Connect with us

Editorial

ഫേസ്ബുക്ക്- ആസ്‌ത്രേലിയ വടംവലിയുടെ പരിണതി

Published

|

Last Updated

ഒരാഴ്ചക്കാലത്തെ ഏറ്റുമുട്ടലിന് ശേഷം ആസ്‌ത്രേലിയന്‍ സര്‍ക്കാറും ഫേസ്ബുക്കും പഴയപോലെ ചങ്ങാത്തത്തിലായിരിക്കുന്നു. അണ്‍ഫ്രണ്ടിംഗ് എന്ന പേരില്‍ അറിയപ്പെട്ട ഈ പോരില്‍ നിന്ന് ഒരുപാട് ഉള്‍ക്കൊള്ളാനുണ്ട് ലോകരാജ്യങ്ങള്‍ക്ക്. ഇണങ്ങിയെങ്കിലും ഇനിയൊരു പിണക്കം അടുത്തുതന്നെയുണ്ടാകുമെന്ന സൂചനയോടെയാണ് ഫേസ്ബുക്കും ആസ്‌ത്രേലിയയും തമ്മില്‍ കൈകൊടുക്കുന്നത്. തങ്ങളുടെ വാളിലൂടെ വായിക്കുന്ന വാര്‍ത്തകള്‍ക്ക് ടെക് ലോകത്തെ ഭീമനായ ഫേസ്ബുക്ക് രാജ്യത്തെ മാധ്യമ കമ്പനികള്‍ക്ക് പണം നല്‍കണമെന്ന പുതിയ ന്യൂസ് കോഡ് ബില്‍ കൊണ്ടുവന്നതോടെയാണ് ആസ്‌ത്രേലിയയെ അണ്‍ഫ്രണ്ട് ചെയ്ത് ഫേസ്ബുക്ക് കലാപക്കൊടി നാട്ടിയത്. ഫേസ്ബുക്കിലൂടെ വാര്‍ത്ത വായിക്കാന്‍ ഒരാഴ്ചക്കാലം രാജ്യത്തെ 1.3 കോടി ഉപയോക്താക്കള്‍ക്ക് സാധിച്ചില്ല. ആസ്‌ത്രേലിയന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് പുറമേ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പേജുകളും ഫേസ്ബുക്ക് വിലക്കി. ഇവിടുത്തെ മാധ്യമ സ്ഥാപനങ്ങളുടെ പേജുകള്‍ ലോകത്തെ ഒരു ഉപയോക്താവിനും കാണാനായില്ല.

ഇതിനെതിരെ പ്രതിഷേധം രൂക്ഷമായിട്ടും, ഇന്ത്യയും അമേരിക്കയുമടക്കമുള്ള ലോകരാജ്യങ്ങള്‍ ഇടപെട്ടിട്ടും ഫേസ്ബുക്കിന് കുലുക്കമൊന്നുമുണ്ടായില്ല. ഫേസ്ബുക്ക് വാളിലൂടെ തന്നെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജനങ്ങളും പ്രതിഷേധം അറിയിച്ചു. ഫേസ്ബുക്കിന്റെ ഭീഷണിയെ നേരിടാന്‍ ബദല്‍ സംവിധാനം പോലും തേടാത്ത ആസ്‌ത്രേലിയ ടെക് ലോക യുദ്ധത്തില്‍ പരാജയപ്പെടുമെന്ന് അന്നു തന്നെ ഉറപ്പിച്ചിരുന്നു. അത് കഴിഞ്ഞ ദിവസം യാഥാര്‍ഥ്യമായി.
വിവാദമായ ന്യൂസ് കോഡില്‍ നാല് ഭേദഗതികള്‍ വരുത്താമെന്ന് ആസ്‌ത്രേലിയ അറിയിച്ചതോടെയാണ് കടുംപിടിത്തം ഒഴിവാക്കാന്‍ ഫേസ്ബുക്ക് തയ്യാറായത്. വാര്‍ത്തക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയുണ്ടാക്കാന്‍ ഫേസ്ബുക്കിനും മാധ്യമ കമ്പനികള്‍ക്കും രണ്ട് മാസക്കാലത്തെ സമയം അനുവദിച്ചിട്ടുണ്ട് സര്‍ക്കാര്‍. ഈ സമയപരിധിക്കുള്ളില്‍ തീരുമാനമായിട്ടില്ലെങ്കില്‍ വീണ്ടും അണ്‍ഫ്രണ്ട് ചെയ്യുമെന്ന സൂചന ഫേസ്ബുക്ക് നല്‍കിയിട്ടുണ്ട്. ചര്‍ച്ചക്ക് വേണ്ടി സര്‍ക്കാര്‍ ഒരു മധ്യസ്ഥനെ നിയമിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാറിന്റെ മധ്യസ്ഥ വ്യവസ്ഥകളില്‍ ഫേസ്ബുക്കും ഗൂഗിളും അതൃപ്തി അറിയിച്ചിരിക്കുകയാണ്.

