Connect with us

Health

പുകവലി ഒഴിവാക്കണോ? ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ

Published

|

Last Updated

എല്ലാ വര്‍ഷവും മാര്‍ച്ചിലെ രണ്ടാം ബുധനാഴ്ചയാണ് നൊ സ്‌മോകിംഗ് ഡേ ആയി ആചരിക്കുന്നത്. ഇത്തവണയത് മാര്‍ച്ച് പത്തിനാണ്. ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിട്ടും പുകവലി നിര്‍ത്താനാകാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന മാര്‍ഗങ്ങളാണ് താഴെ പറയുന്നത്:

1. പേരക്ക ചായ: വിറ്റാമിന്‍ സി ഏറെ അടങ്ങിയ പേരക്കയുടെ ഇല ഒന്നര ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം പകുതിയാകുന്നത് വരെ തിളപ്പിക്കണം. തുടര്‍ന്ന് ദിവസമുടനീളം അല്പാല്പമായി കുടിക്കാം. വിറ്റാമിന്‍ സി കൂടുതല്‍ അടങ്ങിയ ഭക്ഷണം ശരീരത്തിലെത്തുന്നത് പുകവലി കുറക്കാന്‍ സഹായിക്കും.

2. പാല്‍: ദിവസവും രണ്ട് കപ്പ് പാല്‍ കുടിക്കുന്നത് പുകവലിയോട് വിരക്തി തോന്നുന്നതിന് സഹായിക്കും. സിഗരറ്റ് വലിക്കണമെന്ന് തോന്നുമ്പോള്‍ ഒരു കപ്പ് പാല്‍ കുടിച്ചാല്‍ മതി. സിഗരറ്റിന് അരുചിയുണ്ടാക്കാന്‍ പാല്‍ സഹായിക്കും. പാലില്‍ ആപ്പിളോ കുങ്കുമപ്പൂവോയൊക്കെ ഇടാവുന്നതാണ്.

3. ആയുര്‍വേദ ചായ: ജടാമാഞ്ചി, ജമന്തി, ബ്രഹ്മി എന്നിവ തുല്യ അളവില്‍ മിക്‌സ് ചെയ്ത് എടുക്കുക. തുടര്‍ന്ന് ഈ മിശ്രിതം ഒരു ടീസ്പൂണ്‍ എടുത്ത് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുക.

4. വെള്ളം- ശരീരത്തില്‍ നിന്ന് നിക്കോട്ടിന്‍ പുറന്തള്ളാന്‍ വെള്ളം ഫലപ്രദമാണ്. നിക്കോട്ടിന്‍ ഒഴിവാകുന്നതിലൂടെ വിശപ്പ്, ശോധന, നെഞ്ചെരിച്ചില്‍, പുകവലിക്കാനുള്ള അതിയായ ആഗ്രഹം തുടങ്ങിയവ ആദ്യ ഘട്ടത്തില്‍ ഉണ്ടാകാമെങ്കിലും പിന്നീടിത് ഘട്ടംഘട്ടമായി മാറും.

5. മഴവില്‍ ഡയറ്റ്: കരോട്ടിനോയ്ഡ്, എലാജിക് ആസിഡ്, റെസ് വെറാട്രോള്‍, ഫ്‌ളവനോയ്ഡ് പോലുള്ളവ അടങ്ങിയ സസ്യങ്ങളും പച്ചക്കറികളും കഴിക്കുന്നതും പുകവലി കുറക്കും.