ചരിത്രം പിറന്നു; യു എ ഇയുടെ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍

Posted on: February 9, 2021 10:58 pm | Last updated: February 10, 2021 at 4:19 pm

ദുബൈ | ലോക ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഏഴു മാസത്തെ സഞ്ചാരത്തിനൊടുവിലാണ് ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. അമേരിക്ക, ഇന്ത്യ, മുന്‍ സോവിയറ്റ് യൂണിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ദൗത്യം വിജയിച്ചതായി അറിയിച്ചും സന്തോഷം പങ്കുവെച്ചും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ട്വീറ്റ് ചെയ്തു. ജൂലൈ 20ന് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് യുഎഇയുടെ ചൊവ്വാ പര്യവേഷണ പേടകം വിക്ഷേപിച്ചത്.