പവാറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം കാപ്പന്‍ നിലപാട് പ്രഖ്യാപിച്ചേക്കും

Posted on: February 10, 2021 8:10 am | Last updated: February 10, 2021 at 3:11 pm

തിരുവനന്തപുരം | എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റില്‍ പ്രതീക്ഷ വേണ്ടെന്ന് എന്‍ സി പിയെ എല്‍ ഡി എഫ് അറിയിച്ചതായി റിപ്പോര്‍ട്ട്. പാലയോയ പകരം മറ്റൊരു സീറ്റോ നല്‍കില്ലെന്നാണ് എല്‍ ഡി എഫ് തീരുമാനം. മൂന്ന് സീറ്റ് എന്‍ സി പിക്ക് നല്‍കും. കാപ്പന് വേണമെങ്കില്‍ കുട്ടനാട് മത്സരിക്കാമെന്നും എന്‍ സി പിക്ക് രാജ്യസഭ സീറ്റ് നല്‍കില്ലെന്നും സി പി എം നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ സി പി എം നേതൃത്വുമായി ചര്‍ച്ചക്കായി കേരളത്തിലേക്ക് വരാനിരിക്കുന്ന എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ യാത്ര റദ്ദാക്കി.

മുന്നണി നേതൃത്വത്തില്‍ നിന്നും വ്യക്തമായ ഒരു നിലപാട് ലഭിച്ചതോടെ ഇന്ന് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാണി സി കാപ്പന്‍ ഒരു നിലപാട് അറിയിച്ചേക്കും. യു ഡി എഫിലേക്ക് പോകാന്‍ തന്നെയാണ് കാപ്പന്റെ നീക്കം. എന്നാല്‍ കാപ്പന്‍ മാറിയാല്‍ പാര്‍ട്ടി പൂര്‍ണമായും അദ്ദേഹത്തിനൊപ്പമുണ്ടാകില്ലെന്ന് വ്യക്തമാണ്. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതിനൊപ്പം നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്.