Connect with us

Articles

നെതന്യാഹു എന്തിനാണിങ്ങനെ അസ്വസ്ഥനാകുന്നത്?

Published

|

Last Updated

ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിമിനൽ കോടതി ലോകത്താകെയുള്ള യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങളും വിചാരണ ചെയ്യാനുള്ള ആഗോള സംവിധാനമായാണ് സ്ഥാപിച്ചിട്ടുള്ളത്. 1998ലെ റോം സ്റ്റാറ്റിറ്റ്യൂട്ടിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിക്കുകയും 2002ൽ നിലവിൽ വരികയും ചെയ്ത ഐ സി സി ഐക്യരാഷ്ട്ര സഭയുടെ തുടർ സംവിധാനം എന്ന നിലയിൽ പ്രവർത്തിക്കുകയും രക്ഷാ സമിതി നിർദേശിക്കുന്ന വിഷയങ്ങളിൽ വിചാരണാ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.

അതത് പരമാധികാര രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥക്ക് കണക്കിലെടുക്കാൻ സാധിക്കാത്തതും ഒന്നിലധികം രാഷ്ട്രങ്ങൾ ഉൾപ്പെട്ടതുമായ വിഷയങ്ങളാണ് ഐ സി സിക്ക് മുമ്പിൽ വരിക. ഇപ്പറഞ്ഞതെല്ലാം ഉപന്യസിക്കാവുന്ന വിവരങ്ങൾ മാത്രമാണ്. ഐ സി സിയുടെ വെബ്‌സൈറ്റിൽ പോയി നോക്കിയാൽ ഈ വിവരാഖ്യാനം സുദീർഘമായി തുടരാവുന്നതുമാണ്.

എന്നാൽ വസ്തുതയെന്താണ്? വൻ ശക്തികൾ വരക്കുന്ന വൃത്തത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാൻ ഈ അന്താരാഷ്ട്ര കോടതിക്ക് സാധിക്കില്ല. അന്താരാഷ്ട്ര സമൂഹം എന്നൊക്കെ പറയുന്നതുപോലെയുള്ള ഏർപ്പാടാണിത്. അമേരിക്കയോട് ഒട്ടി നിൽക്കുന്ന രാജ്യങ്ങൾക്ക് താത്പര്യമുള്ള കേസുകളിൽ മാത്രം ഐ സി സിക്ക് ജീവൻ വെക്കും. മറ്റുള്ളവയിൽ നിയമങ്ങളും തീർപ്പുകളും ഏട്ടിലുറങ്ങും. ഒറ്റ ഉദാഹരണമെടുത്താൽ ഇത് മനസ്സിലാകും.

കഴിഞ്ഞ വർഷം ഐ സി സിയുടെ മുഖ്യ പ്രോസിക്യൂട്ടർ ഫാതി ബീൻസൗദ (ഗാംബിയക്കാരിയാണ്) ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അഫ്ഗാനിലെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കണം. യു എസ് സൈന്യം അവിടെ ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് പ്രോസിക്യൂട്ടറെ പച്ചക്ക് ആക്ഷേപിച്ചു. അവർക്ക് വേണ്ടത് നീതിയല്ല, രാഷ്ട്രീയമാണെന്ന് തുറന്നടിച്ചു. പോരാത്തതിന് ഉപരോധവും അടിച്ചേൽപ്പിച്ചു. ഇതാണ് ഐ സി സിയുടെ സ്ഥിതി. റോം സ്റ്റാറ്റിറ്റ്യൂട്ടിൽ ഒപ്പുവെച്ച 123 രാജ്യങ്ങളാണ് ഐ സി സിയിലെ മെമ്പർ സ്റ്റേറ്റുകൾ. അമേരിക്കയില്ല, ഇസ്‌റാഈലില്ല, ഇന്ത്യയില്ല.

എന്താണ് വിശേഷം?

