Connect with us

Ongoing News

'കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് റാവുവിന്റെ മൃദു ഹിന്ദുത്വയില്‍ നിന്ന് നെഹ്‌റുവിന്റെ മതേതരത്വത്തിലേക്ക് തിരിച്ചുപോകല്‍'

Published

|

Last Updated

മുൻ കോഴിക്കോട് കോർപറേഷൻ മേയറും കമ്യൂണിസ്റ്റ് നേതാവുമായ തോട്ടത്തിൽ രവീന്ദ്രനെ പോലും ബി ജെ പിയുടെ സമുന്നത നേതാക്കൾ വലവീശി നോക്കി എന്ന വാർത്ത ഇന്നു നാം വായിച്ചു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുമ്പോൾ ആശയ അടിത്തറയില്ലാത്ത നേതാക്കൾ അതിൽ വീണുപോകും.

ജനാധിപത്യം വിൽപനക്കു വെക്കാനും വില കൊടുത്തു വാങ്ങാനും ശ്രമിക്കുന്നവർ
ജനാധിപത്യത്തിൻ്റെ മൂല്യമറിയാത്തവരാണ്. ആദ്യം സ്വന്തം പാർട്ടിയിൽ ജനാധിപത്യം നടപ്പാക്കിയാണ് നേതാക്കൾക്കും അനുയായികൾക്കും ഈ ബോധം നൽകേണ്ടത്. സംഘടനാ തെരഞ്ഞെടുപ്പാണ് ഇതിനുള്ള പ്രധാന വേദി. എന്നാൽ പല ദേശീയ പാർട്ടികളിലും നേതാക്കളെ മുകളിൽ നിന്നും കെട്ടിയിറക്കുകയാണ്. ഇങ്ങനെ വന്നവർക്ക് തെരഞ്ഞെടുത്തയച്ച ജനങ്ങളോടും പാർട്ടിയോടും എന്തു പ്രതിബദ്ധതയാണുണ്ടാവുക?

ഇടതുപക്ഷത്തിന് ഈ ജനാധിപത്യത്തെ വിലക്കു വാങ്ങുന്ന കോർപറേറ്റ് പാർട്ടിയെ
പ്രതിരോധിക്കുന്നതിന് പരിമിതിയുണ്ട്. കേരളത്തിനപ്പുറത്ത് അവർക്ക് കൂടുതലൊന്നും ചെയ്യാനില്ല. എന്നാൽ കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ ഇടതുപക്ഷം പോലും പ്രതീക്ഷ പുലർത്തുന്നതുകൊണ്ടാണ് കേരളത്തിനു പുറത്ത് അവർ കോൺഗ്രസുമായി നീക്ക് പോക്കിനും, സഖ്യത്തിനും തയ്യാറാവുന്നത്.

പക്ഷെ കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥയെന്താണ് ? കാക്കക്കൂട്ടിൽ വളർത്തിയ കുയിലിൻ്റെ കുട്ടികളെ പോലെ ഒരു നന്ദിയുമില്ലാതെ കൂടുവിടുന്ന എം പി മാരും എം എൽ എ മാരും പാർട്ടിയെ മാനം കെടുത്തിക്കൊണ്ടിരിക്കുകയാണ്. നിരാശക്കു പകരം ക്രിയാത്മകമായി ഇടപെടാൻ സാധിച്ചാൽ കോൺഗ്രസിനെ ഇനിയും ജനങ്ങൾ പിന്തുണക്കും. അതിന് ആദ്യം വേണ്ടത് നരസിംഹറാവുവിൻ്റെ മൃദു ഹിന്ദുത്വ നിലപാടിൽ നിന്നും നഹ്റുവിൻ്റെ മതേതരത്വ കാഴ്ചപ്പാടിലേക്കുള്ള തിരിച്ചു പോക്കാണ്.

അതോടൊപ്പം ഇന്ത്യയിന്നും മതേതരത്വത്തെ തന്നെയാണ് ആഗ്രഹിക്കുന്നത് എന്ന തിരിച്ചറിവുമുണ്ടാവണം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വളരെ കുറച്ചു മാത്രമാണെന്നത് ഇതിൻ്റെ തെളിവാണ്. അണികളിലും അതിലുപരി നേതാക്കളിലും മതേതരത്വത്തിൻ്റെ , ജനാധിപത്യ മര്യാദയുടെ ആശയ അടിത്തറ സൃഷ്ടിച്ചെടുക്കുക എന്നതാണ് കോൺഗ്രസ് നേതൃത്യത്തിൽ നിന്നും ഉണ്ടാവേണ്ടത്. ബിജെപിയെ പോലെ ശബരിമല കയറിയതു കൊണ്ട് കാര്യമില്ല.