Connect with us

Science

പക്ഷിപ്പനിയടക്കമുള്ള രോഗങ്ങളില്‍ നിന്ന് വളര്‍ത്തുപക്ഷികളെ സംരക്ഷിക്കാന്‍ ഡി എന്‍ എ ബേങ്ക്

Published

|

Last Updated

ന്യൂഡല്‍ഹി | പക്ഷിപ്പനി പോലുള്ള രോഗങ്ങളില്‍ നിന്ന് സുരക്ഷ ലഭിക്കുന്ന ഉന്നത ഗുണമേന്മയുള്ള വളര്‍ത്തുപക്ഷി ഇനങ്ങളെ സംരക്ഷിക്കുന്നതിന് ജനിതക ബേങ്ക് സ്ഥാപിക്കാന്‍ സെൻട്രല്‍ ഏവിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കാരി). ജീവിഇനങ്ങളുടെ പുനരുത്പാദനത്തിന് ആവശ്യമായ ജനിതക വസ്തുക്കള്‍ സംഭരിക്കുന്നതാണ് ജനിതക ബേങ്ക് അല്ലെങ്കില്‍ ഡി എന്‍ എ ബേങ്ക്. അണ്ഡം, ബീജം, മറ്റ് കോശങ്ങള്‍, ടിഷ്യൂ തുടങ്ങിയവയാണ് ഡി എന്‍ എ ബേങ്കില്‍ സാധാരണ സംഭരിക്കുക.

നൈട്രജന്‍ ദ്രാവകം പോലുള്ളവയിലാണ് ഇവ സൂക്ഷിച്ചുവെക്കുക. വളര്‍ത്തു പക്ഷികളുടെ ഡി എന്‍ എ ബേങ്ക് സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചതായി യു പിയിലെ ബറേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരി ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു. രാജ്യത്തെ ആദ്യ വളര്‍ത്തുപക്ഷി ഡി എന്‍ എ ബേങ്ക് ആകുമിത്.

കോഴി, ടര്‍ക്കി, കാട എന്നിവയുടെ വികസിക്കാത്ത മുട്ടകളായ ഓവ, ബീജം തുടങ്ങിയവയാണ് സംഭരിക്കുക. ആദ്യ ഘട്ടത്തില്‍ സ്ഥാപനത്തിലുള്ള വളര്‍ത്തുപക്ഷികളുടെ ജനിതക വസ്തുക്കളാണ് ശേഖരിക്കുക. കാരിയുടെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇവ്‌റി) മൂന്ന് വര്‍ഷം മുമ്പ് വന്യമൃഗങ്ങളുടെ ജനിതക ബേങ്ക് വികസിപ്പിച്ചിരുന്നു.

Latest