ഏഷ്യയില്‍ കൊവിഡ് വ്യാപനം മന്ദഗതിയിലായതിന് പ്രധാന കാരണം ഒരു പ്രോട്ടീന്‍

Posted on: February 10, 2021 6:08 pm | Last updated: February 10, 2021 at 6:10 pm

ഏഷ്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാത്തതിന് പ്രധാന കാരണം ഒരു പ്രോട്ടീന്‍ ആണെന്ന് ഗവേഷകര്‍. കോകേഷ്യന്‍ (വെള്ളക്കാര്‍) ജനസംഖ്യയിലെ ശ്വാസകോശം സംരക്ഷിക്കുന്ന പ്രോട്ടീന്റെ പോരായ്മ ആണ് യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കൊവിഡ് വ്യാപിക്കാനും അതിരൂക്ഷമാകാനും ഇടയാക്കിയതെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ജനിതകമാറ്റം വന്ന കൊറോണവൈറസ് വകഭേദമായ ഡി614ജിയുടെ ആഗോള വ്യാപനമാണ് പഠനത്തിന് വിധേയമാക്കിയത്. വടക്കന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പ്രധാനമായും പടര്‍ന്നുപിടിച്ച വകഭേദം ഇതാണ്. കഴിഞ്ഞ ഫെബ്രുവരി- മാര്‍ച്ച് കാലയളവില്‍ കേവലം 10 ആഴ്ച കൊണ്ടാണ് ഈ വകഭേദം കാട്ടുതീ പോലെ പടര്‍ന്നത്.

ജനുവരിയില്‍ ഈ വകഭേദം ബാധിച്ച കൊവിഡ് രോഗികളുടെ എണ്ണം 1.95 ശതമാനമായിരുന്നെങ്കില്‍ പത്താഴ്ച കൊണ്ട് 64.11 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇതേ വകഭേദത്തിന്റെ പകര്‍ച്ച കിഴക്കനേഷ്യയില്‍ 50 ശതമാനം ആകാന്‍ അഞ്ചര മാസമെടുത്തു. യൂറോപ്പില്‍ 2.15ഉം നോര്‍ത്ത് അമേരിക്കയില്‍ 2.83ഉം മാസം കൊണ്ട് പടര്‍ന്നുപിടിച്ച സ്ഥാനത്താണിത്.

യൂറോപ്പ്- നോര്‍ത്ത് അമേരിക്കന്‍ ജനസംഖ്യയില്‍ ആല്‍ഫ ആന്റി ട്രിപ്‌സിന്‍ (എ എ ടി) പ്രോട്ടീന്റെ പോരായ്മയാണ് ഈ അതിവ്യാപനത്തിന്റെ പ്രധാന കാരണം. ‘ഇന്‍ഫെക്ഷന്‍, ജെനറ്റിക്‌സ്, ഇവുലേഷന്‍’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പശ്ചിമ ബംഗാളിലെ കല്യാണിയിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജെനോമിക്‌സിലെ ഗവേഷകരും പഠനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ALSO READ  സംസ്ഥാനത്ത് ഇന്ന് 3,361 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88