ലുലു ഗ്രൂപ്പിന്റെ 200ാം ഹൈപ്പർമാർക്കറ്റ് ഈജിപ്തിൽ ആരംഭിച്ചു

Posted on: February 9, 2021 7:57 pm | Last updated: February 9, 2021 at 7:57 pm

അബുദാബി | ലുലു ഗ്രൂപ്പിന്റെ 200ാം ഹൈപ്പർമാർക്കറ്റ് ഈജിപ്തിലെ കെയ്‌റോ പാർക്ക് മാളിൽ പ്രവർത്തനമാരംഭിച്ചു. ഈജിപ്ത് വിതരണ, ആഭ്യന്തര വ്യവസായ വകുപ്പ് മന്ത്രി അലി എൽമോസില്ലി ശാഖയുടെ ഉദ്‌ഘാടനം നടത്തി. ആഭ്യന്തര വ്യവസായ ഉപമന്ത്രി ഡോ:ഇബ്രാഹിം അഷ്‌മാവിയും ലുലുവിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇത് ഏറെ അഭിമാനം പകരുന്ന നിമിഷമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ആദ്യ ഗൾഫ് യുദ്ധത്തിന്റെ സമയം തൊട്ട് ഇന്നോളം ലുലുവിന്റെ യാത്രയിൽ കൂടെയുണ്ടായ സഹപ്രവർത്തകരാണ് പ്രവർത്തനങ്ങളുടെ കരുത്ത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്തും എല്ലാ പിന്തുണയും നൽകിയ ഭരണാധികാരികളോടും നന്ദിയറിയിക്കുന്നു. വിപണിയിലെ യാത്ര സംഭവബഹുലവും സംതൃപ്തവുമായിരുന്നു. പുതിയ ശാഖകൾ ആരംഭിക്കുന്നതിന് കാലതാമസം നേരിടാറുണ്ടെങ്കിലും പദ്ധതികൾ ഉപേക്ഷിക്കാറില്ല. 2021 അവസാനമാവുമ്പോഴേക്കും സ്റ്റോറുകളുടെ എണ്ണം 225 ആക്കി ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

57000 ജീവനക്കാരാണ് നിലവിൽ ലുലു ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ അബുദാബിയിലെ ഒരു ചെറിയ സൂപ്പർമാർക്കറ്റായാണ് ലുലു പ്രവർത്തനമാരംഭിക്കുന്നത്. 2000 കാലഘട്ടത്തിലാണ് സമഗ്ര മാറ്റവുമായി ഈ രംഗത്ത് ലുലുവിന്റെ യാത്ര സജീവമാകുന്നത്. ജി സി സി, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലെല്ലാമായി ലുലു യാത്ര തുടരുന്നു. പ്രതിദിനം 16 ലക്ഷത്തോളം ഉപഭോക്താക്കളാണ് ലുലുവിലെത്തുന്നത്. യു എസ്, യു കെ, ചൈന തുടങ്ങി പത്തോളം രാജ്യങ്ങളിൽ ഓൺലൈൻ സേവനവും ലഭ്യമാക്കുന്നുണ്ട്.

ALSO READ  വാനോളം ഉയരെ ലുലു; ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി ലുലുവും മലയാളവും