Connect with us

Kasargod

നിഷ്‌കളങ്കത മുതലെടുത്തു, പാര്‍ട്ടിയില്‍ നിന്ന് മാനുഷിക പരിഗണന ലഭിച്ചില്ലെന്നും എം സി കമറുദ്ദീന്‍ എം എല്‍ എ

Published

|

Last Updated

കാസര്‍കോട് | ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് വമ്പിച്ച രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എം സി കമറുദ്ദീന്‍ എം എല്‍ എ. തന്റെ നിഷ്‌കളങ്കത മുതലെടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് മാനുഷിക പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഇതെല്ലാം ഇപ്പോള്‍ പറഞ്ഞ് ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും വേണ്ടിവന്നാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തന്റെ രാഷ്ട്രീയ ജീവിതം അസ്തമിച്ചുവെന്ന് ആരും കരുതരുത്. കൈയില്‍ പണമില്ലാത്തതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ജീവിതം ഏറെ പ്രത്യേകതയുള്ളതായിരുന്നെന്നും ജയില്‍ പരിപാടികളില്‍ പാട്ടുപാടാന്‍ സാധിച്ചെന്നും എം എല്‍ എ പറഞ്ഞു. സ്റ്റേജില്‍ നിന്ന് പേര് വിളിച്ചപ്പോള്‍ വലിയ കൈയടി ലഭിച്ചു. ഇതെല്ലാം ആത്മവിശ്വാസം ഉണ്ടാക്കുന്നതായിരുന്നു. ജീവിതത്തിലെ ഹൃദയസ്പൃക്കായ ദിനങ്ങളായിരുന്നു ജയിലിലേതെന്നും അതെല്ലാം എഴുതിവെച്ചിട്ടുണ്ടെന്നും കമറുദ്ദീൻ എം എല്‍ എ പറഞ്ഞു.

ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് നൂറിലേറെ കേസുകളില്‍ നിന്ന് ജാമ്യം ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ മോചിതനായത്.

Latest