Connect with us

Kerala

പ്രധാനമന്ത്രി കൊച്ചിയിൽ; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

Published

|

Last Updated

കൊച്ചി | പ്രധാനമന്ത്രി നരേന്ദ്ര മോദി  കേരളത്തിൽ. ബി പി സി എല്ലിന്റേത് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ സമർപ്പിക്കുന്നതിനായി കൊച്ചി ഐ എൻ എസ് ഗരുഡ വിമാനത്താവളത്തിൽ മൂന്നരയോടെയായിരുന്നു പ്രധാന മന്ത്രിയെത്തിയത്. ഹെലികോപ്ടറിൽ രാജഗിരി സ്കൂൾ ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം റോഡ് മാർഗം കൊച്ചി റിഫൈനറി പരിസരത്തേക്ക് തിരിക്കും.

ഹെലികോപ്ടറിൽ രാജഗിരി ഹെലിപ്പാഡിൽ എത്തുന്ന പ്രധാനമന്ത്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പി ടി തോമസ് എം എൽ എ, തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.

ഹെലിപ്പാഡിൽ നിന്ന് റോഡ് മാർഗം പ്രധാനമന്ത്രി അമ്പലമേട് വി എച്ച് എസ് ഇ സ്‌കൂൾ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തും. നാലിന് നടക്കുന്ന ചടങ്ങിൽ പങ്കെടുത്തശേഷം ആറരയോടെ ന് കൊച്ചി ഐ എൻ എസ് ഗരുഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് തിരിക്കും. ബി പി സി എല്ലിന്റെ പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രൊജക്ട് (പി ഡി പി പി), കൊച്ചിയിലെ വില്ലിംഗ്ടൺ ദ്വീപുകളിലെ റോറോ വെസ്സലുകൾ എന്നിവ രാജ്യത്തിനായി സമർപ്പിക്കുന്ന പ്രധാനമന്ത്രി, കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ “സാഗരിക”, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ നോളഡ്ജ് ആൻഡ് സ്‌കിൽ ഡെവലപ്മെന്റ്സെന്റർ എന്നിവ ഉദ്ഘാടനം ചെയ്യും. കൊച്ചി തുറമുഖത്ത് ദക്ഷിണ കൽക്കരി ബെർത്തിന്റെ പുനർനിർമാണത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ചടങ്ങിൽ നടത്തും.

ഹൃദ്യമായ വരവേല്‍പ്പ്

വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാവികസേന വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ 3.11 ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാന മന്ത്രിയെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ സ്വീകരിച്ചു.

വൈസ് അഡ്മിറല്‍ എ.കെ ചൗള, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്‌ക്രട്ടറി സത്യജിത് രാജന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി നാഗരാജു ചക്കിലം, കമാന്‍ഡര്‍ വി.ബി ബെല്ലാരി, തുഷാര്‍ വെള്ളാപ്പള്ളി, ഡോ. കെ.എസ് രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ചന്ദ്രശേഖരന്‍, മഹബൂബ്, കെ.എസ് ഷൈജു, പ്രിയ പ്രശാന്ത്, അഡ്വ. ഒ.എം ശാലീന, പദ്മകുമാരി ടി എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്് ഹെലിക്കോപ്റ്റര്‍ മാര്‍ഗം രാജഗിരി ഹെലിപ്പാഡിലേക്ക് യാത്ര തിരിച്ചു.

Latest