Connect with us

National

ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ പൊടുന്നനേ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തില്‍, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങള്‍ തുടര്‍ച്ചയായി കയ്യടക്കരുതെന്ന് കോടതി പഞ്ഞു.

പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി റദ്ദ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി 12 ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എസ് കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹരജി തള്ളിയത്.

സമരങ്ങള്‍ക്കു വേണ്ടി പൊതുസ്ഥസലങ്ങള്‍ കയ്യടക്കരുതെന്നും പൊതുജന പ്രതിഷേധം നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ മാത്രമേ നടത്താവൂ എന്നും കോടതി വ്യക്തമാക്കി. 2020 ഒക്ടോബറിലാണ് ഷഹീന്‍ബാഗ് സമരത്തിന് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Latest