Connect with us

Articles

വിവാദത്തിലെ നെല്ലും പതിരും

Published

|

Last Updated

സംഗതി ആഴക്കടല്‍ മത്സ്യബന്ധനമാണ്. ആയതിനാല്‍ ആഴമേറെയുണ്ടാകാന്‍ സാധ്യതയും കുറവല്ല. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് (കെ എസ് ഐ എന്‍ സി), അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യന്‍ പതിപ്പുമായി ധാരണാ പത്രമുണ്ടാക്കിയത്. കെ എസ് ഐ എന്‍ സി എന്നാല്‍ ഉള്‍നാടന്‍ ജലഗതാഗതം തടസ്സം കൂടാതെ നടത്താന്‍ ചുമതലപ്പെട്ട സംവിധാനം. അതാണ് മുഖ്യ ചുമതല. പിന്നെ, ബോട്ടുകളുടെയും ആഡംബര നൗകകളുടെയും നിര്‍മാണവും. കപ്പലുകളൊന്നും നിര്‍മിച്ച് നീറ്റിലിറക്കിയ ചരിത്രം കോര്‍പറേഷനില്ല. ഇതിന്റെ പ്രാഗ് രൂപമായ കേരള ഷിപ്പിംഗ് കോര്‍പറേഷന്‍ വാങ്ങി കടലിലിറക്കിയ കൈരളിയെന്ന കപ്പല്‍ കാണാതായി ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു. അതേക്കുറിച്ചോ അതിലുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചോ വിവരങ്ങളൊന്നും ലഭ്യവുമല്ല. അവ്വിധമുള്ള കെ എസ് ഐ എന്‍ സി ആഴക്കടല്‍ മത്സ്യബന്ധനത്തിന് യോജിക്കുന്ന ട്രോളറുകളുടെ നിര്‍മാണത്തിന് ധാരണാ പത്രമുണ്ടാക്കിയത് എന്തിനെന്ന് അറിയില്ല. അങ്ങനെ കരാറുണ്ടാക്കാന്‍ കോര്‍പറേഷനെ ആര് ചുമതലപ്പെടുത്തിയെന്നും.

