Connect with us

Covid19

വാക്‌സിനുകൾ രാഷ്ട്രങ്ങൾക്കിടയിൽ തുല്യമായി പങ്കിടണമെന്ന് ലോക ഭരണകൂട ഉച്ചകോടിയിൽ ഡബ്ല്യു എച്ച് ഒ

Published

|

Last Updated

ദുബൈ | വാക്‌സിനുകൾ രാഷ്ട്രങ്ങൾക്കിടയിൽ തുല്യമായി പങ്കിടണമെന്നും വൈറസ് പടരാനുള്ള അവസരം നൽകരുതെന്നും ലോകാരോഗ്യ സംഘടന ഡയറക്റ്റർ ജനറൽ  ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രണ്ട് ദിവസമായി നടന്നുവന്ന ദുബൈ ലോക ഭരണകൂട ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ കാലത്ത് വളരെ പ്രധാനപ്പെട്ട യോഗം സംഘടിപ്പിച്ചതിന് യു എ ഇ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.

“ഞാൻ 2018ൽ സംസാരിച്ചപ്പോൾ, ഭാവിയിലെ പകർച്ചവ്യാധികളെ നേരിടാൻ സജ്ജമാകുന്നതിന് ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായ സാർവത്രിക ആരോഗ്യ പരിരക്ഷയിലും ആരോഗ്യ സുരക്ഷയിലും നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.  ഇപ്പോൾ കൊവിഡ്  ലോകത്തെ കീഴടക്കി. എന്തുകൊണ്ടാണ് ശക്തമായ, ഊർജസ്വലമായ ആരോഗ്യ സംവിധാനങ്ങൾ പ്രാധാന്യമർഹിക്കുവെന്ന് ഇത്  കാണിക്കുന്നു.

പൊതുജനാരോഗ്യ നടപടികളുമായി ചേർന്ന്, വാക്‌സിനുകൾ  പകർച്ചവ്യാധിയെ നിയന്ത്രണത്തിലാക്കുമെന്ന പ്രതീക്ഷ നൽകുന്നു. വാക്‌സിനുകൾ ഫലപ്രദമല്ലാതാകാൻ സാധ്യതയേറെ. മനുഷ്യ-സാമ്പത്തിക കഷ്ടപ്പാടുകൾ പലയിടത്തും നീണ്ടുനിൽക്കും. വാക്‌സിനുകൾ സഹായിക്കുമെങ്കിലും മുമ്പുണ്ടായിരുന്ന അതേ വെല്ലുവിളികളിൽ പലതും അവശേഷിക്കും.

നാമെല്ലാവരും ആഗ്രഹിക്കുന്ന ആരോഗ്യകരവും സുരക്ഷിതവും മികച്ചതുമായ ലോകത്തിനായി ശക്തമായ ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ എല്ലാ രാജ്യങ്ങളും ഒരുമിച്ചു നിൽക്കണം. ആരോഗ്യം കേവലം ശക്തവും സമ്പന്നവുമായ രാഷ്ട്രങ്ങളുടെ ഉത്പന്നമല്ല – ഇത് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥിരതയുടെ അടിത്തറയാണ്, ഡോ. ടെഡ്രോസ് പറഞ്ഞു.

Latest