ഐ സി സി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞതിന് കാരണം ഈയിടെ കോടതി പുറപ്പെടുവിച്ച ഫലസ്തീൻ സംബന്ധിച്ച വിധിയാണ്. ഫലസ്തീനിൽ നടക്കുന്ന അതിക്രമങ്ങളും അധിനിവേശവും അന്വേഷിക്കാനും കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും ഐ സി സിക്ക് അധികാരമുണ്ട് എന്നതായിരുന്നു ഫാതി ബീൻസൗദ പുറപ്പെടുവിച്ച ഉത്തരവ്. ഇസ്‌റാഈൽ പ്രതിരോധ സേന (ഐ ഡി എഫ്)യെയും ഹമാസിനെയും അവർ കുറ്റപ്പെടുത്തുകയും ചെയ്തു.
ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന കാര്യം തന്നെയാണ് അവരടങ്ങുന്ന നിയമ സംഘം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹമാസിനെ പരാമർശിച്ച് സന്തുലിതമാക്കാൻ ശ്രമിക്കുമ്പോഴും വിധിയുടെ ഫോക്കസ് പോയിന്റ് ഇസ്‌റാഈൽ സൈന്യം തന്നെയാണ്. ഗാസാ ചീന്തിലും വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇസ്‌റാഈൽ സൈന്യം നടത്തുന്ന ക്രൂരതകൾ ലോകം കണ്ടു കൊണ്ടിരിക്കുകയാണല്ലോ.

ഗാസാ ആക്രമണത്തിൽ ചോരപ്പൂക്കളായിപ്പോയ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഏത് മനുഷ്യസ്‌നേഹിയുടെയും ഉറക്കം കെടുത്തിയിരുന്നുവല്ലോ. യു എൻ പ്രമേയം പലത് വന്നിട്ടും ജൂതരാഷ്ട്രം അധിനിവേശം തുടരുകയുമാണ്. ഈ ജൂത സെറ്റിൽമെന്റുകൾ സന്ദർശിച്ച് യു എസ് വിദേശകാര്യ സെക്രട്ടറി പ്രഖ്യാപിച്ചത് ഇവിടെ ഉത്പാദിക്കുന്നതൊക്കെയും മേഡ് ഇൻ ഇസ്‌റാഈലെന്ന് അറിയപ്പെടുമെന്നാണ്. കിഴക്കൻ ജറൂസലം ഇസ്‌റാഈലിന്റെ തലസ്ഥാനമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയുമുണ്ടായി.

ഇന്നോളമുണ്ടായ എല്ലാ അന്താരാഷ്ട്ര കരാറുകളും ഫലസ്തീന്റെ മണ്ണാണെന്ന് പ്രഖ്യാപിച്ച ഇടങ്ങളാണ് ഇങ്ങനെ കൊള്ളയടിക്കുന്നതെന്നോർക്കണം. ഇതിനെ ചെറുക്കാൻ ഫല്‌സ്തീനികളുടെ കൈയിൽ ഒന്നുമില്ല. കൂറ്റൻ ടാങ്കുകൾക്ക് നേരെ കല്ലെറിയുന്ന യുവാക്കളെ വിഡ്ഢികളെന്ന് വിളിക്കാൻ വരട്ടേ. അവർ മറ്റെന്ത് ചെയ്യാനാണ്? ഹമാസ്- ഫലസ്്തീൻ അതോറിറ്റി തർക്കത്തെയോ ഹമാസ് ഇടക്കിടക്ക് നടത്തുന്ന എടുത്തു ചാട്ടങ്ങളെയോ അംഗീകരിക്കേണ്ടതില്ല.
എന്നാൽ, ചെറുത്തു നിൽപ്പിന് ശേഷിയില്ലാത്ത ഒരു ജനത പരിമിതമായി നടത്തുന്ന പ്രതികരണങ്ങളെ വലിയ സുരക്ഷാ പ്രശ്‌നമായി അവതരിപ്പിക്കുന്ന സയണിസ്റ്റ് കൗശലം തിരിച്ചറിഞ്ഞേ തീരൂ. അതുകൊണ്ട് ഹമാസിനെയും ഇസ്‌റാഈൽ പ്രതിരോധ സേനയെയും യുദ്ധക്കുറ്റ പട്ടികയിൽ ഒരേ തലക്കെട്ടിന് താഴെ വെക്കുന്നത് നീതിയാകില്ല.