ആഴക്കടല്‍ വരുന്നത് കേന്ദ്രാധികാരത്തിന് കീഴിലാണ്. അവിടെ മത്സ്യബന്ധനത്തിന് ആര്‍ക്കൊക്കെ അനുവാദം നല്‍കണമെന്ന് തീരുമാനിക്കുന്നതും അവര്‍ തന്നെ. കേന്ദ്രാധികാരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സഖ്യം കൈകാര്യം ചെയ്യുന്ന കാലത്ത് വിദേശ ട്രോളറുകള്‍ക്ക് ആഴക്കടലില്‍ വലയിടാന്‍ അനുവാദം നല്‍കിയിരുന്നു. വിദേശ കമ്പനികളോട് യു പി എക്കാളേറെ താത്പര്യമുണ്ടെങ്കിലും, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ പില്‍ക്കാലം ഈ അനുവാദം പിന്‍വലിച്ചു. അംബാനിയോ അദാനിയോ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിശാലമായ പദ്ധതി തയ്യാറാക്കുന്നുണ്ടാകണം. അതല്ലാതെ യു പി എയുടെ അനുമതി, നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ മറ്റൊരു കാരണം യഥാവിധി കാണുന്നില്ല.
എന്തായാലും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു മുന്നണി സര്‍ക്കാര്‍, അഞ്ചാണ്ടത്തെ ഭരണം പിന്നിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കയാലും തീരപ്രദേശമുള്‍ക്കൊള്ളുന്ന മണ്ഡലങ്ങളുടെ എണ്ണം കേരളത്തിന്റെ ഭരണം നിശ്ചയിക്കുന്നതില്‍ പ്രധാനമാകയാലും ഇപ്പോഴുയര്‍ന്ന തര്‍ക്കങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടെന്ന് തന്നെ കരുതണം. വിദേശ ട്രോളറുകള്‍ക്ക് ഇന്ത്യന്‍ ആഴക്കടലില്‍ വലയിടാനുള്ള അനുവാദം പിന്‍വലിച്ചതോടെ, പിന്നെ അതിനുള്ള വഴി ഇന്ത്യന്‍ കമ്പനിയിലൂടെ മീന്‍ പിടിത്തം എന്നത് മാത്രമാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇ എം സി സി എന്ന കമ്പനി, അവരുടെ ഇന്ത്യന്‍ കമ്പനിയിലൂടെ ലക്ഷ്യമിട്ടതും അതാകണം. 400 ട്രോളറുകള്‍ നിര്‍മിച്ച്, കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി, മത്സ്യബന്ധനം നടത്തുക എന്നതായിരുന്നു പദ്ധതി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, യന്ത്രവത്കൃത ബോട്ടുകളിലും വള്ളങ്ങളിലുമൊക്കെ പോയി മീന്‍പിടിക്കുന്ന ഇടമാണ് ഈ ആഴക്കടല്‍. അവിടെ നിന്ന് പിടിക്കുന്ന മത്സ്യത്തിനുമേല്‍ ഈ തൊഴിലാളികള്‍ക്ക് ഇപ്പോഴുള്ള അവകാശം, കമ്പനി നിര്‍മിച്ച് നീറ്റിലിറക്കുന്ന ട്രോളറുകള്‍ വരുന്നതോടെ ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആധുനിക രീതികള്‍ പരിശീലിപ്പിച്ച്, അവരെ സഹായിക്കുക എന്നതാണ് കമ്പനി പറയുന്ന ലക്ഷ്യമെങ്കിലും, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കമ്പനിയുടെ ലാഭം കൂട്ടുക എന്നതാകണം യഥാര്‍ഥ ലക്ഷ്യം. അത് സാധിച്ചുകൊടുക്കാന്‍ പാകത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നതാണ് ചോദ്യം.
അങ്ങനെ ചിലത് ചെയ്തുവെന്ന് സംശയിക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മത്സ്യനയം, ആഴക്കടലില്‍ വിദേശ ട്രോളറുകള്‍ വന്ന് വലയിടുന്നതിനെ എതിര്‍ക്കുന്നതാണ്. ആഭ്യന്തര കമ്പനികള്‍, ആഴക്കടലിലെ മത്സ്യസമ്പത്തിന് മേല്‍ കുത്തക സ്ഥാപിക്കുന്നതിനും എതിരാണത്. ആ നയം നിലനില്‍ക്കെ, ട്രോളറുകള്‍ നിര്‍മിച്ച് ആഴക്കടലിലിറക്കാനുള്ള ഇ എം സി സിയുടെ നിര്‍ദേശം, നിക്ഷേപക സംഗമത്തില്‍ വരികയും അത് പ്രഥമദൃഷ്ട്യാ കാമ്പുള്ളതാണെന്ന് ബോധ്യപ്പെട്ട് കെ എസ് ഐ എന്‍ സി അവരുമായി ധാരണാപത്രത്തില്‍ ഒപ്പിടുകയും ചെയ്യുന്നത് എങ്ങനെയാണ്? ട്രോളറുകള്‍ നിര്‍മിക്കുക എന്നത് മാത്രമേ തങ്ങളുടെ പരിധിയില്‍ വരൂ, ബാക്കി കാര്യങ്ങളൊക്കെ ഫിഷറീസ് നയത്തിനനുസരിച്ച് തീരുമാനമെടുത്ത് നടക്കേണ്ടതാകയാല്‍, ഇ എം സി സിയുമായി ചേര്‍ന്ന് ട്രോളറുണ്ടാക്കാന്‍ ഞങ്ങള്‍ റെഡിയെന്ന് പറയുക മാത്രമാണോ കെ എസ് ഐ എന്‍ സി ചെയ്തത്. ആഴക്കടലില്‍ വലയെറിയാന്‍ അനുവാദം കിട്ടുമെന്ന സൂചനയൊന്നുമില്ലാതെ ട്രോളറുണ്ടാക്കാന്‍ കമ്പനി ഇറങ്ങുമോ എന്നതില്‍ സംശയം.

