Connect with us

Editorial

വിയോജിപ്പുകളും 124 എ വകുപ്പും

Published

|

Last Updated

എന്തുകൊണ്ടാണ് വിയോജിപ്പുകള്‍ വിലക്കപ്പെട്ടതല്ലെന്നും ഭിന്നാഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്നും കോടതികള്‍ക്ക് അടിക്കടി ഓര്‍മിപ്പിക്കേണ്ടി വരുന്നത്? ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ട് വിയോജിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന പോലീസ് നടപടിയെ ഡല്‍ഹി പാട്യാല ഹൗസ് അഡീഷനല്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചത് ഒരാഴ്ച മുമ്പാണ്. ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 19 ഉറപ്പ് നല്‍കുന്നതായി ചൂണ്ടിക്കാണിച്ച പാട്യാല ഹൗസ് കോടതി ജഡ്ജി ജസ്റ്റിസ് ധര്‍മേന്ദ്രന്‍ റാണ, ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ പൗരന്മാര്‍ സര്‍ക്കാറിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണെന്നും ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിച്ചതുകൊണ്ട് മാത്രം അവരെ തടവിലാക്കാനാകില്ലെന്നും വ്യക്തമാക്കുകയുണ്ടായി. അഭിപ്രായവ്യത്യാസം, വിയോജിപ്പുകള്‍, എതിര്‍പ്പുകള്‍, നിരാകരണം എന്നിവയെല്ലാം നിയമാനുസൃതമാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അവബോധവും അഭിപ്രായ ദൃഢതയുമുള്ള പൗരന്മാര്‍ ആരോഗ്യകരവും ഊര്‍ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളമാണെന്നും ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.

പാട്യാല ഹൗസ് കോടതിയുടെ നിരീക്ഷണത്തിന് അടിവരയിടുന്നതാണ് ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും എം പിയുമായ ഫാറൂഖ് അബ്ദുല്ലയുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി. സര്‍ക്കാറിന്റെ അഭിപ്രായങ്ങളോടും നയങ്ങളോടും വിയോജിക്കുന്നത് രാജ്യദ്രോഹമാകില്ലെന്നാണ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഫാറൂഖ് അബ്ദുല്ല നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ ഒരു സംഘ്പരിവാര്‍ അനുകൂല സംഘടന നല്‍കിയ പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയത്. ഫാറൂഖ് അബ്ദുല്ലക്കെതിരെ ഹരജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതി കണ്ടെത്തി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മറികടക്കാന്‍ ഫാറൂഖ് അബ്ദുല്ല ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടി എന്നായിരുന്നു ഹരജിക്കാരുടെ ആരോപണം.

ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് വിയോജിക്കാനുള്ള അവകാശമെന്നും സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള പൗരന്റെ അവകാശം ഭരണഘടനാപരമാണെന്നും കഴിഞ്ഞ ഡിസംബറില്‍ അലഹബാദ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തര്‍ പ്രദേശില്‍ ക്രമസമാധാനം പാടേ തകര്‍ന്നതായും കാട്ടുനിയമത്തിലേക്കാണ് സംസ്ഥാനത്തെ യോഗി സര്‍ക്കാര്‍ നയിക്കുന്നതെന്നും ട്വീറ്റ് ചെയ്തതിന് യശ്വന്ത് സിംഗ് എന്ന വ്യക്തിക്കെതിരെ യു പി പോലീസ് കേസെടുത്ത സംഭവത്തിലായിരുന്നു കോടതിയുടെ ഈ പ്രതികരണം. ക്രമസമാധാനത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ചുമത്തിയ കേസ് കോടതി റദ്ദാക്കുകയും ചെയ്തു.
സര്‍ക്കാറിന്റെ നയങ്ങളോടും പ്രവര്‍ത്തനങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ രാജ്യദ്രോഹക്കുറ്റത്തിനുള്ള 124 എ വകുപ്പ് ചുമത്തി കേസെടുക്കുന്നത് വ്യാപകമാണിന്ന്. വിമര്‍ശകരെ അര്‍ബന്‍ നക്‌സലുകളെന്ന് മുദ്രചാര്‍ത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന പ്രവണതയും നിലവിലുണ്ട്. അക്രമത്തിന് പ്രേരണയാകുന്ന പ്രസ്താവനകളോ അഭിപ്രായപ്രകടനമോ മാത്രമേ 124 എ വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാകുകയുള്ളൂവെന്ന് 1962ല്‍ കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതി അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. ദേശീയ പ്രക്ഷോഭ കാലത്ത് സ്വാതന്ത്ര്യ സമര പോരാളികളെ കൈകാര്യം ചെയ്യാന്‍ 1870ല്‍ ബ്രിട്ടീഷ് സര്‍ക്കാറാണ് ശിക്ഷാ നിയമത്തില്‍ 124 എ വകുപ്പ് ഉള്‍പ്പെടുത്തിയത്. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആനിബസന്റ് തുടങ്ങി നിരവധി ദേശീയ സമര പോരാളികളെ ഇതുപയോഗിച്ച് കല്‍തുറുങ്കിലടച്ചിട്ടുണ്ട്.

