Kerala
കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്ത വ്യാജം: ഇന്നസെന്റ്

തൃശൂര്‍ | കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് സിനിമാ താരവും മുന്‍ എം പിയുമായ ഇന്നസെന്റ്. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകുമെന്ന് ഇന്നസെന്റ് പരിഹസിച്ചു.
“കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ഇന്നസെന്റ്. എന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയെന്ന് തോന്നുന്നു”, ഇതാണ് ഇന്നസെന്റിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇന്നലെ പ്രചരിപ്പിക്കപ്പെട്ടത്. യു ഡി എഫ് അനുഭാവികളുടെ പ്രൊഫൈലുകള്‍ വഴി ഇത് വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയാണ് എം പി രംഗത്തെത്തിയിരിക്കുന്നത്.
“എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്നും ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.