Connect with us

Kerala

സ്ഥാനാര്‍ഥി പട്ടികക്കായി കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ സമവാക്യങ്ങള്‍ പരിശോധിച്ച് സ്ഥാാര്‍ഥികളെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ഡല്‍ഹിയില്‍ ചേരും. പല മണ്ഡലങ്ങളിലും അഞ്ചോളം പേരുകളാണ് പരിഗണനയിലുള്ളലത്. ഇതില്‍ വിവിധ സമവാക്യങ്ങള്‍ പരിശോധിച്ച് ഒരാളിലേക്ക് എത്തുകയെന്നതാണ് നേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി. എം പിമാരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല എന്നിവരും സ്‌ക്രീനിംഗ് കമ്മിറ്റിയിലുണ്ട്. യുവാക്കള്‍ക്ക് പ്രാതിനിധ്യമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തിന്മേലും ചര്‍ച്ച നടക്കും. നാളെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ പട്ടിക സമര്‍പ്പിക്കാനാണ് നിര്‍ദേശം. മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലും ഇന്ന് തീരുമാനമായേക്കും.

അതേസമയം, കണ്ണൂരിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയം യു ഡി എഫിന് തലവേദനയാവുകയാണ്. കെ സി ജോസഫിന്റെ പകരക്കാരനായി സോണി സെബാസ്റ്റ്യന്റെയും സജീവ് ജോസഫിന്റെയും പേരുകള്‍ക്ക് പുറമെ ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ഫിലോമിനയെ കൂടി പരിഗണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നതിലൂടെ മലയോരത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം കൂട്ടാനാകുമെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ.

39 കൊല്ലം എംഎല്‍എ ആയിരുന്ന കെ സി ജോസഫ് ഇനി ഇരിക്കൂറിലേക്ക് ഇല്ലെന്ന് പറഞ്ഞെങ്കിലും പകരം ആര് എന്ന ചോദ്യം ബാക്കിയാണ്. മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം. കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യനെയാണ് എ ഗ്രൂപ്പ് പരിഗണിക്കുന്നത്. എന്നാല്‍ കെസി ജോസഫ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുകയാണെങ്കില്‍ ഇരിക്കൂര്‍ സീറ്റ് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടേക്കാം. ഇതിനിടെ കെപിസിസി സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് മുന്നോട്ട് വച്ചുകഴിഞ്ഞു. കെ സി വേണുഗോപാലിന്റെ പിന്തുണയും സജീവിനാണ്. യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ പി ടി മാത്യുവിന്റെ പേരും കേള്‍ക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി മോഹം വിടാത്ത കെസി ജോസഫ് ഇരിക്കൂറില്‍ ക്യാമ്പ് ചെയ്ത് സോണി സെബാസ്റ്റ്യനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.