Ongoing News
പത്തനംതിട്ടയില്‍ സിറ്റിംഗ് എം എല്‍ എമാര്‍ തന്നെ വീണ്ടും സ്ഥാനാര്‍ഥികളായേക്കും

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ അഞ്ച് സിറ്റിംഗ് എം എല്‍ എമാരും വീണ്ടും കളത്തിലിറങ്ങിയേക്കും. എല്‍ ഡി എഫ് നിരയിലെ അഞ്ചുപേരും വീണ്ടും മത്സരിക്കണമെന്ന നിര്‍ദേശമാണ് അതാത് പാര്‍ട്ടികള്‍ നല്‍കിയിരിക്കുന്നത്.
തിരുവല്ലയില്‍ സിറ്റിംഗ് എം എല്‍ എ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് തുടര്‍ച്ചയായ നാലാം അങ്കത്തിനുള്ള തയാറെടുപ്പിലാണ്. 1987ല്‍ തിരുവല്ലയില്‍ വിജയിച്ചിട്ടുള്ള മാത്യു ടി തോമസിന് അതുകൂടി കണക്കാക്കിയാല്‍ അഞ്ചാം അങ്കമാകും. എല്‍ ഡി എഫില്‍ ജനതാദളിനു തന്നെ സീറ്റുറപ്പിച്ച തിരുവല്ലയില്‍ മറ്റൊരു പേര് പരിഗണനയില്‍ ഇല്ല. ആറന്മുളയില്‍ സിറ്റിംഗ് എം എല്‍ എ വീണാ ജോര്‍ജ് തന്നെ വീണ്ടും മത്സരിക്കട്ടേയെന്നാണ് സി പി എം നിലപാട്. പാര്‍ട്ടി ജില്ലാ കമ്മിറ്റി നല്‍കിയ നിര്‍ദേശവും ഇതാണ്. എന്നാല്‍ വ്യക്തിപരമായ താത്പര്യം വീണാ ജോര്‍ജ് ഇതേവരെ പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. സി പി എം സംസ്ഥാന സമിതിയിലും വീണാ ജോര്‍ജിന് എതിരഭിപ്രായം ഉണ്ടാകാനിടയില്ല. മണ്ഡലത്തിലേക്ക് മറ്റൊരു പേര് സി പി എം നല്‍കിയിട്ടുമില്ല.
റാന്നിയില്‍ രാജു ഏബ്രഹാം അഞ്ച് ടേം പൂര്‍ത്തിയാക്കിയതാണ്. 1996 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സി പി എമ്മിനു പകരക്കാരനായി മറ്റൊരു പേര് പാർട്ടി നിലവില്‍ നിര്‍ദേശിച്ചിട്ടില്ല. മണ്ഡലം ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ മാത്രമേ സ്ഥാനാര്‍ഥി മാറ്റം ഉണ്ടാകുകയുള്ളൂ. ജയസാധ്യത കൂടി പരിഗണിച്ച് രാജു ഏബ്രഹാം തന്നെ റാന്നിയില്‍ മത്സരിക്കണമെന്ന താത്പര്യം സി പി എം ജില്ലാ കമ്മിറ്റിക്കുണ്ട്. അടൂരില്‍ സി പി ഐയിലെ ചിറ്റയം ഗോപകുമാര്‍ രണ്ടു ടേം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മൂന്നാം അങ്കത്തിന് സി പി ഐ സംസ്ഥാന സമിതിയുടെ അനുമതി ഉള്ളതിനാല്‍ അടൂരിലേക്ക് നിലവില്‍ മറ്റു പേരുകള്‍ സി പി ഐ പരിഗണിച്ചിട്ടില്ലെന്നാണ് സൂചന. ജയസാധ്യത കൂടി പരിഗണിച്ച് ചിറ്റയം ഗോപകുമാര്‍ തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.
കോന്നിയില്‍ 2019 ഒക്ടോബറിലെ ഉപതിരഞ്ഞെടുപ്പിലൂടെ എം എല്‍ എ ആയ സി പി എമ്മിലെ കെ യു ജനീഷ് കുമാറിന് വീണ്ടും മത്സരിക്കാന്‍ സി പി എം അനുമതി ലഭിക്കും. 1996 മുതല്‍ യു ഡി എഫ് പക്ഷത്തായിരുന്ന മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെ ജനീഷ് കുമാറാണ് എല്‍ ഡി എഫ് പക്ഷത്തേക്കു കൊണ്ടുവന്നത്.