സി പി എം, സി പി ഐ നേതൃയോഗങ്ങള്‍ ഇന്ന്

Posted on: February 10, 2021 9:56 am | Last updated: February 10, 2021 at 9:56 am

തിരുവനന്തപുരം | തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സി പി എമ്മിന്റേയും സി പി ഐയുടേയും നേതൃയോഗങ്ങള്‍ ഇന്ന് നടക്കും. മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ച സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയാണ് ഇന്നത്തെ സി പി എം സെക്രട്ടേറിയറ്റില്‍ നടക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുക, മുന്ന് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ ആരൊക്കെ വീണ്ടും തുടരണം എന്നത് സംബന്ധിച്ചെല്ലാം ചര്‍ച്ചകള്‍ നടക്കും.

ശബരിമല അടക്കമുള്ള വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രചാരണ അജന്‍ഡ സെറ്റ് ചെയ്യാനുള്ള യു ഡി എഫ് നീക്കത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ആവിഷ്‌ക്കരിക്കും. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രാചരണ ജാഥകളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചയാകും. നേതാക്കളില്‍ ആരൊക്കെ മത്സര രംഗത്തുണ്ടാകണമെന്നത് സംബന്ധിച്ച് ഒരു തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.അതേ സമയം രണ്ട് തവണ മത്സരിച്ചവരെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് സി പി ഐ. എന്നാല്‍ ചില ആളുകള്‍ക്ക് ഇതില്‍ ഇളവ് നല്‍കിയേക്കും. ഇത് ആരൊക്കെ എന്നത് സംബന്ധിച്ച് ഇന്ന് വ്യക്തമാകും. ഘടക കക്ഷികളുമായി വച്ച് മാറേണ്ട സീറ്റുകള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടക്കും.