പ്രാങ്ക് വീഡിയോയുടെ പേരില്‍ ലൈംഗിക അധിക്ഷേപം; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: February 27, 2021 7:30 pm | Last updated: February 27, 2021 at 7:32 pm

മുംബൈ | യുട്യൂബിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യുന്നതിന് പ്രാങ്ക് വീഡിയോകള്‍ തയ്യാറാക്കുന്നതിന്റെ പേരില്‍ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 2008ല്‍ പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയിരുന്ന മുകേഷ് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളാണ് മറ്റ് രണ്ട് പേര്‍.

പ്രാങ്ക് വീഡിയോകളിലേക്ക് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്തവരെ പോലും ക്ഷണിച്ചതായി പോലീസ് പറഞ്ഞു. ശരീരഭാഗങ്ങളില്‍ തൊടുക, അശ്ലീല വര്‍ത്തമാനം പറയുക തുടങ്ങിയവ വീഡിയോകളിലുണ്ട്. ഇത്തരം വീഡിയോകളിലൂടെ 17 യുട്യൂബ്, ഫേസ്ബുക്ക് ചാനലുകള്‍ രണ്ട് കോടി രൂപയാണ് സമ്പാദിച്ചത്.

വിവിധ വനിതകളില്‍ നിന്നുള്ള പരാതികളെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗുപ്തക്കെതിരെ പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യുന്നതിന് യുട്യൂബിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.