Connect with us

Kerala

'തോൽപ്പിച്ചാൽ ബി ജെ പിയായിക്കളയും'; ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹമാണെന്ന് തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോൺഗ്രസ് നേതാക്കളെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കിൽ തങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു കളയുമെന്നാണ് ഭീഷണി. മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ ജയിപ്പിച്ചില്ലെങ്കിൽ, കൈപ്പത്തിയിൽ ജയിച്ചവരെ ചാക്കിലാക്കി ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാന നേതാവിന്റെ ഗദ്ഗദത്തിനു പിന്നാലെയാണ് ഈ ബ്ലാക്ക്മെയിലിംഗ്. ജയിച്ചാലും ബി ജെ പി, തോറ്റാലും ബി ജെ പി എന്നാണ് കോൺഗ്രസുകാരുടെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഒറ്റനോട്ടത്തിൽ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കിൽ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്? ശിഷ്ട രാഷ്ട്രീയജീവിതത്തിൽ ഭാഗ്യപരീക്ഷണം ബിജെപിയിൽ ആകാമെന്നു തീരുമാനിക്കുന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ബിജെപിയിൽ ചേരണമെങ്കിൽ അതങ്ങു ചെയ്താൽ മതിയല്ലോ. അതിനീ ഭീഷണിയെന്തിന്?

ഭീഷണിയും വെല്ലുവിളിയും സംഘപരിവാറിന്റെ ഭാഷയാണല്ലോ. ഇപ്പോൾ തറ്റുടുത്തു നിൽക്കുന്നവർ നാളെ ബിജെപിയായാൽ എന്താണ് സംഭവിക്കുക? അതാലോചിച്ചാൽ മതി. ഭീഷണി മുഴക്കുന്നവർക്ക് ആകെ അറിയാവുന്ന “രാഷ്ട്രീയ പ്രവർത്തനം” അക്രമമാണ്. കോൺഗ്രസിൽ നിന്നുകൊണ്ട്, ഇക്കാലമത്രയും അത് സിപിഎമ്മിനെതിരെയാണ് പ്രയോഗിച്ചത്. അക്കൂട്ടർ ബിജെപിയിൽ ചേർന്നാലോ? ലക്ഷ്യം മതന്യൂനപക്ഷങ്ങളായിരിക്കും. അതായത്, തോൽപ്പിച്ചാൽ കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ ദൈനംദിന ജീവിതത്തിനു തങ്ങൾ വെല്ലുവിളിയാകും എന്നാണ് വ്യംഗ്യത്തിൽ പറഞ്ഞുവെയ്ക്കുന്നത്.

എന്തുകൊണ്ട് ഈ ഭീഷണിയുമായി യുഡിഎഫ് ഇറങ്ങുന്നു? മലപ്പുറം ജില്ലയിലേയ്ക്ക് നോക്കിയാൽ ഉത്തരം കിട്ടും. യുഡിഎഫിന്റെ പരമ്പരാഗത നെടുംകോട്ടയാണ് മലപ്പുറം എന്നാണല്ലോ വെപ്പ്. യുഡിഎഫിന് ഭരണം കിട്ടണമെങ്കിൽ മലപ്പുറം ജില്ല തൂത്തുവാരിയേ മതിയാകൂ. ആ സ്ഥിതി മാറുകയാണ്. 2011ൽ യുഡിഎഫ് അധികാരം പിടിച്ചത് മലപ്പുറത്തു നിന്നു കിട്ടിയ 12 സീറ്റിന്റെ ബലത്തിലാണ്. മലപ്പുറം ഒഴിവാക്കിയാൽ യുഡിഎഫിന് 58ഉം എൽഡിഎഫിന് 66 സീറ്റുകളാണ് അന്ന് ലഭിച്ചത്. മലപ്പുറം ഒഴിവാക്കി ആകെ വോട്ടിന്റെ കണക്കെടുത്താൽ യുഡിഎഫിന് 69 ലക്ഷവും എൽഡിഎഫിന് 71 ലക്ഷവുമായിരുന്നു അന്നതെ വോട്ടു നില.

2016ൽ മലപ്പുറത്തിനു സംഭവിച്ച മാറ്റം നോക്കുക. എൽഡിഎഫ് നാലു സീറ്റിൽ ജയിച്ചു. യുഡിഎഫിന് 2011ൽ 1027629 വോട്ടു കിട്ടിയത് 2016ൽ 1026067 ആയി കുറഞ്ഞു. അഞ്ചു വർഷം കൊണ്ട് യുഡിഎഫിന്റെ ആകെ വോട്ടു കുറയുകയാണ് ചെയ്തത്. എൽഡിഎഫിനോ, 2011ലെ ഏഴു ലക്ഷം വോട്ട് ഒമ്പതു ലക്ഷമായി ഉയർന്നു. 2011ൽ ജില്ലയിൽ യുഡിഎഫിന് ആകെ മൂന്നു ലക്ഷത്തിലധികമുണ്ടായിരുന്ന ഭൂരിപക്ഷം ഒന്നരലക്ഷത്തിൽ ചില്വാനമായി ഇടിഞ്ഞു. ചില മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചത് തുച്ഛമായ വോട്ടുകൾക്കാണ്.

മലപ്പുറം ജില്ലയുടെ രാഷ്ട്രീയസ്വഭാവത്തിൽ ഗണ്യമായ മാറ്റം സംഭവിക്കുകയാണ്. പുതിയ തലമുറയുടെ പൊതുചായ്വ് ഇടതുപക്ഷത്തേയ്ക്കാണ്. കോണിയ്ക്ക് വോട്ടു ചെയ്തില്ലെങ്കിൽ സ്വർഗം കിട്ടില്ല എന്ന ഭീഷണിയൊന്നും പുതിയ തലമുറ വകവെയ്ക്കുന്നില്ല. എൽഡിഎഫ് നിലവിലുള്ള സീറ്റുകൾ നിലനിർത്തുകയും പുതിയ അട്ടിമറികൾക്ക് തിരി കൊളുത്തുകയും ചെയ്യുമെന്ന വേവലാതി ലീഗിലും യുഡിഎഫിലും വ്യാപകമാണ്. മലപ്പുറം ജില്ലയുടെ രാഷ്ട്രീയ സ്വഭാവം കീഴ്മേൽ മറിയുകയാണ്.

മലപ്പുറം കൈവിടുമെന്ന ഭീതിയാണ്, “തോൽപ്പിച്ചാൽ ബി ജെ പിയായിക്കളയും” എന്ന കോൺഗ്രസിന്റെ വെല്ലുവിളിയുടെ ഉറവിടമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
---- facebook comment plugin here -----

Latest