ഇന്ത്യയുടെ വിവേകം”

ആ അർഥത്തിൽ അത്രയൊന്നും മേൻമ അവകാശപ്പെടാനില്ലാത്ത ഒരു പ്രോസിക്യൂഷൻ പ്രസ്താവമാണ് ഫാതി മുന്നോട്ട് വെച്ചത്. പക്ഷേ, അതുപോലും വകവെച്ച് കൊടുക്കാനുള്ള സഹിഷ്ണുത ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉണ്ടായില്ല. അദ്ദേഹം ശക്തമായ വാക്കുകളുമായി ഐ സി സിക്ക് നേരെ തിരിഞ്ഞു. ഫലസ്തീൻ ഒരു രാഷ്ട്രമല്ലെന്നിരിക്കെ എങ്ങനെ ഐ സി സി ഈ വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം ചോദിച്ചു. സത്യത്തിൽ ഈ നിയമ പ്രശ്‌നം ഐ സി സി പരിഗണിച്ചതാണ്. ഫലസ്തീന് രാഷ്ട്രപദവി കൈവരാതെ എങ്ങനെ ഇടപെടുമെന്നായിരുന്നു ചോദ്യം. 2012ൽ ഫലസ്തീന് നിരീക്ഷക രാഷ്ട്രപദവി യു എൻ അനുവദിച്ചിട്ടുണ്ട്; ഈ പദവി ഉപയോഗിച്ച് 2015ൽ റോം സ്റ്റാറ്റിറ്റ്യൂട്ടിൽ ഫലസ്തീൻ അതോറിറ്റി ഒപ്പുവെക്കുകയും ചെയ്തു. അതോടെ ഫലസ്തീൻ ഐ സി സിയുടെ പരിഗണനാ പരിധിയിൽ വന്നു എന്ന തീർപ്പിലാണ് അവർ എത്തിയത്. മുഖ്യ പ്രോസിക്യൂട്ടറെ വ്യക്തിപരമായി തന്നെ നെതന്യാഹു ആക്രമിച്ചു. ആന്റി സെമറ്റിക് വികാരമാണ് അവരെ നയിക്കുന്നത്; വംശീയവാദിയാണ് അവർ; അന്താരാഷ്ട്ര ക്രിമിനൽ കോടതി രാഷ്ട്രീയ അജൻഡയുടെ കേന്ദ്രമായി അധഃപതിച്ചിരിക്കുന്നു; അന്താരാഷ്ട്ര സമൂഹം ഇത് അനുവദിക്കരുത്. ഇങ്ങനെ പോകുന്നു നെതന്യാഹുവിന്റെ ആക്രോശം, രോദനം.
ഇന്ത്യയെ “ഗ്രേറ്റ് ഫ്രണ്ട്” എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ചിരകാല സുഹൃത്തായ മോദിയോട് സഹായം തേടി. ഐ സി സിയുടെ ഈ അധികാര ദുർവിനിയോഗത്തെ തള്ളിപ്പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ കശ്മീരിലേക്കും അവർ കയറി വരുമെന്നാണ് നെതന്യാഹു പറയാതെ പറയുന്നത്. പക്ഷേ, മോദി സർക്കാർ ഒരിക്കലും കാണിക്കാത്ത സംയമനം പാലിച്ചു. ടെലിഫോണിൽ വിളിച്ച നെതന്യാഹുവിനോട് മോദി പറഞ്ഞു: “തത്കാലം ക്ഷമിക്കൂ. ഇന്ത്യ ഐ സി സിയിൽ അംഗമല്ലാത്തതിനാൽ പ്രതികരിക്കാനില്ല”. അറബ് രാജ്യങ്ങളെയും ഇറാൻ, തുർക്കി, റഷ്യ തുടങ്ങിയവയെയും വെറുതേ പിണക്കേണ്ടെന്ന് കരുതിക്കാണണം. കശ്മീർ ചർച്ചയാക്കേണ്ടെന്നും തീരുമാനിച്ചിരിക്കണം. മൂലക്കിരിക്കുന്ന മഴു എന്തിന് കാലിലെടുത്തിടണം?

