Editorial
സംവരണം: കോടതി ഇടപെടലില്‍ പ്രതീക്ഷയുണ്ട്

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം നല്‍കുന്നതിന് ഉത്തരവിട്ട ഇന്ദ്ര സാഹ്നി കേസിലെ വിധി (മണ്ഡല്‍ കമ്മീഷന്‍ കേസ്) വിശാല ബഞ്ചിന് പുനഃപരിശോധിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ സംവരണ സംവിധാനം സംബന്ധിച്ച് ഏറെ നിര്‍ണായകമായ നീതിന്യായ നടപടിക്കാണ് കോടതി തുടക്കം കുറിച്ചിരിക്കുന്നത്. നിലവിലെ സംവരണ ഘടനയില്‍ വലിയ മാറ്റത്തിന് വഴിവെച്ചേക്കാവുന്ന ചുവടുവെപ്പാണിത്.
മൊത്തം സംവരണം പരമാവധി 50 ശതമാനമാക്കി നിശ്ചയിച്ചുവെന്നതാണ് ഇന്ദ്ര സാഹ്നി വിധിയുടെ പ്രാധാന്യം. മറാത്ത വിഭാഗത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവരണത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അശോക്ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യത്തില്‍ പുനഃപരിശോധനയുടെ സാധ്യത ആരായുമെന്ന് വ്യക്തമാക്കിയത്. പരമാവധി അമ്പത് ശതമാനം എന്ന നിലവിലെ വ്യവസ്ഥ മാറ്റി പകരം അമ്പത് ശതമാനത്തിന് മുകളില്‍ സവംരണം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും ബഞ്ച് നോട്ടീസ് നല്‍കി.
മറാത്ത സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും 12-13 ശതമാനം സംവരണം നല്‍കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പരമാവധി സംവരണം അമ്പത് ശതമാനം എന്ന പരിധി ലംഘിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് അശോക് ഭൂഷണിന്റെ ബഞ്ചിന് മുന്നിലെത്തിയത്. ഹരജി വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 15ലേക്ക് മാറ്റി. 15 മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാമെന്നും അമ്പത് ശതമാനത്തിന്റെ മുകളില്‍ സംവരണം നല്‍കുന്നത് സംബന്ധിച്ച വിഷയം വിശാല ബഞ്ചിന് വിടാമെന്നും ബഞ്ച് വ്യക്തമാക്കുകയുണ്ടായി. മഹാരാഷ്ട്രക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ഹാജരായി. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഹാജരായത്.
മൊത്തം സംവരണം അമ്പത് ശതമാനത്തിന് മുകളിലാകാന്‍ പാടില്ലെന്ന നിഷ്‌കര്‍ഷ നിരവധി സംസ്ഥാനങ്ങള്‍ ലംഘിച്ചിട്ടുണ്ട്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് സംവരണം അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാറിനെയും കോടതിയെയും ബോധ്യപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. മറാത്ത വിഭാഗത്തിന്റെ കാര്യത്തിലും അതാണ് ഉണ്ടായത്. അവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിലും 12-13 ശതമാനം സംവരണം നല്‍കിയതോടെ സംസ്ഥാനത്തെ മൊത്തം സംവരണം 50 ശതമാനത്തിന് മുകളിലെത്തി. മഹാരാഷ്ട്ര സര്‍ക്കാറുമായി മാത്രം ബന്ധപ്പെട്ട ഒരു വിഷയമല്ല ഇതെന്നും മിക്ക സംസ്ഥാനങ്ങളിലും ഇതേ നിയമപ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഇതേ നിലപാടാണ് എടുത്തത്. ഇക്കാര്യത്തില്‍ കേന്ദ്ര പിന്നാക്ക കമ്മീഷനോ സുപ്രീം കോടതിയോ ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ സംസ്ഥാന കമ്മീഷനുകള്‍ക്ക് എന്ത് വിലയാണ് ഉള്ളതെന്ന ചോദ്യവും ഉയര്‍ന്നു. ഇതോടെയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടത്.