ട്രോളറുകള്‍ ഇറക്കി മത്സ്യം പിടിച്ചാല്‍, അത് സംസ്‌കരിക്കുന്നതിന് കേന്ദ്രം തുടങ്ങാന്‍ കമ്പനി ആലോചിച്ചിരുന്നു. അതിനുള്ള അപേക്ഷ, വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം വ്യവസായ വകുപ്പിന് കീഴിലെ കെ എസ് ഐ ഡി സിക്ക് നല്‍കുകയും ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് കമ്പനിക്ക് സ്ഥലം അനുവദിക്കുകയും ചെയ്തു. ആഴക്കടല്‍ മീന്‍പിടിത്തത്തിന് അനുവാദം ലഭിക്കുമെന്ന് ഉറപ്പില്ലാതെ, സംസ്‌കരണശാല തുടങ്ങാന്‍ കമ്പനി ആലോചിക്കാനിടയില്ല. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത് പോലെ, കെ എസ് ഐ എന്‍ സി, സര്‍ക്കാര്‍ അറിയാതെ ഒരു ധാരണാ പത്രമുണ്ടാക്കിയതാണെന്ന് വിശ്വസിക്കുക പ്രയാസം. പൊതുമേഖലാ സ്ഥാപനത്തിനൊരു ധാരണാ പത്രമുണ്ടാക്കാന്‍, സര്‍ക്കാറിന്റെ അനുവാദം വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശരിയായിരിക്കാം. പക്ഷേ, സഹസ്ര കോടികളുടെ ഇടപാടിന്, പൊതുമേഖലാ സ്ഥാപനം ഇറങ്ങിപ്പുറപ്പെടുമ്പോള്‍, അത് സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിന് ചേരുന്നതാണോ അല്ലയോ എന്ന് അറിയേണ്ട ഉത്തരവാദിത്വം ഭരണത്തിന് നേതൃത്വം വഹിക്കുന്നവര്‍ക്കുണ്ട്. അതുണ്ടായില്ലെന്നത്, ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമാണ്. കൊവിഡ് കാലത്ത്, വിവര വിശകലനത്തിന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പ്രിംക്ലറുമായുണ്ടാക്കിയ കരാറിന്റെ കാര്യത്തിലും ഇതേ അറിവില്ലായ്മ സര്‍ക്കാറും മുഖ്യമന്ത്രിയും പ്രകടിപ്പിച്ചിരുന്നുവെന്ന് ഓര്‍ക്കണം.
മുഖ്യമന്ത്രി സ്ഥാനം ഏല്‍ക്കുന്നതിന് മുമ്പ് ചില “അവതാര”ങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത പിണറായി വിജയന്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും അടുപ്പമുണ്ടെന്ന് അവകാശപ്പെടുകയോ ഉള്ള അടുപ്പം കാര്യസാധ്യത്തിന് ഉപയോഗിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയോ ചെയ്യുന്ന അവതാരങ്ങള്‍. അത്തരമാളുകള്‍ ഭരണത്തിന്റെ ഇടവഴികളില്‍ ഉണ്ടായിരുന്നുവെന്ന് കൂടിയാണ് സ്പ്രിംക്ലറും ഇപ്പോള്‍ തര്‍ക്കം നടക്കുന്ന ട്രോളര്‍ ധാരണാ പത്രവും നല്‍കുന്ന സൂചന.

ആഴക്കടലിതാ തീറെഴുതി, അതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നു, അത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് തുടങ്ങിയ രാഷ്ട്രീയ നിലവിളികള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. ഇതൊക്കെ നടന്നിരുന്നുവെങ്കില്‍, നയം മാറ്റി ആഴക്കടലില്‍ വലയിടാന്‍ കമ്പനിക്ക് അനുമതി ലഭിക്കണം, ആ അനുമതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രാനുമതിക്ക് കമ്പനി പോകുകയും വേണം. അതൊന്നുമുണ്ടാകാത്തതിനാലാണ് ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറയേണ്ടിവരുന്നത്. കമ്പനി പ്രതിനിധികളെ മന്ത്രി കണ്ടു, മുഖ്യമന്ത്രി കണ്ടു തുടങ്ങിയ ചിത്രസഹിതമുള്ള “സ്‌തോഭ” ജനകമായ വെളിപ്പെടുത്തലുകള്‍ക്കും അതിന്റെ നാടകീയതക്കപ്പുറം സ്ഥാനമില്ല. പദ്ധതികള്‍ മുന്നോട്ടുവെച്ചവരും അതിന്റെ പേരില്‍ ധാരണാപത്രങ്ങളുണ്ടാക്കിയവരും മന്ത്രിമാരെയും മുഖ്യമന്ത്രിയെയുമൊക്കെ കാണുക സ്വാഭാവികം മാത്രം. കണ്ടില്ല, കേട്ടില്ല എന്ന് വേണ്ട പരിശോധന കൂടാതെ പറയാന്‍ മാത്രം ലാഘവത്വം മന്ത്രിമാരൊക്കെ കാണിക്കുന്നത് കൊണ്ടാണ് ഇതിലൊരു നാടകീയതയുള്ളത്.
സംശയങ്ങള്‍ക്കിടനല്‍കും വിധത്തിലുള്ള പദ്ധതികളുമായി വരുന്നവരും അവരുമായി ധാരണാ പത്രങ്ങളൊപ്പിടാന്‍ തയ്യാറായി നില്‍ക്കുന്നവരും ഇടവഴിയിലെ അവതാരങ്ങളുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ഇല്ലാത്ത സോളാര്‍ പദ്ധതിയുടെ പേരില്‍ വലിയ തട്ടിപ്പിന് അരങ്ങൊരുങ്ങിയ പോയകാല സര്‍ക്കാറിന്റെ കാലത്തെ ഇത് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. അതൊന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണല്ലോ അഞ്ച് കൊല്ലം മുമ്പ് ജനം, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തിന്റെ താക്കോല്‍ കൈമാറിയത്. ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമ്മിലുണ്ടാക്കിയ ആ ധാരണാ പത്രത്തിലാണ് സംശയങ്ങളുയരുന്നത്. അറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല എന്നതൊന്നും അവിടെ ന്യായമല്ല. അറിയാനും കാണാനും കേള്‍ക്കാനും അറിഞ്ഞും കണ്ടും കേട്ടും തീരുമാനമെടുക്കാനുമാണ് ജനങ്ങളുമായുള്ള ധാരണാ പത്രത്തില്‍ പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്കുള്ള ഉത്തരവാദിത്വം.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്