Connect with us

Editorial

ആര് തിരിച്ചുകൊടുക്കും ഇവരുടെ നഷ്ടജീവിതം?

Published

|

Last Updated

പോലീസും കോടതികളും കുറ്റവാളിയാക്കി ജയിലില്‍ അടച്ചവര്‍ ദശാബ്ദങ്ങള്‍ക്കു ശേഷം കുറ്റവാളിയല്ലെന്നു കണ്ട് വിട്ടയക്കപ്പെടുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ് രാജ്യത്ത്. സൂറത്ത് സിമി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ പേരെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയത് മൂന്ന് ദിവസം മുമ്പാണ്. 2001 ഡിസംബര്‍ അവസാനത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ പേരില്‍ യോഗം ചേര്‍ന്നതായി ആരോപിച്ച് സൂറത്തിലെ രാജശ്രീ ഹാളില്‍ നിന്ന് 122 പേരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സിമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇവര്‍ യോഗം ചേര്‍ന്നതെന്ന നിഗമനത്തില്‍ എല്ലാ പ്രതികള്‍ക്കെതിരെയും യു എ പി എ ചുമത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധ്യമാകാത്തതിനെ തുടര്‍ന്നാണ് കോടതി വിട്ടയച്ചത്. യു എ പി എ അനുസരിച്ച് കേസ് ചുമത്തും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചെയ്യാത്ത കുറ്റത്തിന് 19 വര്‍ഷത്തെ ജയില്‍വാസമാണ് ഇവര്‍ അനുഭവിച്ചത്.

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് 20 വര്‍ഷത്തിന് ശേഷം നിരപരാധിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യുവാവ് ജയില്‍ മോചിതനായ സംഭവം ഒരാഴ്ച മുമ്പ് ഉത്തര്‍ പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യു പിയിലെ ലളിത്പൂര്‍ സ്വദേശി വിഷ്ണു തിവാരിയെ(43)യാണ് നീണ്ട 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം നിരപരാധിയെന്നു കണ്ടെത്തി അലഹബാദ് ഹൈക്കോടതി വിട്ടയച്ചത്. 2000 സെപ്തംബര്‍ 16നാണ് ബലാത്സംഗക്കേസില്‍ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജോലിക്ക് പോകുന്നതിനിടെ തിവാരി തന്നെ ബലാത്സംഗം ചെയ്തുവെന്ന ഗ്രാമത്തിലെ ഒരു ദളിത് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2003ല്‍ തിവാരിക്ക് ലളിത്പൂര്‍ കോടതി 10 വര്‍ഷം കഠിന തടവും, പട്ടികജാതി പട്ടികവര്‍ഗ നിയമം അനുസരിച്ച് ജീവപര്യന്തം ശിക്ഷയും വിധിച്ചു. അപ്പീല്‍ വിചാരണയിലാണ് യുവതിയുടെ പരാതിക്ക് മതിയായ തെളിവുകളില്ലെന്നും സാക്ഷികളെ വിസ്തരിച്ചതില്‍ കീഴ്‌ക്കോടതിക്ക് പാളിച്ചകള്‍ സംഭവിച്ചതായും ഹൈക്കോടതി കണ്ടെത്തിയത്.

1994 ഡിസംബര്‍ നാലിന് കുന്നംകുളം തൊഴിയൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുനിലിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ 1997 മാര്‍ച്ചില്‍ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച നാല് പേര്‍ കുറ്റക്കാരല്ലെന്ന് ക്രൈം ബ്രാഞ്ച് പിന്നീട് കണ്ടെത്തിയിരുന്നു. 2019 ഒക്‌ടോബറില്‍ ഹൈക്കോടതി അവരെ മോചിപ്പിക്കുകയും ചെയ്തു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി രതീഷ് 2014ല്‍ നടന്ന ഒരു മോഷണക്കേസില്‍ ജയിലില്‍ കിടന്നത് ആറ് വര്‍ഷത്തോളമാണ്. 2020 ഡിസംബറില്‍ യഥാര്‍ഥ പ്രതിയെ പോലീസ് കണ്ടെത്തിയതോടെ രതീഷ് നിരപരാധിയാണെന്ന് മനസ്സിലാക്കി കോടതി മോചിപ്പിച്ചു. പോലീസില്‍ നിന്ന് കടുത്ത പീഡനം അനുഭവിക്കേണ്ടി വന്നതായി മോചിതനായ രതീഷ് വെളിപ്പെടുത്തി.

