Ongoing News
വിജയ് ഹസാരെ ട്രോഫി: ക്വാര്‍ട്ടറില്‍ വീണ് കേരളം

ന്യൂഡല്‍ഹി | വിജയ് ഹസാരെ ട്രോഫി പരമ്പരയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. കര്‍ണാടകയോട് 80 റണ്‍സിനാണ് കേരളം തോറ്റത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 338 എന്ന കൂറ്റന്‍ സ്‌കോര്‍ കര്‍ണാടക ഉയര്‍ത്തിയപ്പോള്‍ 43.4 ഓവറില്‍ 258ല്‍ കേരളത്തിന്റെ ഇന്നിംഗ്‌സ് ഒതുങ്ങി. ഡല്‍ഹിയിലെ പാലം എ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
കര്‍ണാടകയുടെ രവികുമാര്‍ സമര്‍ഥ് ആണ് മാന്‍ ഓഫ് ദ മാച്ച്. ക്യാപ്റ്റന്‍ കൂടിയായ സമര്‍ഥ് 192 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൂട്ടിന് ദേവ്ദത്ത് പടിക്കലുമുണ്ടായിരുന്നു. പടിക്കല്‍ 101 റണ്‍സ് നേടി.
സമര്‍ഥിനും ദേവ്ദത്തിനും മുന്നില്‍ കേരള ബൗളര്‍മാര്‍ നിഷ്പ്രഭരായി. പത്ത് ഓവര്‍ എറിഞ്ഞ ജലജ് സക്‌സേന മാത്രമാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയത്. ഒരു മെയ്ഡനുമുണ്ടായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരള നിരയില്‍ വത്സല്‍ ഗോവിന്ദ് 92 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 52 റണ്‍സെടുത്തു. ബാക്കി ബാറ്റ്‌സ്മാന്‍മാരില്‍ വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, ജലജ് സക്‌സേന, എന്‍ ബി ബേസില്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
കര്‍ണാടക ബോളിംഗ് നിരയില്‍ റോണിത് മോറെ അഞ്ച് വിക്കറ്റെടുത്തു. ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും പ്രസീധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.