Kerala
ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌നയുടെ മൊഴി

കൊച്ചി | ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് പ്രതി സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നല്‍കിയതായി കസ്റ്റംസ്. കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ജയിലില്‍വെച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിനൊപ്പമാണ് സ്വപ്‌നയുടെ രഹസ്യ മൊഴി നല്‍കിയത്.
കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് മൊഴി.
മുന്‍ കോണ്‍സില്‍ ജനറലുമായി മുഖ്യമന്ത്രിക്ക് വളരെ അടുത്ത സൗഹൃദമുണ്ട്. അനധികൃത പണമിടപാടും ഇവര്‍ തമ്മില്‍ നടത്തിയിരുന്നു. പല ഇടപാടിലും തനിക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ പ്രതി മൊഴി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു അനുബന്ധ തെളിവും ഇതുവരെ കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. പ്രതിയുടെ മൊഴി അനുബന്ധ തെളിവുകളെ ബലപ്പെടുത്താനുള്ള ഒന്ന് മാത്രമാണെന്നും അനുബന്ധ തെഴിവുകളേതുമില്ലാതെയുള്ള ഇത്തരം മൊഴികള്‍ താത്ക്കാലികമായ ചര്‍ച്ചകള്‍ക്കപ്പുറം കേസില്‍ കാര്യമായ മാറ്റമൊന്നും വരുത്തില്ലെന്നാണ് നിയമ വിദഗ്ദരുടെ നിരീക്ഷണം.