Kerala
ആശങ്കപ്പെടുത്തി കൊവിഡ് വ്യാപനം പത്തനംതിട്ടയില്‍ സര്‍വ കക്ഷിയോഗം വിളിക്കുന്നു

പത്തനംതിട്ട | കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പത്തനംതിട്ടയില്‍ സര്‍വ കക്ഷിയോഗം വിളിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സര്‍വ കക്ഷി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് പരിശോധിക്കുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ എണ്ണം നിലവില്‍ 36 എന്നത് 100 ആയി ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചു. സെക്ടറല്‍ മജിട്രേറ്റുമാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോകുന്ന പോലീസുകാരുടെ എണ്ണവും ആനുപാതികമായി ഉയര്‍ത്തും. ഇതിനോടൊപ്പം ജില്ലയിലെ ഷോപ്പിങ് മാളുകളും ഓഫീസ് സമുച്ചയങ്ങളും കേന്ദ്രീകരിച്ച് കൊവിഡ് റാന്‍ഡം പരിശോധന നടത്താനും തീരുമാനിച്ചു.
കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരസഭകളിലും 10 ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ശ്രദ്ധ നല്‍കി ആരോഗ്യ വകുപ്പും പഞ്ചായത്ത് വകുപ്പും മറ്റു വകുപ്പുകളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശം നല്‍കി. കോവിഡ് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ഡി ഡി എം എ യോഗം തീരുമാനിച്ചു.