മാധ്യമ കമ്പനികള്‍ക്ക് പണം നല്‍കാനാകില്ലെന്ന ഉറച്ച തീരുമാനം തന്നെയാണ് ഫേസ്ബുക്കിനും ഗൂഗിളിനും ഇപ്പോഴുമുള്ളത്. ഇത്തരത്തില്‍ ഇരു കമ്പനികളും പണം നല്‍കിയേ മതിയാകൂവെന്ന് ജനുവരി 22ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇരുവരും ഭീഷണി മുഴക്കിയിരുന്നു. സെര്‍ച്ച് എന്‍ജിന്‍ തന്നെ റദ്ദാക്കുമെന്നായിരുന്നു ഗൂഗിള്‍ മുന്നറിയിപ്പ്. എന്നാല്‍, ബില്‍ പാസ്സാക്കിയതോടെ ഫേസ്ബുക്കിന്റെ അണ്‍ഫ്രണ്ടിംഗ് എന്ന ചെറിയ വിരട്ടലില്‍ തന്നെ ആസ്‌ത്രേലിയ വീണു. വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ക്ക് മുകളില്‍ കൃത്യമായ ആധിപത്യം സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന സൂചനയും ഇതോടെ ടെക് കമ്പനികള്‍ ലോകത്തിന് നല്‍കിക്കഴിഞ്ഞു.
അണ്‍ഫ്രണ്ടിംഗിന് മുന്നില്‍ അടിപതറിയ ആസ്‌ത്രേലിയക്ക് സെര്‍ച്ച് എന്‍ജിന്‍ റദ്ദാക്കലിന് മുന്നില്‍ എങ്ങനെയാണിനി പിടിച്ചുനില്‍ക്കാനാകുക? ഇന്റര്‍നെറ്റിന്റെ അതിപ്രസരം കൊണ്ട് രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. മാധ്യമ കമ്പനികളുടെയും തൊഴിലാളികളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഈ ചരിത്രപരമായ തീരുമാനം. വലിയ കെട്ടിടങ്ങളും സംവിധാനങ്ങളുമായി നിരവധി തൊഴിലാളികളെ വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാമൂഹിക മാധ്യമങ്ങളിലെത്തുന്ന വാര്‍ത്തക്ക് പ്രതിഫലം കിട്ടണമെന്നാണ് മാധ്യമങ്ങളുടെ ആവശ്യം. എന്നാല്‍, കൂലി നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക്, വാര്‍ത്ത തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു തരത്തില്‍ ജനാധിപത്യ, തൊഴിലാളിവിരുദ്ധമായ നടപടി തന്നെയാണ് ടെക് ഭീമന്റെ ഭാഗത്ത് നിന്നുണ്ടായത്.

പരസ്യവരുമാനം കുത്തനെ കുറഞ്ഞ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അധ്വാനവും റോയല്‍റ്റിയും വെച്ച് ഗൂഗിളും ഫേസ്ബുക്കും പണം നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. 2005ന് ശേഷം രാജ്യത്തെ അച്ചടി മാധ്യമങ്ങളിലെ പരസ്യവരുമാനത്തില്‍ 75 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്.
ഗൂഗിളോ ഫേസ്ബുക്കോ ഇല്ലെങ്കില്‍ വാര്‍ത്ത വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാര്‍ത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലേക്കു പോകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. ഫേസ്ബുക്കിനെയും ഗൂഗിളിനെയും സംബന്ധിച്ചിടത്തോളം ആസ്‌ത്രേലിയ ചെറിയ മാര്‍ക്കറ്റാണ്. അമേരിക്കയുമായും ഇന്ത്യയുമായും താരതമ്യപ്പെടുത്തുമ്പോള്‍ ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കുകയെന്നത് ഫേസ്ബുക്കിന് വലിയ ബാധ്യതയാകില്ല. എന്നാല്‍, ആസ്‌ത്രേലിയക്ക് പിന്നാലെ ഓരോ രാജ്യങ്ങളും ഈ ആവശ്യവുമായി രംഗത്തെത്തിയാല്‍ ലാഭക്കൊയ്ത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് ഫേസ്ബുക്ക് ഉറച്ചുവിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ആസ്‌ത്രേലിയയില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കും ഫേസ്ബുക്ക് ഒരുക്കമാകില്ല.
ഫേസ്ബുക്കിന്റെ അണ്‍ഫ്രണ്ടിംഗിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ മോറിസണ്‍ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുടെ പൂര്‍ണ പിന്തുണ ആസ്‌ത്രേലിയക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്ന് അവകാശവാദം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ആ പിന്തുണ ഫേസ്ബുക്കിന് മുന്നില്‍ കീഴടങ്ങുന്നതിന് വേണ്ടിയായിരുന്നോ എന്നാണ് ഇപ്പോഴത്തെ സംശയം. ചൈനീസ് ടെക് കമ്പനികളായ ടിക് ടോകിനെയും പബ്ജിയെയുമൊക്കെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വിരട്ടിയോടിച്ചത് പോലെ ഫേസ്ബുക്കിനെതിരെ വലിയൊരു ബദലിന് ആസ്‌ത്രേലിയ ശ്രമം നടത്തുമോയെന്നും കാത്തിരുന്ന് കാണാം. ഏതായാലും സര്‍ക്കാറുകള്‍ക്കും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കും മീതേ പറക്കാനുള്ള കരുത്ത് ഫേസ്ബുക്ക് കമ്പനി നേടിയെന്ന് വേണം നിരീക്ഷിക്കാന്‍. സാമൂഹിക മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോള്‍ തന്നെ അതിലെ ബിസിനസ്സും മൂലധനമുണ്ടാക്കുന്ന മേധാവിത്വവും കാണാതിരുന്നു കൂടാ.

Latest