Connect with us

Kerala

വര്‍ഗീയവിരുദ്ധ നിലപാടില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്; യു ഡി എഫിന് ആ ഉറപ്പില്ല- പിണറായി

Published

|

Last Updated

തിരുവനന്തപുരം | തോറ്റാല്‍ കോണ്‍ഗ്രസ് അണികള്‍ ബി ജെ പിയിലേക്ക് പോകുമെന്നും അതുകൊണ്ട് യു ഡി എഫിനെ വിജയിപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമിയും ലീഗും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതന്യൂനപക്ഷങ്ങളെ വഞ്ചിക്കാമെന്ന വ്യാമോഹം വേണ്ടെന്നും വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് തോറ്റാല്‍ കോണ്‍ഗ്രസ് അണികള്‍ ബി ജെ പിയില്‍ പോകുമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍, ജയിച്ചാലാണ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് പോകുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയിട്ടുണ്ട്. അയല്‍ പ്രദേശമായ പുതുച്ചേരിയില്‍ ഉള്‍പ്പെടെ അതാണ് അനുഭവം.

പ്രലോഭനങ്ങള്‍ക്ക് വഴി കോണ്‍ഗ്രസുകാര്‍ ഏത് നിമിഷവും ബി ജെ പിയിലേക്ക് പോകുമെന്നതിന് എത്രയോ അനുഭവങ്ങളുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഈ പ്രചാരണം ഏറ്റെടുത്തു. സ്വന്തമായി എന്തെങ്കിലും ഉറപ്പ് വേണ്ടേയെന്നും പിണറായി പരിഹസിച്ചു.

ആക്രമണോത്സുകമായ ഹിന്ദുത്വ വര്‍ഗീയത നേരിടുന്നവരാണ് മതന്യൂനപക്ഷങ്ങള്‍. നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാറിന് കീഴിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവര്‍ സുരക്ഷിതരല്ല. ബി ജെ പിയെ പ്രതിരോധിക്കുന്ന ഏക സംസ്ഥാന സര്‍ക്കാറിനെതിരെ ആക്രമിക്കുന്ന ലീഗും ജമാഅത്തെ ഇസ്ലാമിയും ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്? വര്‍ഗീയതക്കെതിരായ നിലപാടില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മതനിരപേക്ഷത സംരക്ഷിക്കുമെന്നതില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ആ ഉറപ്പ് യു ഡി എഫിനില്ലെന്നും പിണറായി പറഞ്ഞു.