അഞ്ച് വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഇന്ദ്ര സാഹ്നി കേസിലെ വിധി ശക്തമായി നടപ്പാക്കേണ്ടതുണ്ടോ? അതോ ഇതില്‍ ഇളവ് അനുവദിക്കേണ്ടതുണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം. ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന 102ാം ഭേദഗതി സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നുണ്ടോ? സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് നിശ്ചയിച്ച് ഉത്തരവിറക്കാനുള്ള നിയമസഭകളുടെ അധികാരം വകവെച്ച് കൊടുക്കേണ്ടതല്ലേയെന്ന ചോദ്യവും കോടതി പരിഗണിക്കുന്നു. പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും സമുദായത്തിന് സംവരണം അനുവദിക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരത്തിന് ഭരണഘടനയിലെ 342 എ അനുച്ഛേദം നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടോയെന്ന ചോദ്യവും ബഞ്ച് കണക്കിലെടുക്കും. ഒരു സമുദായത്തെ സംവരണത്തിന് അര്‍ഹമാക്കും വിധത്തില്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നുവെന്ന് നോട്ടിഫൈ ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നതാണ് 342 എ അനുച്ഛേദം.
തുല്യ നീതിയില്‍ അടിയുറച്ച് നില്‍ക്കുകയും അതിനായി നിരവധി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടന ആത്യന്തിക തുല്യതയെക്കുറിച്ചല്ല സംസാരിക്കുന്നത്. കുന്നുകള്‍ നിരത്തിയും കുഴികള്‍ തൂര്‍ത്തും നടത്തുന്ന തട്ടിനിരപ്പാക്കലല്ല സമത്വം. എല്ലാവരെയും എല്ലാ അര്‍ഥത്തിലും ഒരു പോലെ കാണുകയുമല്ല അത്. അതുകൊണ്ട് നമ്മുടെ ഭരണഘടന സംരക്ഷിത വിവേചനത്തില്‍ വിശ്വസിക്കുന്നു. സംവരണത്തിന്റെ അന്തസ്സത്ത അതാണ്. ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയില്‍ ചില വിഭാഗങ്ങള്‍ക്കായി വിവേചനം നടത്തുകയാണല്ലോ സംവരണം ചെയ്യുന്നത്. പിന്നാക്കമായിപ്പോയവരെ തുല്യതയിലെത്തിക്കാനാണ് ആ പ്രത്യേക പരിഗണന. ഇത് മനസ്സിലാക്കാതെ സംവരണ തത്വങ്ങള്‍ക്കെതിരെ വാളോങ്ങുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. സംവരണത്തിന്റെ അടിസ്ഥാനം സാമുദായികമല്ല, സാമ്പത്തികമാണെന്ന വാദവുമായും ചിലര്‍ വരുന്നു. ഈ സാഹചര്യത്തില്‍, സംവരണത്തിന് 50 ശതമാനം പരിധി വെക്കണമെന്ന നിഷ്‌കര്‍ഷ നീതിന്യായ പരിശോധനക്ക് വെക്കുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. അതോടൊപ്പം ഫെഡറലിസത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനങ്ങളെ കേള്‍ക്കാന്‍ തീരുമാനിച്ചതും ശരിയായ ചുവടുവെപ്പാണ്. ഇത് പറയുമ്പോഴും ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഈ പുനഃപരിശോധനക്കൊടുവില്‍ സംവരണ ഘടനയില്‍ വരുന്ന മാറ്റം ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിയുണ്ടാകുമോ? അനര്‍ഹര്‍ കടന്നു കൂടുമോ? അര്‍ഹര്‍ക്ക് നഷ്ടം സംഭവിക്കുമോ? രാഷ്ട്രീയ പ്രീണനത്തിനുള്ള വഴിയാകുമോ? ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്നതാകും കോടതിയുടെ ഇടപെടലെന്ന് പ്രതീക്ഷിക്കാം.