Connect with us

Articles

ജലക്ഷാമം പരിഹരിക്കുന്നതിന്

Published

|

Last Updated

സംസ്ഥാനത്ത് വേനല്‍ ചൂട് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. സൂര്യാതപമേല്‍ക്കാതിരിക്കുന്നതിനുള്ള മുന്നറിയിപ്പുകള്‍ കാലാവസ്ഥാ വിഭാഗം നല്‍കിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍, ഫാക്ടറി തൊഴിലാളികള്‍, നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, വിദ്യാര്‍ഥികള്‍, കാല്‍നട യാത്രികര്‍ തുടങ്ങിയവരൊക്കെയും നിര്‍ജലീകരണാവസ്ഥയെ തരണം ചെയ്യുന്നതിനു വേണ്ടി പതിവിലധികം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനം പരിശോധിച്ചാല്‍ വര്‍ഷ കാലമെന്നപോലെ വേനല്‍ കാലവും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നു കാണാനാകും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയം മാറ്റിനിര്‍ത്തിയാല്‍ പോലും മഴ തുടങ്ങുന്നതോടെ നാടും നഗരവും വെള്ളക്കെട്ടില്‍ അകപ്പെടുകയും മഴ മാറുന്നതോടെ കടുത്ത ജലക്ഷാമവും വരള്‍ച്ചയും അനുഭവപ്പെടുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം വര്‍ഷങ്ങള്‍ക്കു മുമ്പേ മാറിക്കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം.

പാര്‍പ്പിടങ്ങളുടെയും വ്യവസായ ശാലകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയുമെല്ലാം നിര്‍മാണ ആവശ്യങ്ങള്‍ക്കായി വയലുകളും തോടുകളും മണ്ണിട്ട് നികത്തിയതും പ്രകൃതിദത്തമായ സ്വാഭാവിക ജല നിര്‍ഗമന വഴികളത്രയും സ്വകാര്യ വ്യക്തികളും വ്യവസായ സംരംഭകരും തടസ്സപ്പെടുത്തിയതുമാണ് ഇത്തരത്തിലൊരു സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരത്തേ തന്നെ കണ്ടെത്തുകയും പരിഹാരക്രിയകളെന്ന നിലയില്‍ ചിലതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ജലസമ്പുഷ്ടമായ 44 നദികള്‍ക്കു പുറമെ അനേകം ശുദ്ധജല തടാകങ്ങളും എണ്ണമറ്റ തോടുകളും വിശാലമായ ഒട്ടനേകം കുളങ്ങളുമെല്ലാമുള്ള സംസ്ഥാനമാണ് കേരളം. ഇതിനെല്ലാം പുറമെ മുല്ലപ്പെരിയാറിലെയും കാവേരിയിലെയും ജലം കണക്കു പറഞ്ഞ് വാങ്ങുകയും ചെയ്യുന്നു. അതേസമയം, വേനല്‍ തുടങ്ങുന്നതോടെ സംസ്ഥാനത്തെ ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യുന്നു. കാലങ്ങളായി തുടര്‍ന്നു വരുന്ന ഈയൊരു പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി വിവിധങ്ങളായ പദ്ധതികളും പരിപാടികളുമാണ് കഴിഞ്ഞ കാല സര്‍ക്കാറുകള്‍ ഇതിനോടകം നടപ്പാക്കിയിട്ടുള്ളത്. മഴക്കുഴി നിര്‍മാണവും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും കിണര്‍ റീചാര്‍ജിംഗുമെല്ലാം അതില്‍ ചിലത് മാത്രമാണ്.
മഴക്കുഴി നിര്‍മാണം തൊഴിലുറപ്പു തൊഴിലാളികളാണ് നിര്‍വഹിച്ചിരുന്നതെങ്കില്‍ സംസ്ഥാന വനം വകുപ്പിന് കീഴിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. കാല്‍ നൂറ്റാണ്ടു മുമ്പ് പത്ത് ലക്ഷം തൈകളില്‍ തുടക്കം കുറിച്ച തൈ നട്ടുപിടിപ്പിക്കല്‍ പദ്ധതി നിലവിലെ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാറായപ്പോഴേക്കും രണ്ട് കോടിയിലാണ് എത്തിനില്‍ക്കുന്നത്. സര്‍ക്കാറിനു പുറമെ യുവജന സംഘടനകളും മത സാമുദായിക സംഘടനകളും മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാമായി നാല് കോടിയിലധികം വരുന്ന വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഈ നിലയില്‍ നോക്കിയാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ മാത്രം 60 കോടിയോളം വൃക്ഷത്തൈകളാണ് സംസ്ഥാനത്തെ പാതയോരങ്ങളിലും വീട്ടുവളപ്പിലും പൊതു ഇടങ്ങളിലുമായി നട്ടുപിടിപ്പിച്ചിരിക്കുന്നത്.