1967 ആണ് പ്രശ്‌നം

സത്യത്തിൽ നെതന്യാഹുവിനെ പ്രകോപിപ്പിച്ചത് 1967ലെ യുദ്ധത്തെ കുറിച്ചുള്ള റഫറൻസാണ്. 1967ന് മുമ്പ് ഫലസ്തീന്റെ ഭാഗമായിരുന്ന മുഴുവൻ പ്രദേശവും ഐ സി സിയുടെ പരിഗണനാപരിധിയിൽ വരുമെന്നാണ് കൃത്യമായി വിധിയിൽ പറയുന്നത്. ഇത് നെതന്യാഹുവിനോ, ഇസ്‌റാഈൽ പക്ഷം പിടിക്കുന്ന അമേരിക്കക്കോ സഹിക്കാനാകില്ല. കാരണം ഫലസ്തീൻ രാഷ്ട്ര സംസ്ഥാപനത്തിന്റെ അടിത്തറയാണത്. ഫലസ്തീൻ രാഷ്ട്ര സ്വപ്നങ്ങളെ എന്നേക്കും കുഴിച്ചു മൂടിയത് 1967ലെ ആറ് ദിന യുദ്ധമായിരുന്നുവല്ലോ. 1956ലെ യുദ്ധത്തിൽ ഗാസാ മുനമ്പും സിനായും ഇസ്‌റാഈൽ പിടിച്ചടക്കിയിരുന്നു. രക്ഷാ സമിതി പ്രമേയം 242ന്റെയും 338 ന്റെയും ബലത്തിൽ യു എൻ സേനയെ വിന്യസിച്ചതോടെ 1957ൽ സിനായിക്ക് മേലുള്ള അധികാരം ഇസ്‌റാഈൽ ഉപേക്ഷിച്ചു. 1960കളിൽ അറബ് ദേശീയത അതിന്റെ ഏറ്റവും വിപ്ലവകരമായ നിലയിലേക്ക് വളർന്നു.

ഫലസ്തീൻ വിമോചനത്തിനായി സംസാരിച്ച ഈജിപ്ഷ്യൻ നേതാവ് അബ്ദുൽ നാസറിന് വലിയ പിന്തുണ ലഭിച്ച ഘട്ടമായിരുന്നു അത്. സോവിയറ്റ് യൂനിയന്റെ സഹായം തനിക്കുണ്ടാകുമെന്ന് നാസർ ഉറച്ച് വിശ്വസിച്ചു. ഇസ്‌റാഈൽ ആകട്ടേ നേരിട്ടുള്ള ആക്രമണത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയുമായിരുന്നു. 1967 മെയിൽ നാസർ ശക്തമായ ചില ഉത്തരവുകൾ ഇറക്കി. സിനായിയിൽ നിന്ന് യു എൻ സേന പിൻവാങ്ങണമെന്നായിരുന്നു ഒരു ഉത്തരവ്. ഇസ്‌റാഈൽ കപ്പലുകളെ അദ്ദേഹം തടയുകയും ചെയ്തു. ഇതോടെ ജൂണിൽ ജൂതരാഷ്ട്രം ബോംബാക്രമണം തുടങ്ങി. നാസറിന്റെയും ജോർദാന്റെയും സൈന്യം ഛിന്നഭിന്നമായി. വെറും 132 മണിക്കൂറിനുള്ളിൽ സിറിയയിൽ നിന്ന് ജൂലാൻ കുന്നുകളും ജോർദാനിൽ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഈജിപ്തിൽ നിന്ന് ഗാസയും സിനായിയും ജൂതരാഷ്ട്രം പിടിച്ചടക്കി. പിന്നീട് ഓസ്‌ലോ കരാറിന്റെ ഭാഗമായി ഗാസ തിരിച്ചു നൽകി.

നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കൻ ജറുസലമടക്കമുള്ള പ്രദേശങ്ങളിൽ അന്ന് ഇസ്‌റാഈൽ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി തള്ളിപ്പറയുകയാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ചുള്ള ഏത് ന്യായമായ ചർച്ചയും 1967ൽ നിന്നേ തുടങ്ങൂ. അത്‌കൊണ്ട്, 1967 മുമ്പുള്ള അതിർത്തിയെന്ന് ആര് ഉച്ചരിച്ചാലും ഇസ്‌റാഈൽ ഭരണാധികാരികൾക്ക് സഹിക്കില്ല. നെതന്യാഹുവിന് അലോസരം സമ്മാനിച്ചുവെന്നതിനപ്പുറം ക്രിമിനൽ കോടതി ഇസ്‌റാഈലിനെ ശിക്ഷിച്ചുകളയുമെന്ന വ്യാമോഹമൊന്നും ഫലസ്തീനോ അവരെ പിന്തുണക്കുന്നവർക്കോ ഇല്ല. ഫാത്തി സൗദ വിരമിക്കാനിരിക്കുകയാണ്. ഇനി വരുന്ന പ്രോസിക്യൂട്ടർ ഇത് മുന്നോട്ട് കൊണ്ടുപോകുമോയെന്നും അറിയില്ല. പക്ഷേ, ചർച്ച ഉയർന്നു വന്നിരിക്കുന്നു. അത്രയും നല്ലത്. ഇങ്ങനെയുള്ള കൊച്ചു കൊച്ചു വിജയങ്ങളല്ലേ ഫലസ്തീനികൾക്ക് പ്രതീക്ഷിക്കാനാകൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്