Editorial
ബംഗാൾ പോരാട്ടത്തിന് മാനങ്ങളേറെ

മമതാ ബാനര്‍ജിക്കെതിരെ ബി ജെ പി സുവേന്ദു അധികാരിയെ രംഗത്തിറക്കിയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം ഉറപ്പായി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പി അടര്‍ത്തിയെടുത്ത സുവേന്ദു അധികാരി തൃണമൂലിലായിരുന്നപ്പോള്‍ മമതയുടെ വലംകൈയായിരുന്നു. മമതാ സര്‍ക്കാറിലെ ഗതാഗത-പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു ഡിസംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി ജെ പി അംഗത്വം സ്വീകരിച്ചത്. 2016ല്‍ നന്ദിഗ്രാമില്‍ നിന്നാണ് സുവേന്ദു നിയമസഭയിലെത്തിയത്. നേരത്തേ ഭവാനിപുരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും ജനവിധി തേടാനായിരുന്നു മമതയുടെ തീരുമാനം. താന്‍ ഒരു മണ്ഡലത്തില്‍ നിന്നേ മത്സരിക്കുന്നുള്ളൂവെന്നും അത് നന്ദിഗ്രാം ആയിരിക്കുമെന്നും പിന്നീട് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബി ജെ പിയില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ മമതയെ സുവേന്ദു അധികാരി വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് മമത മത്സരം നന്ദിഗ്രാമില്‍ മാത്രമാക്കിയത്.
ഈയൊരു മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പോരാട്ടം നടത്തി മമതക്ക് ഭരണത്തില്‍ മൂന്നാം ഊഴം തടയുകയാണ് ബി ജെ പി നേതൃത്വത്തിന്റെ ലക്ഷ്യം. 34 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതു മുന്നണി ഭരണത്തിന് അന്ത്യം കുറിച്ച 2011ലെ തിരഞ്ഞെടുപ്പിനു സമാനമായ കടുത്ത പോരാട്ടമായിരിക്കും ഇക്കുറി ബംഗാളിലേത്. രണ്ടില്‍ നിന്ന് 18ലേക്കുയര്‍ന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലാണ് ബി ജെ പിയുടെ പ്രതീക്ഷ. 2014ല്‍ 34 സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് 2019ല്‍ 22 എണ്ണമേ നേടാനായുള്ളൂ. ബി ജെ പിക്കോ ഹിന്ദുത്വ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കോ കാര്യമായ സ്വാധീനമുള്ള സംസ്ഥാനമല്ല പശ്ചിമ ബംഗാള്‍. എങ്കിലും ബി ജെ പിയുടെയും മോദിയുടെയും കടുത്ത എതിരാളിയും വിമര്‍ശകയുമായ മമതാ ബാനര്‍ജിയെയും പാര്‍ട്ടിയെയും അവിടെ നിലംപരിശാക്കാന്‍ 2014 മുതല്‍ ശ്രമിച്ചു വരുന്നു മോദി-അമിത് ഷാ കൂട്ടുകെട്ട്. തന്റെ വിശ്വസ്തരായ കൈലാഷ് വിജയ് വാര്‍ഗിയയെയും അരവിന്ദ് മേനോനെയുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അമിത് ഷാ അവിടേക്ക് നിയോഗിച്ചത്. മമതയുടെ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഉടലെടുത്ത ഭരണവിരുദ്ധ വികാരവും ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണവും ഉപയോഗപ്പെടുത്തി ഇത്തവണ അധികാരം പിടിക്കാമെന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ബി ജെ പിയുടെ പെട്ടിയില്‍ വീഴാന്‍ സാധ്യതയില്ലാത്ത സംസ്ഥാനത്തെ 30 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകളുടെ ശിഥിലീകരണമാണ് ബി ജെ പിയുടെ മറ്റൊരു പ്രതീക്ഷ. ത്രികോണ മത്സരമാണ് ബംഗാളില്‍ നടക്കാനിരിക്കുന്നത്. ഒരു വശത്ത് ടി എം സി, മറ്റൊരു വശത്ത് ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടിയായ ഐ എസ് എഫും ചേര്‍ന്ന സഖ്യം. മൂന്നാമത് ബി ജെ പിയും. മുസ്‌ലിം വോട്ടുകള്‍ ടി എം സിക്കും ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനുമായി ഭിന്നിക്കുമ്പോള്‍ 70 ശതമാനം വരുന്ന ഹൈന്ദവ വോട്ടുകളില്‍ ഭൂരിഭാഗവും അനുകൂലമാക്കി അധികാരം പിടിക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് 13 ശതമാനവും കോണ്‍ഗ്രസില്‍ നിന്ന് ഏഴ് ശതമാനവും വോട്ടുകള്‍ ബി ജെ പിയിലേക്ക് വഴിമാറിയിട്ടുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ആസന്നമായ തിരഞ്ഞെടുപ്പില്‍ ഈ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ടി എം സിയിലെ പ്രമുഖ നേതാക്കളെ ചാക്കിട്ടു പിടിക്കുന്നതുള്‍പ്പെടെ വിവിധ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ് പാര്‍ട്ടി. അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലെ ഒരു പ്രമുഖ വിഭാഗം തന്നെ ഇതിനായി പ്രവര്‍ത്തിച്ചു വരികയാണ്. അതിനിടെ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീനും ബംഗാളില്‍ ഇത്തവണ അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുസ്‌ലിം വോട്ടുകളുടെ ശിഥിലീകരണം ശക്തിപ്പെടുത്തുകയും ബി ജെ പിയുടെ പ്രയാണം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും.
നിലവിലെ സാഹചര്യങ്ങള്‍ ടി എം സിക്ക് അനുകൂലമല്ലെങ്കിലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ചില സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ടി എം സിക്ക് 148-164 സീറ്റും, ബി ജെ പിക്ക് 92-108 സീറ്റും ഇടത് – കോണ്‍ഗ്രസ് സഖ്യത്തിന് 31- 39 സീറ്റുകളുമാണ് എ ബി പി ന്യൂസ് സര്‍വേ പ്രവചനം. സംസ്ഥാനത്ത് ബി ജെ പിയുടെ പ്രവര്‍ത്തനം ശക്തമാണെങ്കിലും പാര്‍ട്ടി പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാനാകില്ലെന്ന് പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നിരീക്ഷിക്കുന്നു. ബി ജെ പിയെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന നേട്ടത്തിന് വിരുദ്ധമായി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ പാര്‍ട്ടിക്ക് സാധ്യമാകില്ലെന്നും അഥവാ രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും ഒരു വെല്ലുവിളിയെന്നോണം പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. പ്രവചനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. എങ്കിലും ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുന്നതിലൂടെയും ബംഗാളില്‍ ബി ജെ പിയും മോദി-അമിത് ഷാ കൂട്ടുകെട്ടും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിലൂടെയും മമതാ ബാനര്‍ജി സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും മികച്ചൊരു ഇടം നേടിയിട്ടുണ്ട്. ഇത് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ടി എം സിയെ തുണക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സുവേന്ദു അധികാരിയുള്‍പ്പെടെ ചില പ്രമുഖ നേതാക്കളെ തൃണമൂലില്‍ നിന്ന് ബി ജെ പി അടര്‍ത്തിയെടുത്തിട്ടുണ്ടെങ്കിലും പാര്‍ട്ടി അണികളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അമിത് ഷായുടെ തന്ത്രത്തിനായില്ലെന്നും വിലയിരുത്തപ്പെടുന്നു. അടുത്ത മാസത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാജ്യം കൂടുതല്‍ ഉറ്റുനോക്കുന്നത് ബംഗാളിലേക്കാണ്.