വേനല്‍ ചൂടിനെ തരണം ചെയ്യുന്നതിനുള്ള പ്രതിവിധിയായിട്ടാണ് മേല്‍ പറഞ്ഞവരെല്ലാം ചേര്‍ന്ന് ഇത്രയധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ നട്ടുപിടിപ്പിച്ചതല്ലാതെ വേണ്ടവിധം പരിപാലിക്കാന്‍ ബന്ധപ്പെട്ടവര്‍ താത്പര്യം കാണിക്കാത്തതിന്റെ ഫലമായി ഒരു ശതമാനം തൈകള്‍ പോലും മരമായി മാറിയില്ല. മാത്രമല്ല, നഗര വികസനത്തിന്റെ മറവില്‍ പൂര്‍വീകരാല്‍ നട്ടുപിടിപ്പിക്കപ്പെട്ട തണല്‍ മരങ്ങള്‍ പോലും മുറിച്ചുകളയുകയും ചെയ്തു. വേനല്‍ക്കാലത്തെ കാല്‍നട യാത്രകള്‍ അസഹ്യവും സൂര്യാതപമേല്‍ക്കാന്‍ സാധ്യതയേറിയതുമായതിനു പിന്നില്‍ ഇതും പ്രധാന കാരണമായിട്ടുണ്ടെന്നു കാണാം.

അതേസമയം, കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ കാരണം ഇതൊന്നുമല്ലെന്നും മറിച്ച് നദികളിലും തോടുകളിലുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശുദ്ധജലം വേനല്‍ കാലത്തേക്കായി സംഭരിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാളിതുവരെയുള്ള സര്‍ക്കാറുകളൊന്നും താത്പര്യപ്പെടാത്തതാണെന്നുമാണ് പൊതുജനം പറഞ്ഞുകൊണ്ടിരിക്കുന്നത്. പുഴകളിലും തോടുകളിലും നീരൊഴുക്ക് നിലക്കുന്നതു വരെ കാത്തിരിക്കുകയും നീരൊഴുക്ക് നിലച്ചതിനു ശേഷം പുഴകളിലും തോടുകളിലും മണല്‍ ചാക്കുകളുമായി തടയണ നിര്‍മാണത്തിനു പുറപ്പെടുന്ന രീതിയുമാണ് കാലങ്ങളായി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. തത്ഫലമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഏതാനും ദിവസത്തെ തൊഴില്‍ ലഭിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും ചെയ്യുമെന്നതല്ലാതെ ഇത്തരം പ്രവൃത്തിയിലൂടെ ജലക്ഷാമം പരിഹരിക്കപ്പെടാറില്ലെന്നതാണ് യാഥാര്‍ഥ്യം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ അളവില്‍ തന്നെയാണ് ഇത്തവണ സംസ്ഥാനത്ത് മഴ ലഭിച്ചിട്ടുള്ളത്. അതേസമയം, പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി മഴ മാറിയതിനു പിറകെയായി പുഴകളിലെയും തോടുകളിലെയും നീരൊഴുക്ക് നിലച്ചതായും കാണാവുന്നതാണ്. ഇനിയൊരു ഇടമഴയില്‍ പ്രതീക്ഷയില്ലാത്തതിനാല്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കുമാണ് അടുത്തു കൊണ്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മെയ് പകുതി വരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്നതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാറിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെയല്ലാതെ കുടിവെള്ള ക്ഷാമം നേരിടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യമല്ലെന്നതും കാണാതിരിക്കാനാകില്ല.
കഴിഞ്ഞകാല സര്‍ക്കാര്‍ നടപടികള്‍ പരിശോധിച്ചാല്‍ വരും കാലങ്ങളിലും വര്‍ഷ കാലത്തെ മഴവെള്ളക്കെട്ടില്‍ നിന്ന് നാടും നഗരവും രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നു തന്നെ പറയാം. അതേസമയം, ഏതാനും മാസത്തിനകം അധികാരത്തില്‍ വരാനിരിക്കുന്ന സര്‍ക്കാറും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും മനസ്സു വെച്ചാല്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ മേല്‍നോട്ടത്തിലും സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയും സംസ്ഥാനത്തിന് ഗുണകരമാകുന്ന വിധത്തിലുള്ള വനവത്കരണം സാധ്യമാക്കാം. അതിന്റെ ഭാഗമായി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണം വകയിരുത്തി പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യാം. അതോടൊപ്പം സാധ്യമായ ഇടങ്ങളിലെല്ലാം പുഴകളിലും തോടുകളിലും സ്ഥിരം തടയണകള്‍ നിര്‍മിച്ച് വേനല്‍ കാലത്തെ ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുകയും ചെയ്യാം.

രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അവരെ പ്രതിനിധാനം ചെയ്യുന്ന സ്ഥാനാര്‍ഥികളും തങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കുന്ന പ്രകടന പത്രികയില്‍ ജലക്ഷാമവും വരള്‍ച്ചയും നേരിടാനാവശ്യമായ പദ്ധതികളും പരിപാടികളും ഉള്‍പ്പെടുത്തണം. ഒപ്പം അവ താത്പര്യപൂര്‍വം പ്രാവര്‍ത്തികമാക്കുകയും വേണം. എന്നാല്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കകം ജലസമൃദ്ധമായ നാടായി സംസ്ഥാനത്തെ മാറ്റിയെടുക്കാനാകുമെന്ന കാര്യം തീര്‍ച്ചയാണ്.

---- facebook comment plugin here -----

Latest