Connect with us

Covid19

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 6.3 ശതമാനം കുറവ്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 6.3 ശതമാനം കുറവുണ്ടായതായി മുഖ്യമന്ത്രി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 61,281 പേരാണ് സംസ്ഥാനത്ത് ഒരേസമയം കൊവിഡ് ചികിത്സയിലുള്ളത്. 65,414 പേരായിരുന്നു ഒരാഴ്ച മുമ്പ് ചികിത്സയിലുണ്ടായിരുന്നത്. നിലവില്‍ 60,803 പേര്‍ ചികിത്സയിലുണ്ട്.

രോഗവ്യാപനം കുറക്കുന്നതില്‍ വാക്സിനേഷന് പ്രധാന പങ്കു വഹിക്കാനാകും. ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മിച്ച വാക്സിനുകളാണ് വിതരണത്തിനായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വാക്സിന്‍ എടുക്കുന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്കയുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചാരണങ്ങള്‍ ഉണ്ടാകരുത്.

സമൂഹത്തിന്റെ സുരക്ഷയെ തുരങ്കം വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. കേരളത്തില്‍ ബാധിച്ചിരിക്കുന്ന കൊവിഡ് വൈറസിന് പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നുവെന്ന വാര്‍ത്ത ആശങ്കാജനകമായ രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജനിതക വ്യതിയാനം ഏതെങ്കിലും തരത്തില്‍ അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പുരോഗമിക്കുകയാണ്. തീര്‍ത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കുമ്പോള്‍ കൂടുതല്‍ അവധാനത കാണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനാവശ്യമായ ഭീതി പരത്താനല്ല, ശാസ്ത്രീയമായ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നല്‍കി ബോധവത്കരിക്കാനാണ് പൊതുവേ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.