Connect with us

Religion

വിതക്കാനുള്ള മാസം

Published

|

Last Updated

വിത്ത് വിതക്കേണ്ട കാലത്തിനും അതിനാവശ്യമായ മണ്ണിനും കർഷകർ കാത്തിരിക്കും. ശ്രദ്ധയോടെ പ്രതീക്ഷകളുടെ ചിറകിലേറി അധ്വാനത്തിന്റെ വിയർപ്പ് പൊടിക്കുന്ന പണിയിൽ അവർ വ്യാപൃതരാകും. വിത്ത് വിതച്ചാൽ കൂടുതൽ ശ്രദ്ധ ഇതിലായിരിക്കും. മറ്റു ഏർപ്പാടുകളെക്കാൾ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സമയം കരുതലിന്റെ കാലമാണ്. അനാസ്ഥ കാണിച്ചാൽ നഷ്ടം കർഷകർക്കാണ്. അതെ റജബ് വിതയ്ക്കാനുള്ള മാസമാണ്. വിശുദ്ധിയുടെ വിത്ത് ഹൃദയങ്ങളിലാണ് വിതയ്ക്കാനുള്ളത്. ആരാധനകളിലേക്ക് ഒരുങ്ങി ഇറങ്ങണം. മനസ്സിനെ ദേഹേച്ഛകൾക്ക് വിട്ടു കൊടുക്കരുത്. പത്ത് മാസത്തെ അശ്രദ്ധമായ ജീവിതത്തെ ലോഗൗട്ട് ചെയ്ത് റജബിൽ പുതിയത് ലോഗിൻ ചെയ്യണം. നമുക്ക് റമസാനിൽ കൊയ്യാനുള്ളതാണ്. സുകൃതങ്ങളുടെ കൊയ്ത്ത്..! ജീവിത വിശുദ്ധിയുടെ വിളവെടുപ്പ്..!

കൂടുതൽ ചൊരിയുന്നത് എന്നർഥത്തിലുള്ള അസ്സ്വബ്ബ് റജബിന്റെ മറ്റൊരു പേരാണ്. നിരവധി നന്മകൾ ചൊരിയപ്പെടുന്നത് കൊണ്ടാണ് ആ നാമം വന്നത്. യുദ്ധ സാമഗ്രികളുടെ ഒച്ച കേൾക്കാത്ത മാസം എന്നർഥത്തിൽ അൽ അസ്വമ്മ് എന്നുമുണ്ട്.

ആത്മീയ ലോകത്തെ ജോതിസ്സ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) അവിടുത്തെ ഗുൻയത്ത് എന്ന ഗ്രന്ഥത്തിൽ പറയുന്നു: റജബിന് റജ്മ് എന്ന നാമമുണ്ട്. റജ്‌മ് എന്നാൽ എറിയുക, പിശാചിനെ എറിഞ്ഞോടിക്കുക എന്നർഥത്തിൽ. മാത്രവുമല്ല, റജബ് എന്ന വാക്കിലെ മൂന്ന് അക്ഷരങ്ങൾക്കും വലിയ അർഥങ്ങളുണ്ട്. റാഅ്- അല്ലാഹുവിന്റെ റഹ്‌മത്ത്, ജീം- ജൂദുല്ല, അല്ലാഹുവിന്റെ ധർമം. അവന്റ കാരുണ്യം ധാരാളം ലഭിക്കുന്ന, പാപമോചനത്തിന്റെ മാസം കൂടിയാണിത്. ബാഅ്- ബിർറുല്ല അല്ലാഹുവിന്റെ ഗുണം. റബ്ബിന്റെ മാസമായതിനാൽ അവന്റെ അനുഗ്രഹങ്ങളുടെ പെയ്ത്ത് തന്നെ ഈ മാസത്തിലുണ്ട്.

യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിലൊന്ന്. റജബിൽ ഒരു ശിപാർശകന്റെയും ആവശ്യമില്ലാതെ ഞാൻ പൊറുക്കപ്പെടും എന്ന് അല്ലാഹു പറയുന്നു. ശഅ്ബാനിൽ മുത്ത്നബിയിലേക്കും റമസാനിൽ മുഅ്മിനീങ്ങളിലേക്കും ആവശ്യമായി വരുമ്പോൾ റജബിൽ ആരുടെയും ആവശ്യമില്ലാതെ നിന്റെ വേവലാതികൾ റബ്ബ് കേൾക്കുന്നത് കൊണ്ടാണ് അല്ലാഹുവിന്റെ മാസം എന്ന പോരിശ ഈ മാസത്തിന് ലഭിച്ചത്.

പുരാതന കാലം മുതലേ അറബികൾക്കിടയിൽ മഹത്വം കൽപ്പിച്ചിരുന്ന റജബ് ഇസ്്ലാമിന്റെ ആഗമനത്തോടെ അതിന്റെ പവിത്രതക്ക് ഒന്നുകൂടി മാറ്റ് കൂട്ടി. റജബ് പാപ മോചനത്തിന്റെയും ശഅ്ബാൻ ന്യൂനത മറക്കുന്നതിന്റെയും റമസാൻ ഹൃദയം പ്രകാശിപ്പിക്കുന്നതിന്റെയും മാസമാണ്. റജബ് തൗബയുടെയും (തൗബത്ത്) ശഅ്ബാൻ സ്നേഹത്തിന്റെയും(മഹബ്ബത്ത്) റമസാൻ അള്ളാഹുവിലേക്ക് അടുക്കുന്നതിന്റെയും (ഖുർബത്ത്) മാസമാണെന്ന് നുസ്ഹതുൽമജാലിസിൽ കാണാം.

റജബിലെ സുപ്രധാന ഏടാണ് പ്രവാചകരുടെ നിശാ പ്രയാണം. അഞ്ച് നേരത്തെ നിസ്കാരം അനുഗ്രഹമായി മുഅ്മീനീങ്ങൾക്ക് ലഭിച്ചു, സൂറത്ത് ഇസ്റാഅ് പ്രഥമ സൂക്തത്തിലൂടെ ഈ യാത്ര അല്ലാഹു വിവരിക്കുന്നു. ഇമാം ബുഖാരി(റ) സ്വഹീഹുൽ ബുഖാരിയിലും ഇമാം മുസ്്ലിം (റ) സ്വഹീഹ് മുസ്്ലിമിലും അത്ഭുതകരമായ ഈ യാത്ര വിവരിക്കുന്നുണ്ട്. ഇമാം ബൂസ്വൂരി(റ) ഒരു അധ്യായം തന്നെ ഖസീദതുൽ ബുർദയിൽ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്.

Latest