ജനാധിപത്യവിരുദ്ധമായ ഈ വകുപ്പിനെതിരെ അന്നു തന്നെ വ്യാപകമായ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. അങ്ങേയറ്റം പ്രതിഷേധാത്മകവും നിന്ദ്യാര്‍ഹവുമാണ് 24 എ വകുപ്പെന്നാണ് 1950ല്‍ ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്. നമ്മുടെ പീനല്‍കോഡ് സംവിധാനത്തിന് കടുത്ത നാണക്കേടാണിതെന്നാണ് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സച്ചാറിന്റെ വിലയിരുത്തല്‍.
നേരത്തേ പഞ്ചാബ് ഹൈക്കോടതിയും അലഹബാദ് ഹൈക്കോടതിയും 124 എ വകുപ്പ് അസാധുവാക്കിയതാണ്. 1962ല്‍ കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതി ഹൈക്കോടതി വിധികള്‍ റദ്ദാക്കി വകുപ്പിന് വീണ്ടും സാധുത നല്‍കുകയായിരുന്നു. അതേസമയം, സര്‍ക്കാര്‍ നടപടികളെ ശക്തിപ്പെടുത്താനും നിയമപരമായ മാര്‍ഗത്തിലൂടെ സര്‍ക്കാറില്‍ മാറ്റം വരുത്താനും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത് ഈ വകുപ്പിന്റെ പരിധിയില്‍ വരില്ലെന്ന് അര്‍ഥശങ്കക്കിടമില്ലാത്ത വിധം അന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യം മനഃപൂര്‍വം വിസ്മരിച്ചാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍, വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ ഇത് ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം, കര്‍ഷക സമരം തുടങ്ങി എല്ലാ ജനാധിപത്യ സമരങ്ങളെയും ക്രിമിനല്‍വത്കരിക്കുകയും രാജ്യദ്രോഹ കുറ്റങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയുമാണ് ഭരണകൂടം. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആശയപ്രകാശനത്തിനുള്ള മൗലികാവകാശത്തെയാണ് ഇതിലൂടെ കടന്നാക്രമിക്കുന്നത്. ജനാധിപത്യവിരുദ്ധമായതിനാല്‍ ഈ വകുപ്പ് എടുത്തുകളയണമെന്ന ആവശ്യം നിയമജ്ഞര്‍ക്കിടയില്‍ തന്നെ ശക്തമാണ്. 124 എ വകുപ്പിനെ ചോദ്യം ചെയ്ത് ഒരു കൂട്ടം പ്രമുഖ അഭിഭാഷകര്‍ ഇതിനിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്തിനും ഏതിനും ഈ വകുപ്പ് പ്രയോഗിക്കുക വഴി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിന് ഇത് വഴിവെക്കുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൃത്യമായ ഒരു മാനദണ്ഡമില്ലാതെ നിയമം പുനഃപരിശോധിക്കാനാകില്ലെന്നു പറഞ്ഞ് സുപ്രീം കോടതി അത് തള്ളുകയാണുണ്ടായത്. ഈ വകുപ്പ് എടുത്തുകളയാത്ത കാലത്തോളം പൗരാവകാശങ്ങള്‍ക്കു നേരേയുള്ള ഭരണകൂടങ്ങളുടെ കൈയേറ്റം തുടര്‍ന്നു കൊണ്ടിരിക്കും.

---- facebook comment plugin here -----

Latest