മധ്യപ്രദേശില്‍ ചികിത്സക്കെത്തിയ വനിതയെ വലിച്ചിഴച്ച് പുറത്താക്കി സുരക്ഷാ ജീവനക്കാരന്‍

Posted on: February 20, 2021 7:32 pm | Last updated: February 21, 2021 at 8:51 am

ഭോപാല്‍ | ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വനിതയെ ചെളിയിലൂടെ വലിച്ചിഴച്ച് പുറത്താക്കി സുരക്ഷാ ജീവനക്കാരന്‍. സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വൈറലായതോടെ സുരക്ഷാ ജീവനക്കാരനെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഖര്‍ഗോണ്‍ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്.

ഏകദേശം 300 മീറ്ററാണ് രോഗിയെ ചെളിയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വലിച്ചിഴച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്യാതെയെത്തിയതിനാലാണ് ഇവരെ ക്രൂരമായ രീതിയില്‍ പുറത്താക്കിയത്. മുപ്പത് വയസ്സ് തോന്നിക്കുന്നയാളാണ് വനിത.

അതേസമയം, മാനസിക വെല്ലുവിളി നേരിടുന്നയാളാണ് വനിതയെന്നും ആശുപത്രി അധികൃതരെ അറിയിക്കാതെയാണ് സുരക്ഷാ ജീവനക്കാരന്‍ ഇങ്ങനെ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു. മോശമായി പെരുമാറുകയും ജീവനക്കാരെ ചീത്ത വിളിക്കുകയും ചെയ്തു. വലിച്ചിഴച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു.