Connect with us

International

ആസ്‌ത്രേലിയയെ 'അണ്‍ഫ്രണ്ട്' ചെയ്ത് ഫേസ്ബുക്ക്; വാക്‌പോര്

Published

|

Last Updated

സിഡ്‌നി | ആസ്‌ത്രേലിയക്കാര്‍ ഇന്ന് ഉറക്കമെഴുന്നേറ്റത് കാലിയായി കിടക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക്. സര്‍ക്കാറുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ആസ്‌ത്രേലിയയിലെ എല്ലാ ഉള്ളടക്കവും തടഞ്ഞത്. ലോകമാകമാനം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ ഭാവി കൂടി പരീക്ഷിക്കുന്നതാണ് ഈ നടപടി.

ആസ്‌ത്രേലിയയെ അണ്‍ഫ്രണ്ട് ചെയ്ത നടപടി ഫേസ്ബുക്കിന്റെ അഹങ്കാരമാണെന്നും അവര്‍ നിരാശപ്പെടുത്തുന്നതായും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തുറന്നടിച്ചു. മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ആരോഗ്യം, അടിയന്തര സുരക്ഷാ മുന്നറിയിപ്പ്, ക്ഷേമം തുടങ്ങിയ വിഷയങ്ങളിലുള്ള പേജുകളെയാണ് ഫേസ്ബുക്കിന്റെ നടപടി കൂടുതല്‍ ബാധിച്ചത്.

ഏറെ വൈറല്‍ ഉള്ളടക്കം നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളുമായി ഫേസ്ബുക്കും ഗൂഗ്ളും വാണിജ്യ കരാറില്‍ ഏര്‍പ്പെടണമെന്ന വരാനിരിക്കുന്ന ആസ്‌ത്രേലിയന്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലക്കാണ് നടപടി. മറ്റ് രാജ്യങ്ങളും ഈയൊരു നിലപാടിലേക്ക് പോകുന്നുണ്ട്. ഉള്ളടക്കം നല്‍കുന്നവര്‍ക്കും വരുമാനത്തിന്റെ ഒരു ഭാഗം നല്‍കണമെന്ന വാദത്തിന്റെ ഭാവി നിശ്ചയിക്കുന്നതാകും ആസ്‌ത്രേലിയയിലെ നടപടിയും അനന്തരഫലങ്ങളും.