Connect with us

Kerala

സഭാ തര്‍ക്കം പരിഹരിക്കാന്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | പതിറ്റാണ്ടുകളായി തുടരുന്ന ഓര്‍ത്തോഡോക്‌സ് -യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച ജസ്റ്റിസ് ക ടി തോമസിന്റെ അധ്യക്ഷതയിലുള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ കരട് ബില്ല് തയ്യാറാക്കി.ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ഭൂരിപക്ഷം ആര്‍ക്ക് എന്ന് നോക്കി ഉടമസ്ഥാവകാശം തീരുമാനിക്കാമെന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ.

ഭൂരിപക്ഷം നിശ്ചയിക്കാന്‍ ഇടവകക്കുള്ളില്‍ റഫറണ്ടം നടത്തണം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അതോറിറ്റിയണ് റഫറണ്ടം നടത്തേണ്ടത്. അതോറിറ്റിയില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗങ്ങളിലെ ഓരോ അംഗങ്ങള്‍ ഉണ്ടാകണം. സഭകള്‍ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ല എങ്കില്‍ സര്‍ക്കാറിന് നേരിട്ട് നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും ബാധകം ആയിരിക്കും.

ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ പള്ളിയില്‍ ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് വ്യക്തമാക്കി സഭാ വിശ്വാസികള്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കാം. പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം റഫറണ്ടത്തിനായി അതോറിറ്റിക്ക് കൈമാറണം. റഫറണ്ടം കഴിയുന്നത് വരെ ഒരു പള്ളികളില്‍ നിന്നും ആരെയും ഒഴിപ്പിക്കരുതെന്നും ബില്‍ പറയുന്നു.

2017 ല്‍ സുപ്രീം കോടതി പുറപ്പടിവിച്ച വിധി പ്രകാരം 1934 ലെ സഭാ ഭരണഘടന പ്രകാരമാണ് പള്ളികളില്‍ ഭരണം നടക്കേണ്ടത് . എന്നാല്‍ സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത രേഖ ആയതിനാല്‍, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് കരട് ബില്ല് ചൂണ്ടിക്കാട്ടുന്നു. വിശ്വാസികള്‍ നല്‍കുന്ന പണവും സംഭാവനകളും കൊണ്ടാണ് പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയതെന്നും ബില്ലില്‍ പറഞ്ഞു.
കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് ഇരു വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ലക്ഷ്യം കണ്ടാല്‍ ഏറെ രക്തച്ചൊരിച്ചിലുണ്ടായ വലിയ ഒരു പ്രശ്‌നത്തിനാകും പരിഹരം ഉണ്ടാകുക. സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമായി ഇത് മാറുകയും ചെയ്യും.

Latest