് തുടക്കം. ശേഷം 2018ൽ ബിജെപി വിട്ടു.