Connect with us

Kerala

സാമൂഹിക മുന്നേറ്റത്തിന് സര്‍ക്കാറും ജനകീയ പ്രസ്ഥാനങ്ങളും ഊന്നല്‍ നല്‍കണം : കാന്തപുരം

Published

|

Last Updated

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ തലക്കോട്ടുകരയില്‍ സ്ഥാപിച്ച സാന്ത്വനം റിഹാബിലിറ്റേഷന്‍ സെന്റര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയുന്നു

കേച്ചേരി |  നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനു സര്‍ക്കാറുകളും ജനകീയ പ്രസ്ഥാനങ്ങളും ഊന്നല്‍ നല്‍കണമെന്നു ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ കേച്ചേരി തലക്കോട്ടുകരയില്‍ സ്ഥാപിച്ച സാന്ത്വനം റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ സത്തകളിലൊന്ന് ജനങ്ങള്‍ക്ക് നന്മ ചെയ്യലാണ്. ഓരോ ഗ്രാമത്തിലും നിത്യജീവിതത്തിനു വിഷമിക്കുന്നവര്‍ ഉണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ മതനേതൃത്വങ്ങള്‍ മുതല്‍ ഗ്രാമസഭകള്‍ക്കുവരെ കഴിയണം. ദുര്‍ബലരോടും അശരണരോടും ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത് മനുഷ്യന്റെ സഹജമായ സ്വഭാവത്തിന്റെ ഭാഗമാണെന്നും മതപരവും ധര്‍മികവുമായ വിശ്വാസങ്ങള്‍ അത്തരം നന്മകള്‍ ഹൃദയങ്ങളില്‍ വിപുലീകരിക്കാന്‍ നിദാനമാകണെമന്നും അദ്ദേഹം പറഞ്ഞു. സാന്ത്വനം സിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മര്‍കസിന്റെ നേതൃത്വത്തില്‍ പാവപ്പെട്ടവരുടെ പുനരധിവാസത്തിനായി നിര്‍മിച്ച റിഹാബിലിറ്റേഷന്‍ സെന്ററില്‍ നിലവില്‍ 50 പേര്‍ക്ക് താമസിക്കാവുന്ന സജ്ജീകരണങ്ങളുണ്ട്. മെഡിക്കല്‍ യൂണിവേഴ്സിറ്റിക്കു സമീപത്തെ സാന്ത്വനം മഹല്ലിനു കീഴില്‍ ജീവകാരുണ്യ രംഗത്ത് നടന്നുവരുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായിട്ടാണ് സാന്ത്വനം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചത്. കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നടന്നു.

ശാഹിദുല്‍ഉലമാ വെന്മേനാട് അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഫസല്‍ തങ്ങള്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഐ എം കെ ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, അഡ്വ. പി യു അലി, എം എം ഇബ്റാഹിം, അബ്ദുര്‍റസാഖ് അസ്ഹരി, ശിഹാബുദ്ദീന്‍ സഖാഫി, ആര്‍ വി മുഹമ്മദ് ഹാജി, മുഹമ്മദുണ്ണി ഹാജി സംബന്ധിച്ചു.

Latest