കേസന്വേഷണത്തില്‍ പോലീസിന്റെയും വിചാരണാ നടപടികളില്‍ കോടതികളുടെയും ഭാഗത്തു നിന്നുള്ള കടുത്ത വീഴ്ചകളോ വഴിവിട്ട കളികളോ ആണ് ഈ സംഭവങ്ങളിലൂടെയെല്ലാം പുറത്തു വരുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമ പുസ്തകത്തിലെ തത്വം അപ്രസക്തമാകുകയാണ് ഇവിടെ. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പൊക്കുകയെന്നതാണ് പല കേസുകളിലും പോലീസിന്റെ നിലപാട്. അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ നൂറുകണക്കിനു നിരപരാധികള്‍ മുസ്‌ലിം വിരുദ്ധതയുടെയും ഹിന്ദുത്വ ഭീകരതയുടെയും ഇരകളായി ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്. ഗോവധ നിരോധത്തിന്റെ മറവില്‍ യു പിയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ നല്ലൊരു ഭാഗവും നിരപരാധികളാണെന്ന് അലഹാബാദ് ഹൈക്കോടതി തന്നെ നിരീക്ഷിച്ചതാണ്. എവിടെ നിന്ന് എന്ത് മാംസം പിടിച്ചാലും പരിശോധിക്കുക പോലും ചെയ്യാതെ പശുവിറച്ചിയാണെന്ന നിഗമനത്തിലെത്തുകയാണ് പോലീസെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. മിക്ക കേസുകളിലും മാംസം വിദഗ്ധ പരിശോധനക്കയക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ തടവറകളിലെ 70 ശതമാനത്തോളം വരുന്ന വിചാരണാ തടവുകാരില്‍ 53 ശതമാനവും മുസ്‌ലിംകളും ആദിവാസികളുമാണെന്നത് പോലീസ് നിയമവാഴ്ചയുടെ നടത്തിപ്പ് എങ്ങനെയാണെന്ന് വ്യക്തമായ സൂചന നല്‍കുന്നുണ്ട്.
നിരപരാധികളാണ് രാജ്യത്തെങ്ങും വിവിധ കുറ്റങ്ങള്‍ ആരോപിച്ച് ജയിലില്‍ അടക്കപ്പെട്ടവരില്‍ ഗണ്യമായൊരു വിഭാഗവും. കേരളത്തിലെ ജയില്‍ തടവുകാരില്‍ 40 ശതമാനവും നിരപരാധികളാണെന്ന് വിവരാവകാശ നിയമപ്രകാരം ജയില്‍ ആസ്ഥാന കാര്യാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയതാണ്. കെട്ടിച്ചമച്ച ആരോപണങ്ങളും അന്യായമായി നീണ്ടുപോകുന്ന കോടതി വിചാരണയും ന്യായാധിപന്മാരുടെ ചില മുന്‍വിധികളും മറ്റുമാണ് നിരപരാധികള്‍ ജയിലിലടക്കപ്പെടാനും തടവുകാലം വര്‍ഷങ്ങളോളം നീണ്ടു പോകാനും ഇടയാക്കുന്നത്. ദശാബ്ദങ്ങള്‍ ജയിലില്‍ കിടന്ന ഒരു വ്യക്തി പിന്നീട് നിരപരാധിയാണെന്നു വ്യക്തമായി ജയില്‍ മോചിതനാകുമ്പോള്‍, അവന്റെ ജിവിതത്തിലെ വസന്ത കാലമെല്ലാം കഴിഞ്ഞു കടന്നിട്ടുണ്ടാകും. തന്റെ ഭാവിക്കും ഭാര്യ, സന്താനങ്ങള്‍ക്കുമായി അധ്വാനിച്ച് എന്തെങ്കിലും സമ്പാദിക്കാനുള്ള കാലയളവില്‍ അവര്‍ ജയിലുകളില്‍ നരകയാതന അനുഭവിച്ചു ജീവിക്കുകയാണ്. ജയിലില്‍ കഴിയേണ്ടിവന്ന കാലയളവിലെ നഷ്ടപരിഹാരത്തിന് അര്‍ഹരാണ് ഇത്തരം തടവുകാര്‍. എന്നാല്‍ നിരപരാധിയെന്നു കണ്ട് കോടതി അവരെ വെറുതെ വിടുമ്പോള്‍ ഇക്കാര്യം പരിഗണിക്കാറില്ല. കുറ്റം തെളിയിക്കപ്പെടും വരെ ഒരാള്‍ നിരപരാധിയാണെന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന സൂക്തം. ഇന്ന് പക്ഷേ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തി കോടതി മുറിയില്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ നിയമത്തിന്റെ മുന്നില്‍ ഒരു കുറ്റവാളിയെ പോലെയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്വേഷണോദ്യോഗസ്ഥരും കോടതികളും ആരോപണ വിധേയനായ ഒരാള്‍ കുറ്റവാളിയെന്ന നിഗമനത്തിലെത്താവൂ. സമ്മര്‍ദങ്ങളെ അതിജീവിച്ചും ബാഹ്യ പ്രേരണകളെ അവഗണിച്ചുമായിരിക്കണം നീതിപാലകരും ന്യായാധിപന്മാരും കേസുകള്‍ കൈകാര്യം ചെയ്യേണ്ടത്. ബാഹ്യ പ്രേരണകളുടെയും സമ്മര്‍ദങ്ങളുടെയും അടിസ്ഥാനത്തിലാണ് പല കേസുകളിലും പ്രതികള്‍ക്കെതിരെ കുറ്റവാളികളെന്ന മുദ്രയടിക്കപ്പെടുന്നത്.

---- facebook comment plugin here -----

Latest